ന്യൂഡല്‍ഹി: കോവിഡ് പശ്ചാത്തലത്തില്‍ യോദ്ധാക്കളുടെ രാവും പകലുമുള്ള പ്രവര്‍ത്തനങ്ങള്‍ വൈറസ് വ്യാപനത്തെ ശക്തമായി ചെറുത്തുവെന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദി. പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടുള്ള കൊറോണ യോദ്ധാക്കള്‍ക്ക് ആദരമറിയിക്കാനുള്ള സേനാ വിഭാഗങ്ങളുടെ തീരുമാനത്തെ പ്രധാനമന്ത്രി പ്രകീർത്തിച്ചു.
നമ്മുടെ സൈന്യം രാജ്യത്തെ എല്ലായ്‌പ്പോഴും സുരക്ഷിതമായി വെക്കുന്നവരാണ്. കോവിഡ് യോദ്ധാക്കള്‍ക്ക് ആദരമറിയിക്കാനുള്ള മുഖ്യ സേനാ മേധാവിയുടെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി പ്രധാനമന്ത്രി പറഞ്ഞു. മെയ് മൂന്നിന് മൂന്ന് സേന വിഭാഗങ്ങളും കൊറോണ യോദ്ധാക്കള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് വിവിധ പരിപാടികള്‍ നടത്തുമെന്ന് കഴിഞ്ഞ ദിവസം വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യ സേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത് അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സേനാവിഭാഗങ്ങളുടെ തീരുമാനത്തെ പുകഴ്ത്തി പ്രധാനമന്ത്രി രംഗത്ത് എത്തിയത്.
കോവിഡ് പശ്ചാത്തലത്തില്‍ യോദ്ധാക്കളുടെ പ്രവര്‍ത്തനങ്ങള്‍ അതിശയകരമാണ്. ഇവരെയും ഇവരുടെ കുടുംബാംഗങ്ങളെയും രാജ്യം അഭിനന്ദിക്കുന്നു എന്നും പ്രധാനമന്ത്രി പറഞ്ഞു. രാജ്യം കൊറോണ മുക്തമാക്കാന്‍ അഘോരാത്രം പ്രയത്‌നിക്കുന്ന കൊറോണ യോദ്ധാക്കള്‍ക്കായി ഇപ്പോള്‍ വ്യത്യസ്തമായ രീതിയില്‍ നന്ദി പ്രകടിപ്പിക്കാന്‍ ഒരുങ്ങുകയാണ് സേനാ വിഭാഗങ്ങള്‍ എന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
Post Your Comments