ലണ്ടൻ: കോവിഡിനെ പോരാടി തോൽപ്പിച്ച ബ്രിട്ടീഷ് പ്രധാന മന്ത്രി ബോറിസ് ജോൺസൺ തന്റെ ആശുപത്രി വാസത്തിന്റെ അനുഭവങ്ങൾ പങ്കുവെയ്ക്കുകയാണ്. ‘‘മരണം മുന്നിൽക്കണ്ട ദിനങ്ങൾ. ശ്വാസം നേരെവീഴാൻ ഓക്സിജൻ വൻതോതിൽ ഉപയോഗിക്കേണ്ടിവന്ന മണിക്കൂറുകൾ. കാര്യങ്ങൾ കൈവിട്ടുപോകുന്നുവെന്ന് തോന്നിയ ഡോക്ടർമാർ ഇതിനിടെ മരണറിപ്പോർട്ടുതന്നെ തയ്യാറാക്കി വെച്ചു.’’ -ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസന്റേതാണ് വെളിപ്പെടുത്തൽ.
കോവിഡ്-19 ബാധിച്ച് ലണ്ടനിലെ സെയ്‌ന്റ് തോമസ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന ജോൺസൺ രോഗമുക്തനായി പുറത്തെത്തിയശേഷം ‘ദ സൺ’ പത്രത്തിന് നൽകിയ അഭിമുഖത്തിലാണ് ആ ദിനങ്ങൾ ഓർത്തെടുത്തത്.
‘‘തീവ്രപരിചരണ വിഭാഗത്തിലായിരുന്നപ്പോൾ തൻറെ മരണം പ്രഖ്യാപിക്കാൻ ഡോക്ടർമാർ തയ്യാറെടുത്തിരുന്നു. ‘സ്റ്റാലിൻറെ മരണം’ എന്നതിന് സമാനമായ സഹചര്യം നേരിടാൻ ഡോക്ടർമാരും സർക്കാരും തയ്യാറെടുക്കുകയായിരുന്നു. കഠിനമായ കാലമായിരുന്നു. അത് ഞാൻ നിഷേധിക്കുന്നില്ല. മരിക്കുമെന്ന് ഒരിക്കൽപ്പോലും ഞാൻ ചിന്തിച്ചിരുന്നില്ല. എങ്ങനെ ഇതിൽ നിന്ന് പുറത്തുകടക്കാമെന്ന് മാത്രമാണ് ആലോചിച്ചത്’’ – ജോൺസൺ പറയുന്നു.
മാർച്ച് 27-നാണ് ജോൺസണ് രോഗം സ്ഥിരീകരിച്ചത്. തനിക്ക് ലഭിച്ച പരിചരണം അസാധാരണമാണെന്നും ജോൺസൺ പറഞ്ഞു. പരിചരിച്ച ഡോക്ടർമാർക്കും നഴ്‍സുമാർക്കും ആരോഗ്യപ്രവർത്തകർക്കും വീണ്ടും വീണ്ടും നന്ദി പറഞ്ഞു. പ്രധാനമന്ത്രിയെ ചികിത്സിച്ച് ഭേദമാക്കാൻ കഴിഞ്ഞതിൽ ആശുപത്രി അധികൃതർ സന്തോഷം പ്രകടിപ്പിച്ചിരുന്നു. എന്നാൽ, അദ്ദേഹത്തിൻറെ രോഗാവസ്ഥ സംബന്ധിച്ച വിവരങ്ങൾ ആശുപത്രി പുറത്തുവിട്ടിരുന്നില്ല.
ചികിത്സിച്ച ഡോക്ടർമാരോടുള്ള ആദരസൂചകമായി ബുധനാഴ്ച പിറന്ന തന്റെ ആൺകുഞ്ഞിന് ഡോക്ടർമാരുടെ പേരാണ് അദ്ദേഹം നൽകിയത്. വിൽഫ്രഡ് നികോളാസ് ജോൺസൺ എന്നാണ് ജോൺസന്റെയും പങ്കാളി കാരി സൈമണ്ട്സിന്റെയും കുഞ്ഞിന്റെ പേര്.
Post Your Comments