കൊല്‍ക്കത്ത • പശ്ചിമ ബംഗാളില്‍ ഞായറാഴ്ച മുതിര്‍ന്ന സര്‍ക്കാര്‍ ഡോക്ടറും 34 വയസുകാരനും കൊല്‍ക്കത്തയിലെ ആശുപത്രിയില്‍ വച്ച് മരിച്ചതായി അധികൃതര്‍ അറിയിച്ചു. പശ്ചിമ ബംഗാള്‍ ഹെൽത്ത് സർവീസസില്‍ അസിസ്റ്റന്റ് ഡയറക്ടറായി നിയമിതനായിരുന്ന 60 കാരനായ ഡോക്ടറാണ് മരിച്ചത്. ഡോക്ടറെ തുടക്കത്തിൽ ബെലിയഘട്ട സാംക്രമിക രോഗ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും പിന്നീട് ഏപ്രിൽ 18 ന് സാൾട്ട് ലേക്കിലെ ഒരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.
ശ്വാസകോശ സംബന്ധമായ അസുഖങ്ങളും മറ്റ് രോഗാവസ്ഥകളും നേരിട്ടിരുന്ന ഡോക്ടർ വെന്റിലേറ്ററിലായിരുന്നു. ഞായറാഴ്ച പുലർച്ചെ 1.20 നാണ് അദ്ദേഹം മരിച്ചത്.
ഏപ്രിൽ 23 നാണ് 34 കാരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അദ്ദേഹത്തിന് ശ്വാസതടസം അനുഭവപ്പെടുകയും തുടര്‍ന്ന് വെന്റിലേറ്ററിൽ പ്രവേശിപ്പിക്കുകയും ചെയ്തു. എന്നാല്‍ ഇന്ന് രാവിലെ 7 മണിയോടെ മരിക്കുകയായിരുന്നു. ഇരുവരുടെയും പേര് വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
പശ്ചിമ ബംഗാളിൽ ഇതുവരെ 541 കോവിഡ് -19 കേസുകൾ റിപ്പോർട്ട് ചെയ്തു. ഇവരിൽ 18 പേർ മരിച്ചതായി സംസ്ഥാന ആരോഗ്യ വകുപ്പ് അറിയിച്ചു.
കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് സംസ്ഥാനത്ത് കോവിഡ് 19 ബാധിതരുടെ എണ്ണം 571 ആണ്.
മരണങ്ങള്‍ കോവിഡ് മൂലമാണോ എന്ന് സ്ഥിരീകരിക്കാന്‍ സംസ്ഥാന ആരോഗ്യവകുപ്പ് ഓഡിറ്റ് പാനലിന് രൂപം നല്‍കിയിട്ടുണ്ട്. 57 മരണങ്ങളിൽ 18 എണ്ണം മാത്രമാണ് നേരിട്ട് രോഗം മൂലമുണ്ടായതെന്ന് ഓഡിറ്റ് പാനൽ സാക്ഷ്യപ്പെടുത്തിയതായി ചീഫ് സെക്രട്ടറി രാജിവ സിൻഹ പറഞ്ഞു. ബാക്കി 39 മരണങ്ങൾക്ക് മെഡിക്കൽ ഭാഷയിൽ കോമോർബിഡിറ്റീസ് എന്ന് വിളിക്കുന്ന മറ്റ് ഗുരുതരമായ ആരോഗ്യസ്ഥിതികളാണ് കാരണമെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments