കഴിഞ്ഞ ദിവസം ജമ്മുകശ്മീരിലെ കുപ്വാര ജില്ലയിലെ ഹന്ദ്വാര പട്ടണത്തില്‍ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ അഞ്ച് സൈനികര്‍ വീരമൃത്യു വരിച്ചിരുന്നു. ശനിയാഴ്ച രാത്രി ആരംഭിച്ച ഏറ്റുമുട്ടല്‍ 20 മണിക്കൂറാണ് നീണ്ടത്. രണ്ട് തവണ ധീരതയ്ക്കുള്ള മെഡല്‍ നേടിയുള്ള കേണല്‍ അശുതോഷ് ശര്‍മ്മയും ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടിരുന്നു. മേജര്‍ അനുജ് സൂദ്, നായിക് രാജേഷ്, ലാന്‍സ് നായിക് ദിനേശ് എന്നിവരാണ് കേണല്‍ അശുതോഷിനൊപ്പം ഹന്‍ഡ്വാര ഓപ്പറേഷനില്‍ വീരമൃത്യുവരിച്ച മറ്റ് സൈനികര്‍. ഹന്ദ്വാരയിലെ വീട്ടിൽ നിന്ന് തീവ്രവാദികളെ തുരത്താനുള്ള ഓപ്പറേഷനിടയിലാണ് ഇവർ കൊല്ലപ്പെട്ടത്.
കമാന്‍ഡിംഗ് ഓഫീസര്‍ എന്ന നിലയിലാണ് രണ്ട് തവണ ധീരതയ്ക്കുള്ള സൈനിക മെഡൽ അശുതോഷ് ശർമ്മയെ തേടിയെത്തിയത്. വസ്ത്രത്തിനുള്ളില്‍ ഗ്രനേഡ് ഒളിപ്പിച്ചു കൊണ്ട് സൈനികര്‍ക്കുനേരെ പാഞ്ഞടുത്ത തീവ്രവാദിയെ വെടിവെച്ചിട്ടതിനാണ് അശുതോഷ് ശർമ്മയ്ക്ക് ധീരതയ്ക്കുള്ള ബഹുമതി ലഭിച്ചത്. അന്ന് നിരവധി പേരുടെ ജീവനാണ് അദ്ദേഹം രക്ഷിച്ചത്. ഇത്തവണ സ്വന്തം ജീവൻ തന്നെ പണയം വെച്ച് അദ്ദേഹം മറ്റുള്ളവരെ രക്ഷിക്കുകയായിരുന്നു. തീവ്രവാദികളുമായുള്ള വെടിവെയ്പ്പിനെ അതിജീവിച്ച് ബന്ദികളെ മോചിപ്പിക്കാനായി ഇവർ വീടിനുള്ളിലേക്ക് കയറുകയായിരുന്നു. ബന്ദികളെ മോചിപ്പിച്ച ശേഷം സൈനികരുമായുള്ള റേഡിയോ ബന്ധം നഷ്ടപ്പെട്ടു. സൈന്യത്തിൽ നിന്നും കേണലിന്റെ മൊബൈൽ ഫോണിലേക്കുള്ള വിളിക്ക് ഒരു തീവ്രവാദി മറുപടിയും നൽകിയിരുന്നു. തുടർച്ചയായ മഴയും ഇരുട്ടും കാരണം സ്‌പെഷ്യൽ ഫോഴ്‌സിനും പ്രദേശത്തേക്ക് അടുക്കാൻ കഴിഞ്ഞിരുന്നില്ല. പിന്നീട് രണ്ടു തീവ്രവാദികളെയും സ്പെഷ്യൽ ഫോഴ്‌സ് വധിച്ചു. ഇതിന് ശേഷം വീടിനുള്ളിലേക്ക് കടന്ന അവർക്ക് തങ്ങളുടെ സഹപ്രവർത്തകരുടെ മൃതദേഹങ്ങളാണ് കണ്ടെത്താൻ കഴിഞ്ഞത്. സ്വന്തം കുടുംബം മറന്ന് രാജ്യത്തെയും ജനങ്ങളെയും സംരക്ഷിക്കാൻ സ്വജീവൻ ത്യജിക്കാൻ ഈ സൈനികർ സന്നദ്ധരാകുകയായിരുന്നു. ആ വീട്ടിൽ ബന്ദികളാക്കപ്പെട്ട സാധാരണക്കാരെ മോചിപ്പിക്കാനായി അവർ അവരുടെ ജീവനും സ്വന്തം കുടുംബത്തെയും തന്നെ മറന്ന് പ്രവർത്തിച്ചത് ഓരോ ഭാരതീയനും ഓർക്കേണ്ട കാര്യം തന്നെയാണ്.
Post Your Comments