തിരുവനന്തപുരം: റെഡ്‌സോണുകളിലെ ഹോട്ട്‌സ്‌പോട്ടുകളിൽ കാസർകോട് നടപ്പാക്കിയതു പോലെ ട്രിപ്പിൾ ലോക്ക്ഡൗൺ ഏർപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇവിടങ്ങളിൽ അവശ്യസാധനങ്ങൾ വീടുകളിലെത്തിച്ചു നൽകും. പോലീസിനായിരിക്കും ഇതിന്റെ ചുമതല. മറ്റിടങ്ങളിലെ ഹോട്ട്‌സ്‌പോട്ട് മേഖലകൾ സീൽ ചെയ്ത് പ്രവേശനം ഒരു വഴിയിലൂടെ മാത്രമാക്കും. ഇവിടെ പരിശോധനയ്ക്ക് ഉയർന്ന പോലീസ് ഉദ്യോഗസ്ഥരുണ്ടാവും. അതിർത്തി പങ്കിടുന്ന ജില്ലകളിലൂടെ അയൽ സംസ്ഥാനങ്ങളിൽ നിന്നുള്ളവർ കേരളത്തിലേക്ക് കടക്കുന്നത് തടയുന്നതിൽ ജില്ലാ ഭരണകൂടം അലംഭാവവും വിട്ടുവീഴ്ചയും കാട്ടരുതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഇത്തരത്തിൽ വരാൻ ശ്രമിക്കുന്നത് ആരായാലും തടയണം. തമിഴ്‌നാട് സർക്കാർ ഞായറാഴ്ച മുതൽ ചൊവ്വാഴ്ച വരെ 60 മണിക്കൂർ ലോക്ക്ഡൗൺ ശക്തിപ്പെടുത്തുമെന്ന് അറിയിച്ചിട്ടുണ്ട്. ഈ കാലയളവിൽ തമിഴ്‌നാട്ടിലേക്ക് വാഹനങ്ങൾ പ്രവേശിക്കുന്നതിന് അനുമതിയില്ല. ഈ സാഹചര്യത്തിൽ കേരളത്തിന്റെ അതിർത്തികളിൽ പോലീസ് പരിശോധന കർശനമാക്കും. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവനുസരിച്ച് കടകൾ തുറക്കുന്നതിന് ചില ഇളവുകൾ അനുവദിച്ചിട്ടുണ്ട്. ഹോട്ട്‌സ്‌പോട്ടുകൾ ഒഴികെയുള്ള സ്ഥലങ്ങളിൽ ഉത്തരവനുസരിച്ച് കടകൾ തുറക്കാൻ അനുവദിക്കും. ഇതുസംബന്ധിച്ച് സംസ്ഥാനം ഉടൻ ഉത്തരവി റക്കും. എന്നാൽ കടകൾ തുറക്കുന്നതിന് മുമ്പ് ഇവ ശുചീകരിക്കണം. കടകളുടെ പരിസരങ്ങൾ അണുമുക്തമാക്കുകയും വേണം.
കേന്ദ്ര കാബിനറ്റ് സെക്രട്ടറി വിവിധ സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാരുമായി നടത്തിയ വീഡിയോ കോൺഫറൻസിൽ പ്രവാസികളുടെ തിരിച്ചുവരവുണ്ടായാൽ കേരളം സ്വീകരിക്കുന്ന നടപടികൾ വിശദീകരിച്ചു. കേരളം സ്വീകരിച്ച നടപടികൾ മറ്റു സംസ്ഥാനങ്ങൾക്ക് മാതൃകയാക്കാമെന്ന് കാബിനറ്റ് സെക്രട്ടറി നിർദ്ദേശിക്കുകയും കേരളത്തെ അഭിനന്ദിക്കുകയും ചെയ്തു. പ്രവാസികളെ കൊണ്ടുവരുന്നതിൽ ക്രിയാത്മകമായ ഇടപെടലുണ്ടാവുമെന്ന് വിദേശകാര്യ സെക്രട്ടറി ചീഫ് സെക്രട്ടറിയെ അറിയിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. കേരളം സാമ്പത്തിക പ്രതിസന്ധിയിലാണ്. ഇതിനെ നേരിടാൻ കേന്ദ്രത്തിന്റെ ഫലപ്രദമായ ഇടപെടൽ വേണം. കേരളത്തിന് സാമ്പത്തിക പാക്കേജ് വേണ്ടിവരും. ചില മേഖലകൾക്ക് പ്രത്യേക പാക്കേജ് വേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. ക്ഷേമനിധി ആനുകൂല്യം ലഭിക്കാത്ത ബി. പി. എൽ കുടുംബങ്ങൾക്ക് ആയിരം രൂപ അക്കൗണ്ടിലേക്ക് നൽകും.ലോക്ക്ഡൗൺ നിർദ്ദേശങ്ങൾ ചിലയിടങ്ങളിൽ ലംഘിക്കുന്നത് ശ്രദ്ധയിൽപെട്ടിട്ടുണ്ട്. ഇരിങ്ങാലക്കുട കൂടൽമാണിക്യം തെക്കേക്കുളത്തിൽ അതിഥി തൊഴിലാളികൾ കൂട്ടമായി കുളിക്കാനെത്തുന്നു. ചിലയിടങ്ങളിൽ കൂട്ടമായി മീൻ പിടിക്കുന്നതും ഗുരുതരമായ ലംഘനമാണ്. ഇപ്പോഴത്തെ സാഹചര്യത്തിൽ മാധ്യമസ്ഥാപനങ്ങൾ പിരിച്ചുവിടലും ശമ്പള നിഷേധവും നടത്തരുതെന്ന് മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.
ആദ്യത്തെ പതിനാലു ദിവസത്തിലാണ് രോഗവ്യാപനം ഉണ്ടാകുന്നതെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു. അതിനു ശേഷം രോഗാണു ശരീരത്തിലുണ്ടായാലും രോഗവ്യാപനം സംഭവിക്കില്ല. നിലവിൽ വിദേശത്ത് നിന്ന് മടങ്ങാൻ ആഗ്രഹിക്കുന്ന പ്രവാസികൾക്ക് നോർക്കയുടെ വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യാൻ സംവിധാനം ഒരുക്കിയിട്ടുണ്ട്. മറ്റു സംസ്ഥാനങ്ങളിൽ കഴിയുന്ന മലയാളി വിദ്യാർത്ഥികൾക്കും ഇത്തരത്തിൽ പേര് രജിസ്റ്റർ ചെയ്യുന്നതിന് സംവിധാനം ഒരുക്കം. തിരുവനന്തപുരം ആർ. സി. സിയിൽ ശസ്ത്രക്രിയയ്ക്ക് മുമ്പ് കോവിഡ് പരിശോധന നടത്തും. ആർ. സി. സിയിൽ കാൻസർ ശസ്ത്രക്രിയകൾ പുനരാരംഭിച്ചിട്ടുണ്ട്. കർഷകർ ശേഖരിക്കുന്ന ഉത്പന്നങ്ങൾക്ക് അതാത് സമയം വില നൽകാനാവണം. ലോക്ക്ഡൗണിൽ ഒറ്റയ്ക്ക് താമസിക്കുന്ന വയോജനങ്ങൾക്കായി പ്രശാന്തി എന്ന പുതിയ പദ്ധതി പോലീസ് നടപ്പാക്കും. ഇതിനായി 24 മണിക്കൂറും പ്രവർത്തിക്കുന്ന കാൾ സെന്റർ ഒരുക്കിയിട്ടുണ്ട്.
Also read : സർക്കാരിന്റെ സൗജന്യ കിറ്റ് രണ്ടാംഘട്ട വിതരണം 27 മുതൽ, ലഭിക്കുന്നത് 17 ഇനം സാധനങ്ങൾ
കാരുണ്യ ആരോഗ്യ രക്ഷാപദ്ധതിയിൽ അംഗങ്ങളായവർക്ക് ജില്ലാ ആശുപത്രിയിൽ മരുന്ന് ലഭ്യമല്ലെങ്കിൽ ആർ. സി. സിയിൽ നിന്ന് എത്തിക്കും. ക്ഷേമപദ്ധതിയിൽ ഉൾപ്പെടാത്തവർക്ക് പണമടച്ച് മരുന്ന് വാങ്ങാം. ആർ. സി. സിയിൽ എത്താൻ കഴിയാത്തവർ കുറിപ്പടി നൽകിയാൽ പോലീസ്, ഫയർഫോഴ്‌സ്, ആരോഗ്യവകുപ്പ് എന്നിവർ മുഖേന എത്തിക്കും. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ മരുന്ന് എത്തിക്കുന്നതിനുള്ള ഏകോപന ചുമതല ക്രൈംബ്രാഞ്ച് മേധാവിക്ക് നൽകി. ആയുർവേദ വിഭാഗത്തിന്റെ നേതൃത്വത്തിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ നടന്നുവരുന്നു. സിദ്ധ വിഭാഗത്തിന്റെ പ്രശ്‌നങ്ങൾ പരിശോധിക്കും. കേരളത്തിലെ ഫയർ ഫോഴ്‌സ് പ്രശംസനീയമായ സേവനമാണ് നടത്തുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
Post Your Comments