വാഷിങ്ടണ്‍: ലോകത്ത് ഏറ്റവും കൂടുതല്‍ ജനങ്ങളുള്ള രണ്ടാമത്തെ രാജ്യമായ ഇന്ത്യയിലെ കൊറോണ മരണം ഇതുവരെ ആയിരത്തില്‍ ഒതുങ്ങുന്നതില്‍ അത്ഭുതപ്പെട്ട് എന്നാല്‍ ലേശം സംശയത്തോടെ ചോദ്യ ചിഹ്നവുമായി അമേരിക്കന്‍ മാധ്യമമായ സിഎന്‍എന്‍. സിഎന്‍എന്‍ ലേഖിക ജൂലിയ ഹോളിങ്‌സ്‌വര്‍ത്താണ് റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നത്. ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാല, ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം എന്നിവിടങ്ങളില്‍ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇന്ത്യയിലെ വൈറസ് ബാധയും മരണങ്ങളും വിശകലനം ചെയ്തിരിക്കുന്നത്.
ഒരു പക്ഷേ രാജ്യത്തിന്റെ ആരോഗ്യസംവിധാനത്തെ മുഴുവന്‍ തകര്‍ത്തേക്കാമായിരുന്ന വൈറസ് ബാധയെ സമയോചിതമായ ഇടപെടലിലൂടെ ഇന്ത്യ പിടിച്ചു നിര്‍ത്തിയെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. രാജ്യത്തെ പ്രതിരോധ സംവിധാനത്തെ ഉയര്‍ത്തിക്കാട്ടുമ്പോഴും ഏഷ്യന്‍ രാജ്യങ്ങളോടുള്ള അമേരിക്കന്‍ മാധ്യമങ്ങളുടെ പതിവ് സമീപനം റിപ്പോര്‍ട്ടിലുടനീളം വ്യക്തമാണ്.രാജ്യവ്യാപകമായി പ്രഖ്യാപിച്ച ലോക്ഡൗണിന്റെ ഫലമാണ് ഇന്ത്യയില്‍ കണുന്നതെന്നാണ് വിദഗ്ധര്‍ പറയുന്നത്.വളരെ നിര്‍ണായക തീരുമാനമാണ് മാര്‍ച്ച് 24ന് പ്രധാനമന്ത്രി നരേന്ദ്ര മോദി എടുത്തതെന്ന് സിഎന്‍എന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.
വളരെ നേരത്തെ തന്നെ ഇന്ത്യ ലോക്ഡൗണിലേക്ക് നീങ്ങി. 519 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചപ്പോള്‍ തന്നെ പ്രധാനമന്ത്രി ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. 9,200ലധികം പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചപ്പോഴാണ് ഇറ്റലി ലോക്ഡൗണ്‍ പ്രഖ്യാപിച്ചത്. ബ്രിട്ടനില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ വൈറസ് ബാധിതരുടെ എണ്ണം 6,700 ആയിരുന്നു. ലോകത്ത് ഏറ്റവും കൂടുതല്‍ പേര്‍ക്ക് വൈറസ് ബാധയേറ്റ അമേരിക്കയില്‍ ഇപ്പോഴും സമ്പൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചിട്ടുമില്ല, റിപ്പോര്‍ട്ട് ഓര്‍മിപ്പിക്കുന്നു. വൈറസ് ബാധിതരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായേക്കാം, പത്ത് ലക്ഷത്തിലധികം പേര്‍ക്ക് വൈറസ് ബാധയേല്‍ക്കാം,
തെരുവുകളില്‍ കാട്ടുതീപോലെ വൈറസ് വ്യാപിച്ചേക്കാം തുടങ്ങിയ മുന്നറിയിപ്പുകളും റിപ്പോര്‍ട്ട് മുന്നോട്ടു വയ്ക്കുന്നു. ഇന്ത്യയില്‍ ഓരോ പത്ത് ലക്ഷം പേരിലും .76 ആണ് മരണം. എന്നാല്‍ അമേരിക്കയില്‍ ഓരോ പത്ത് ലക്ഷം പേരിലും 175 പേരിലധികമാണ് മരിക്കുന്നത്. തുടക്കം മുതല്‍ ഇന്ത്യ സ്വീകരിച്ച പ്രതിരോധ നടപടികള്‍ റിപ്പോര്‍ട്ടില്‍ വിശദമാക്കുന്നു. മാര്‍ച്ച് അഞ്ചിന് അഞ്ച് പേര്‍ക്കായിരുന്നു വൈറസ് ബാധ, പതിനൊന്നോടെ ടൂറിസ്റ്റ് വിസകളെല്ലാം താത്ക്കാലികമായി റദ്ദാക്കി. വൈറസ് ബാധിത പ്രദേശത്ത് നിന്നെത്തുന്നവര്‍ 14 ദിവസത്തെ നിര്‍ബന്ധിത ക്വാറന്റൈനില്‍ കഴിയാനും ആവശ്യപ്പെട്ടു.
13ന് വൈറസ് ബാധിതരുടെ എണ്ണം 73 ആയി. ഒരു മരണവും. 22ന് വിമാനസര്‍വീസുകളെല്ലാം റദ്ദാക്കി. ട്രെയിനുകളും നിര്‍ത്തലാക്കി.ഇന്ത്യയെ സംബന്ധിച്ചിടത്തോളം പത്ത് പേരുടെ പരിശോധനാ ഫലം നെഗറ്റീവാകുമ്പോഴാണ് ഒരാള്‍ക്ക് വൈറസ് ബാധ സ്ഥിരീകരിക്കുന്നതെന്ന് ലോകാരോഗ്യ സംഘടനയിലെ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് റിപ്പോര്‍ട്ടില്‍ പറയുന്നു.
Post Your Comments