തൃശൂർ: കോവിഡ് പ്രതിരോധ പ്രവർത്തനത്തിലേർപ്പെട്ട വനിത പൊലീസിന്റെ ജീവിതം പ്രമേയമാക്കി ഹ്രസ്വചിത്രമൊരുക്കി പൊലീസ്. തൃശൂർ റേഞ്ച് പൊലീസ് ആണ് ഹ്രസ്വ ചിത്രം ഒരുക്കിയിരിക്കുന്നത്. എട്ട് മാസം പ്രായമുള്ള ഒരു കുഞ്ഞിന്റെ അമ്മയും വനിതാ പൊലീസുമായ ഒരാളുടെ ലോക്ക് ഡൗണ് കാലജീവിതമാണ് ഹ്രസ്വചിത്രത്തിൽ പറഞ്ഞു വെക്കുന്നത്.
ഒരമ്മയുടെ സങ്കടം ഉള്ളിലൊതുക്കി ജോലിക്കെത്തുമ്പോഴും അവരനുഭവിക്കുന്ന ആത്മസംഘർഷങ്ങളാണ് നൂപുരത്തിന്റെ പ്രമേയം. ഈ കൊവിഡ് കാലത്ത് എല്ലാം മറന്നു ജോലിയെടുക്കുന്ന വനിതാ പൊലീസുകാർക്കുളള സമർപ്പണമാണ് നൂപുരം. നൂപുരം എന്ന പേരിലിറക്കിയ ചിത്രത്തിന്റെ കഥയും തിരക്കഥയുമൊരുക്കിയത് തൃശൂർ റേഞ്ച് ഡിഐജി എസ് സുരേന്ദ്രനാണ്.
പൊലീസുകാർ തന്നെയാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ടോണി ചിറ്റേട്ടുകുളം സംവിധാനം നിർവഹിച്ച ചിത്രത്തിന് സംഗീത സംവിധായകൻ മോഹൻ സിതാരയും മകൻ വിഷ്ണു മോഹൻ സിതാരയും ചേർന്നാണ് പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്. യൂട്യുബിലും കേരള പൊലീസിന്റെ ഫേസ്ബുക്ക് പേജിലും റിലീസ് ചെയ്ത ചിത്രത്തിന് ഇതിനോടകം നല്ല പ്രതികരണമാണ് ലഭിക്കുന്നത്.
Post Your Comments