KeralaLatest NewsNews

കാസര്‍ഗോഡ് ജനറല്‍ ആശുപത്രിയിലെ അവസാന രോഗിയും ഡിസ്ചാര്‍ജായി

കാസര്‍ഗോഡ്‌ • കേരളത്തില്‍ ഏറ്റവും കൂടുതല്‍ കോവിഡ്-19 രോഗികളെ ചികിത്സിച്ച് ഭേദമാക്കിയ ആശുപത്രിയായി കാസര്‍ഗോഡ് ജനറല്‍ ആശുപത്രി മാറിയിരിക്കുകയാണ്. ചികിത്സതേടിയെത്തിയ 89 രോഗികളേയും രോഗമുക്തരാക്കിയിരിക്കുകയാണ്. ഇതില്‍ അവസാനത്തെ രോഗി ഇന്ന് (28.04.2020) ഡിസ്ചാര്‍ജായി. ഇതുവരെ 2571 സാമ്പിളുകള്‍ ശേഖരിച്ച് പരിശോധനയ്ക്കായി അയച്ചു. കേരളത്തിന് അഭിമാനകരമായ പ്രവര്‍ത്തനം നടത്തിയ ജനറല്‍ ആശുപത്രി സൂപ്രണ്ട്, ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, മറ്റ് എല്ലാ വിഭാഗം ജീവനക്കാര്‍ എന്നിവെേര ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അഭിനന്ദിച്ചു.

കേരളത്തില്‍ ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത ജില്ലയാണ് കാസര്‍ഗോഡ്. ഇതുവരെ 175 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. കാസര്‍ഗോഡ് ജനറല്‍ ആശുപതി 89, കാഞ്ഞങ്ങാട് ജില്ലാശുപതി 43, കാസര്‍ഗോഡ് ഗവ. മെഡിക്കല്‍ കോളേജ് കോവിഡ് ആശുപത്രി 22, കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളേജ് 19, കോഴിക്കോട് മെഡിക്കല്‍ കോളേജ് 2 എന്നിങ്ങനെയാണ് ചികിത്സയിലുണ്ടായിരുന്നത്. ഇതില്‍ 107 പേര്‍ വിദേശത്ത് വന്നതാണ്. 68 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. നിലവില്‍ 13 കോവിഡ് രോഗികളാണ് കാസര്‍ഗോഡ് ജില്ലയിലുള്ളത്. ഇതില്‍ 8 രോഗികള്‍ കാസര്‍ഗോഡ് മെഡിക്കല്‍ കോളേജിലും 4 രോഗികള്‍ കാഞ്ഞങ്ങാട് ജില്ലാശുപതിയിലും ഒരാള്‍ പരിയാരം മെഡിക്കല്‍ കോളേജിലുമാണുള്ളത്.

ആദ്യഘട്ടത്തില്‍ തന്നെ കാസര്‍ഗോഡ് ജനറലാശുപത്രിയെ കോവിഡ് ആശുപ്രതിയായി ആരോഗ്യ വകുപ്പ് മാറ്റിയിരുന്നു. ടീമിന്റെ ചിട്ടയായ പ്രവര്‍ത്തനമാണ് ഈ വിജയത്തിന് പിന്നില്‍. കോഴിക്കോട് അഡീഷണല്‍ ജില്ല മെഡിക്കല്‍ ഓഫീസര്‍ ഡോ. രാജേന്ദ്രനെ പ്രത്യേകം നിയോഗിച്ചു. സുപ്രണ്ട്, അഡീഷണല്‍ സൂപ്രണ്ട്, ഡെപ്യൂട്ടി സൂപ്രണ്ട്, ആര്‍.എം.ഒ. എന്നിവരടങ്ങുന്ന ശക്തമായ നേതൃനിരയും 6 ഫിസീഷ്യന്മാരുടെ നേതൃത്വത്തിലുള്ള ട്രീറ്റ്‌മെന്റ് ടീമും ഡോക്ടര്‍മാരും സ്റ്റാഫ് നഴ്‌സുമാരും ഉള്‍പ്പെടെ 200 ഓളം പേരടങ്ങുന്ന ടീമിന്റെ ചിട്ടയായ പ്രവര്‍ത്തനമാണ് ഈ വിജയത്തിന് പിന്നില്‍.

shortlink

Post Your Comments


Back to top button