കോഴിക്കോട്: ലോക്ഡൗണ്‍ കാലയളവില്‍ ഓപ്പറേഷന്‍ സാഗര്‍ റാണിയുടെ ഭാഗമായി നടത്തിയ പരിശോധനയില്‍ ജില്ലയില്‍ 8026 കിലോ പഴകിയ മത്സ്യം പിടിച്ചെടുത്ത് നശിപ്പിച്ചതായി ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍ പി.കെ ഏലിയാമ്മ അറിയിച്ചു. ശക്തമായ പരിശോധനകളുടെ ഫലമായി മോശം മത്സ്യം വരുന്നത് കുറഞ്ഞിട്ടുണ്ട്. ജില്ലയിലേക്ക് തമിഴ്‌നാട്, കര്‍ണാടക, ഗോവ, ഒറീസ എന്നിവിടങ്ങളില്‍ നിന്നാണ് മത്സ്യം എത്തിക്കൊണ്ടിരിക്കുന്നത്. നാടന്‍ മത്സ്യത്തിന്റെ ലഭ്യത ഉറപ്പായതോടെ മോശം മത്സ്യത്തിന്റെ വരവ് ഏറെക്കുറെ നിലച്ചിട്ടുണ്ട്. വരുംദിവസങ്ങളിലും കര്‍ശന നടപടികളിലൂടെ ഭക്ഷ്യസുരക്ഷാവകുപ്പ് മുന്നോട്ടുപോകുമെന്ന് അവര്‍ അറിയിച്ചു.
ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട് ജില്ലയില്‍ വിവിധയിടങ്ങളിലായി നടത്തിയ 493 പരിശോധനകളില്‍ ശാസ്ത്രീയമായ ലാബ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടികള്‍ എടുത്തിട്ടുള്ളത്. പരിശോധനയ്ക്ക് മൊബൈല്‍ ലാബിലെ സേവനവും ഉപയോഗപ്പെടുത്തുന്നുണ്ട്. 12 സ്റ്റാറ്റിയൂട്ടറി സാമ്പിളുകളും 44 ഇന്‍ഫോര്‍മല്‍ സാമ്പിളുകളുമാണ് കോഴിക്കോട് റീജിയണല്‍ അനലിറ്റിക്കല്‍ ലബോറട്ടറി പരിശോധനയ്ക്ക് അയച്ചിട്ടുള്ളത്. കച്ചവടക്കാര്‍ക്ക് 81 നോട്ടീസുകള്‍ നല്‍കി. ജില്ലയില്‍ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ രണ്ട് സ്‌ക്വാഡുകളും ജില്ലാ ഭരണകൂടവുമായി ചേര്‍ന്നുള്ള ഒരു സംയുക്ത സ്‌ക്വാഡുമാണ് പ്രവര്‍ത്തിക്കുന്നത്.
Post Your Comments