ദുബായ് : യുഎഇയിൽ 11 പേർ കൂടി കോവിഡ് ബാധിച്ച് മരിച്ചു. പുതുതായി 549 പേർക്കു കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 101ഉം, രോഗബാധിതരുടെ എണ്ണം 11,932ഉം ആയി ഉയർന്നു. ഇന്നലെ 148 പേർ രോഗമുക്തി നേടിയതോടെ ഇതുവരെ 2329 പേർ രോഗം മാറി ആശുപത്രി വിട്ടു.
ഒരു മലയാളി കൂടി യുഎഇയിൽ കോവിഡ് ബാധിച്ച് മരിച്ചു. ദുബായിൽ , തൃശൂർ വെള്ളറടക്കാവ് മനപ്പടി സ്വദേശി മുതുപ്പറമ്പിൽ അബ്ദുല്ല ഹാജിയുടെ മകൻ മുഹമ്മദ് റഫീഖ് (46)ആണ് മരിച്ചത്. ദുബായ് റാഷിദ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ രാത്രിയാണ് മരണം സംഭവിച്ചത്. മാതാവ്: ഹലീമ. ഭാര്യ: ജസീല.
മൂന്നു മലയാളികള്‍ കൂടി ഗൾഫിൽ കോവിഡ് ബാധിച്ച് മരിച്ചിരുന്നു.അബുദാബിയില്‍ സാമൂഹ്യ പ്രവര്ത്തകന് തൃശൂര്‍ തിരുവന്ത്ര സ്വദേശി പി.കെ. കരീം ഹാജി (62) യും, കുവൈറ്റില്‍ പത്തനംതിട്ട ഇടയാറന്മുള സ്വദേശി രാജേഷ് കുട്ടപ്പന് (52), തൃശൂര്‍ വല്ലപ്പാട് സ്വദേശി അബ്ദുല്ല ഗഫൂര്‍ എന്നിവരുമാണ് മരിച്ചത്. കരീം ഹാജി അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ , കെഎംസിസി തുടങ്ങിയവയുടെ ഭാരവാഹിയായിരുന്നു.
കുവൈറ്റ് ബദര്‍ അല്‍ മുള്ള കമ്പനിയിലെ ജീവനക്കാരനായിരുന്ന രാജേഷ് കോവിഡ് ബാധിച്ച് രാജേഷ് ജാബിര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ഡയാലിസിസിന് വിധേയനായിരുന്നു. പ്രമേഹവും ഉണ്ടായിരുന്നു. ഭാര്യ: ഗീതാ രാജേഷ് മക്കള്‍: അശ്വിന്‍, ജിതിന്‍. രാജേഷിനോടൊപ്പം താമസിച്ചിരുന്ന മറ്റ് നാലുപേരെ ആശുപത്രിയിലേക്ക് മാറ്റി.
കുവൈറ്റ് സിറ്റിയിലെ സഫാത്തില്‍ ടൈലറായി ജോലി ചെയ്ത് വരികയായിരുന്ന അബ്ദുല്‍ ഗഫൂര്‍ അമീരി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ആരോഗ്യ സ്ഥിതി വഷളായതോടെ ജാബിര്‍ ആശുപത്രിയിലേക്ക് മാറ്റിയ ഇദ്ദേഹത്തിന് ന്യൂമോണിയ ബാധിച്ചിരുന്നു. ഭാര്യ : ഷാഹിദ, മക്കളായ മുഹമ്മദ്, അഫ്‌സാദ് എന്നിവര്‍ കുവൈത്തില്‍ തന്നെയാണ് ജോലി ചെയ്യുന്നത്.
Post Your Comments