ന്യൂഡല്‍ഹി: കുടിയേറ്റ തൊഴിലാളികള്‍ക്ക് സ്വന്തം നാടുകളിലേയ്ക്ക് മടങ്ങുന്നതിന് പ്രത്യേക തീവണ്ടികള്‍ അനുവദിച്ചേക്കും. പ്രതിദിനം 400 തീവണ്ടികള്‍ ഓടിക്കാനാണ് റെയില്‍വേ ഒരുങ്ങുന്നത്. ഓറഞ്ച്, ഗ്രീന്‍ സോണുകളില്‍ ഉള്‍പ്പെടുന്ന ജില്ലകളില്‍ മേയ് മൂന്നിനു ശേഷം കൂടുതല്‍ ഇളവുകള്‍ നല്‍കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. നോണ്‍ എസി, സൂപ്പര്‍ ഫാസ്റ്റ് ട്രെയിനുകളില്‍ കുടിയേറ്റ തൊഴിലാളികളെ സ്വന്തം സംസ്ഥാനങ്ങളിലേയ്ക്ക് മടക്കിക്കൊണ്ടുപോകുന്നതിനുള്ള രൂപരേഖ റെയില്‍വെ മന്ത്രാലയം തയ്യാറാക്കിയിരുന്നു.
ആദ്യഘട്ടത്തില്‍ 400 ഓളം പ്രത്യേക തീവണ്ടികളാണ് സജ്ജമാക്കാന്‍ ആലോചിക്കുന്നതെങ്കിലും ഇത് 1000 വരെയാക്കി ഉയര്‍ത്താന്‍ കഴിയുമെന്ന് റെയില്‍വേ മന്ത്രാലയ വക്താവ് വ്യക്തമാക്കി. കുടിയേറ്റ തൊഴിലാളികളെ ബസ് മാര്‍ഗം സ്വന്തം സംസ്ഥാനങ്ങളിലേയ്ക്ക് കൊണ്ടുപോകണമെന്നാണ് കഴിഞ്ഞ ദിവസം കേന്ദ്ര ആഭ്യന്ത്രര മന്ത്രാലയം പുറത്തിറക്കിയ ഉത്തരവില്‍ വ്യക്തമാക്കിയിരുന്നത്. എന്നാല്‍ ഇത് അപ്രായോഗികമാണെന്ന് കേരളം, ബിഹാര്‍, രാജസ്ഥാന്‍ തുടങ്ങി വിവിധ സംസ്ഥാനങ്ങള്‍ വ്യക്തമാക്കിയിരുന്നു.
സാധാരണ രണ്ടായിരത്തിലധികം യാത്രക്കാരെ കൊണ്ടുപോകുന്ന തീവണ്ടികളില്‍ സാമൂഹ്യ അകലം പാലിക്കേണ്ടതിനാല്‍ 1000ല്‍ താഴെ തൊഴിലാളികളെ മാത്രമേ സഞ്ചരിക്കാന്‍ അനുവദിക്കൂ. ഇതിനിടെ, ഡല്‍ഹിയില്‍ കുടുങ്ങിക്കിടക്കുന്ന വിവിധ സംസ്ഥാനങ്ങളിലെ തൊഴിലാളികളെ മടക്കിയയ്ക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചതായി ഡല്‍ഹി പോലീസ് വ്യക്തമാക്കി. മേയ് മൂന്നിനു ശേഷവും ലോക്ക്ഡൗണ്‍ തുടരുമെങ്കിലും നല്‍കേണ്ട ഇളവുകള്‍ വിശദീകരിച്ച് ഉടന്‍ കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം ഇറക്കും.
Post Your Comments