Latest NewsKeralaNews

ലോക്ക്ഡൗൺ നീട്ടിയ സാഹചര്യത്തിൽ സംസ്ഥാന സവിശേഷതകൾ ഉൾക്കൊണ്ട് നിയന്ത്രണങ്ങൾ നടപ്പാക്കും: മുഖ്യമന്ത്രി

തിരുവനന്തപുരം : രാജ്യത്ത് ലോക്ക്ഡൗൺ രണ്ടാഴ്ച കൂടി നീട്ടിയ സാഹചര്യത്തിൽ പൊതുവായ കേന്ദ്ര മാർഗനിർദ്ദേശങ്ങളുടെ ചട്ടക്കൂടിനകത്തുനിന്നുകൊണ്ട് സംസ്ഥാനത്തിന്റെ സവിശേഷതകൾ ഉൾക്കൊണ്ടുകൊണ്ടുള്ള നിയന്ത്രണങ്ങൾ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ലോക്ക്ഡൗൺ നീട്ടിയപ്പോൾ കൂടുതലായി ചില ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. അതിനുള്ള മാർഗനിർദ്ദേശങ്ങൾ ഉടൻ പുറപ്പെടുവിക്കും. കണ്ണൂർ, കോട്ടയം ജില്ലകളെയാണ് കേന്ദ്ര സർക്കാർ റെഡ് സോണിൽ ഉൾപ്പെടുത്തിയത്. അത് അങ്ങനെതന്നെ തുടരും. 21 ദിവസമായി കോവിഡ് പോസിറ്റീവ് കേസുകൾ ഇല്ലാത്ത ജില്ലകളെ ഗ്രീൻ സോണായി കേന്ദ്ര മാനദണ്ഡങ്ങളിൽ പറഞ്ഞിട്ടുള്ളത്. കേന്ദ്രം കഴിഞ്ഞദിവസം ഇറക്കിയ പട്ടിക അനുസരിച്ച് എറണാകുളം, വയനാട് ജില്ലകൾ ഗ്രീൻ സോണിലായിരുന്നു. എന്നാൽ, പുതുതായി ഒരു പോസിറ്റീവ് കേസ് വന്നതിനാൽ വയനാടിനെ ഓറഞ്ച് സോണിലേക്ക് മാറ്റുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

അതോടൊപ്പം 21 ദിവസത്തിലധികമായി പുതിയ കോവിഡ് കേസുകൾ ഇല്ലാത്ത ആലപ്പുഴ, തൃശൂർ ജില്ലകളെ കൂടി ഗ്രീൻ സോണിൽ പെടുത്തി. കേന്ദ്ര മാനണ്ഡപ്രകാരം തന്നെയാണ് ഈ വ്യത്യാസം വരുത്തിയത്. നിലവിൽ കോവിഡ് പോസിറ്റീവ് രോഗികൾ ചികിത്സയിലില്ലാത്ത ജില്ലകളെയാണ് കേന്ദ്ര സർക്കാർ ഗ്രീൻ സോണായി കണക്കാക്കിയിട്ടുള്ളത്.
ഈ രണ്ട് വിഭാഗത്തിലും പെടാത്ത ജില്ലകളെയാണ് കേന്ദ്ര സർക്കാരിന്റെ ഉത്തരവ് പ്രകാരം ഓറഞ്ച് സോണിൽ പെടുത്തിയിട്ടുള്ളത്. ഇത് പ്രകാരം സംസ്ഥാനത്തെ കാസർകോട്, ഇടുക്കി, കോഴിക്കോട്, കൊല്ലം, പാലക്കാട്, പത്തനംതിട്ട, മലപ്പുറം, തിരുവനന്തപുരം, വയനാട് ജില്ലകൾ ഓറഞ്ച് സോണിൽപെടും. സമയാസമയം ഓരോ ജില്ലയിലെയും സ്ഥിതി വിലയിരുത്തി സോണുകളുടെ തരംതിരിക്കലിൽ മാറ്റം വരുത്തും.

Also read : ലോക്ക് ഡൗൺ: മത്സ്യബന്ധന മേഖലയില്‍ ഇളവുകള്‍ പ്രഖ്യാപിച്ച് സർക്കാർ

രോഗചികിത്സയ്ക്കും പ്രതിരോധത്തിനും പ്രാധാന്യം കൊടുത്തുള്ള സമീപനമാണ് ആദ്യഘട്ടത്തിൽ നാം സ്വീകരിച്ചത്. അതുകൊണ്ടുതന്നെ ജനങ്ങളുടെ സ്വാഭാവികമായ ജീവിതത്തിന് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. അതിന് നല്ല ഫലമുണ്ടായി. എന്നാൽ, അപകടനില തരണം ചെയ്തെന്നോ സമൂഹവ്യാപന ഭീഷണി ഒഴിഞ്ഞുപോയെന്നോ ഉറപ്പിക്കാനാവില്ല. ഈ സാഹചര്യത്തിൽ നല്ല ജാഗ്രത നാം തുടരണം.
പ്രതിരോധ പ്രവർത്തനങ്ങളിൽ ഊന്നുമ്പോൾ നമ്മുടെ സാമ്പത്തികമായ ചലനങ്ങളെ നിയന്ത്രിക്കേണ്ടിവന്നിട്ടുണ്ട്. സ്വാഭാവികമായ ജനജീവിതത്തെ എത്രത്തോളം അനുവദിക്കാനാവും എന്നാണ് സർക്കാർ പരിശോധിക്കുന്നത്.
സംസ്ഥാനത്തിനു പുറത്ത് വലിയ പ്രവാസി സമൂഹം കഴിയുന്നുണ്ട്. അവരുടെ നാടു കൂടിയാണ് ഇത് എന്ന് കണക്കിലെടുത്തുകൊണ്ട് അവരെ ഇവിടേക്ക് കൊണ്ടുവരുന്നതിനുള്ള സംവിധാനങ്ങളും പടിപടിയായി ഏർപ്പെടുത്തും. അത് ഏറ്റെടുക്കുമ്പോൾ തന്നെ രോഗവ്യാപനത്തിന് ഇടയാവാത്ത തരത്തിലുള്ള ജാഗ്രതയും നമുക്ക് വേണമെന്ന് മുഖ്യമന്ത്രി ഓർമിപ്പിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button