തിരുവനന്തപുരം • കോവിഡ് പടരുന്നത് സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ പുറത്തുവിടുന്നത് ശരിയായ വിവരങ്ങളല്ലെന്ന് സംശയം ബലപ്പെടുന്നതായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. സര്‍ക്കാര്‍ പലതും മറച്ചുവയ്ക്കുന്നുണ്ടെന്ന സംശയം ബലപ്പെടുന്നതായും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
മുപ്പത്തിരണ്ട് ദിവസം കഴിഞ്ഞാണ് ഗള്‍ഫില്‍ നിന്ന് വന്നയാളിന് കൊവിഡ് സ്ഥിരീകരിച്ചത്. തിരുവന്തപുരത്ത് മാര്‍ച്ച് 20ന് വന്നയാളിന്റെ കൊവിഡ് സ്ഥിരികരിച്ചത് 34 ദിവസങ്ങള്‍ക്ക് ശേഷമാണ്. അദ്ദേഹം ഇവിടെ ക്വാറന്റൈനില്‍ കഴിഞ്ഞശേഷമാണ് അദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിക്കുന്നത്. സര്‍ക്കാര്‍ പറയുന്നത് ഗള്‍ഫില്‍നിന്നാണ് അദ്ദേഹത്തിന് കൊവിഡ് ബാധിച്ചത് എന്നാണ്. ഇവിടെ പലസ്ഥലങ്ങളില്‍ യാത്ര ചെയ്ത അദ്ദേഹത്തിന് ഗള്‍ഫില്‍ നിന്നാണ് രോഗം ബാധിച്ചത് എന്ന് എങ്ങനെ സ്ഥിരീകരിക്കാനാവും എന്നും അദ്ദേഹം ചോദിച്ചു. നിരീക്ഷണത്തിലുള്ളയാള്‍ പുറത്തു കറങ്ങി നടന്നപ്പോള്‍ കോവിഡ് പകരാനുള്ള സാധ്യതകളെയെല്ലാം തള്ളിക്കളയുകയോ മനപ്പൂര്‍വ്വം മറച്ചുവയ്ക്കുകയോ ആണെന്ന് സുരേന്ദ്രന്‍ പറഞ്ഞു. ഇത് വളരെയധികം ആശങ്കപ്പെടുത്തുന്ന സ്ഥിതിയാണ്.
ഡോക്ടര്‍മാര്‍ക്കും മറ്റ് ആരോഗ്യപ്രവര്‍ത്തകര്‍ക്കും മതിയായ സുരക്ഷ പിപിഇ കിറ്റുകള്‍ നല്‍കുന്നുണ്ടോ അത് ഇവര്‍ക്ക് ലഭ്യമായിരുന്നോ എന്നും വ്യക്തമാകേണ്ടതുണ്ട്. ആശാവര്‍ക്കര്‍ക്ക് രോഗം ബാധിച്ചത് നിസാരകാര്യമല്ല. മറ്റ് സംസ്ഥാനങ്ങളില്‍ രണ്ടുനേരം മെഡിക്കല്‍ ബുള്ളറ്റിന്‍ പുറത്തിറക്കുമ്പോള്‍ ഇവിടെ വിവരങ്ങള്‍ അറിയാന്‍ വൈകിട്ടത്തെ മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനം വരെ കാത്തിരിക്കേണ്ട അവസ്ഥയാണ്.
കോഴിക്കോട് മരിച്ച പിഞ്ചുകുഞ്ഞിന്റെ കൊവിഡ് സ്ഥിരീകരണം കഴിഞ്ഞ് ഇരുപത്തിനാലുമണിക്കൂര്‍ കഴിഞ്ഞാണ് പുറംലോകം അറിയുന്നത്. മറ്റ് സംസ്ഥനങ്ങളില്‍ ആറുമണിക്കൂറില്‍ പരിശോധനാ ഫലം പുറത്തറിയുമ്പോള്‍ ഇവിടെ 36 മണിക്കൂര്‍ എടുക്കുകയാണ്. നമ്മളെക്കാള്‍ കൊവിഡ് ബാധകുറഞ്ഞ ഹരിയാനയില്‍ 22000 പരിശോധനകള്‍ നടന്നു. നമ്മള്‍ വളരെ മുന്നിലാണ് എന്നുപറയുമ്പോഴും മറ്റ് പല സംസ്ഥാനങ്ങളെ അപേക്ഷിച്ച് പരിശോധനകളുടെ എണ്ണം കുറവാണ്. തീവണ്ടിയില്‍ യാത്ര ചെയ്തതുകൊണ്ടാണ് കോഴിക്കോടുള്ള ഡോക്ടര്‍മാര്‍ക്ക് രോഗബാധയുണ്ടായതെന്നാണ് പറയുന്നത്. എന്നാല്‍ തീവണ്ടിയില്‍ യാത്രചെയ്തവര്‍ എങ്ങോട്ട് പോയി എന്ന് പോലീസിനും വിവരം ഇല്ല. സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന വിവരങ്ങള്‍ വസ്തുതാ വിരുദ്ധമാണ്. വീഴ്ചകള്‍ ചൂണ്ടിക്കാണിക്കുന്നത് രാഷ്ട്രീയമായി കാണരുത്. വീഴ്ചകള്‍ പരിഹരിക്കാന്‍ നടപടികള്‍ വേണം. തെര്‍മല്‍ പരിശോധനനടത്തി ഗള്‍ഫില്‍ നിന്നുവരുന്നവരെ വീടുകളിലേക്ക് വിടും എന്ന് മന്ത്രി കെ.ടി. ജലീല്‍ പറയുന്നത് നിരുത്തരവാദപരമാണ്. ജനങ്ങള്‍ വലിയ ആശങ്കയിലാണ്. ഗൗരവമായി എടുക്കേണ്ടവിഷയങ്ങളെ ലാഘവ ബുദ്ധിയോടെയാണ് സര്‍ക്കാര്‍ കാണുന്നതെന്നും കെ. സുരേന്ദ്രന്‍ പറഞ്ഞു.
Post Your Comments