KeralaLatest NewsNews

ഈ കൊറോണക്കാലത്തെ ഏറ്റവും ദുരന്തം നേതാവിനുള്ള ഗപ്പ് ‘ മൈ പ്രണ്ട് ‘ ഒരു വള്ളപ്പാട് മുന്നില്‍ വച്ച് അടിച്ചോണ്ടുപോവുന്ന ലക്ഷണമാണ് ; നെല്‍സണ്‍ ജോസഫ്

ലോകമെങ്ങും വ്യാപിച്ചു കൊണ്ടിരിക്കുന്ന കോവിഡിനെ തുരത്താന്‍ കഠിനമായ പരിശ്രമത്തിലാണ് ലോകരാജ്യങ്ങള്‍ മുഴുവനും. പല ശാസ്ത്രജ്ഞരും കോവിഡ് അതി ജീവനത്തിനായി പ്രതിരോധ വാക്‌സിനുകള്‍ കണ്ടു പിടിക്കുന്നതിനുള്ള പരിശ്രമത്തിലുമാണ്. ഇതിനിടയില്‍ പല വ്യാജ വാര്‍ത്തകളും വിചിത്ര നിര്‍ദേശങ്ങളുമായി പലരും രംഗത്തെത്താറുണ്ട്. അത്തരത്തില്‍ ഏറ്റവുമൊടുവില്‍ എത്തിയയാളാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊളള്‍ഡ് ട്രംപ്. ഇതിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് ഡോക്ടര്‍ നെല്‍സണ്‍ ജോസഫ്.

അണുനാശിനി ശരീരത്തില്‍ കയറ്റിയാല്‍ വൈറസിനെ കൊല്ലാമെന്ന വിചിത്രവാദമായിരുന്നു ട്രംപ് ഉന്നയിച്ചത്. അതിന് കാരണമായി അദ്ദേഹം പറഞ്ഞത് വൈറസിനെ നീക്കാന്‍ അണുനാശിനി തെളിക്കുന്നു എന്നതിനാല്‍ വൈറസ് ബാധിക്കുന്നത് ശ്വാസകോശത്തിലും അത് ത്വക്കിലൂടെയാണ് ശരീരത്തില്‍ പ്രവേശിക്കുന്നത് എന്നുള്ളതിനാല്‍ ശരീരത്തിലേക്ക് അണുനാശിനി ഇഞ്ചക്ട് ചെയ്താല്‍ മതിയെന്നാണ്. ഇതിനെതിരെയാണ് നെല്‍സണ്‍ ജോസഫിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.

ട്രംപിന്റെ ഓരോ വിഡ്ഡിത്തങ്ങള്‍ ചൂണ്ടികാണിച്ചാണ് അദ്ദേഹം ഈ കൊറോണക്കാലത്തെ ഏറ്റവും ദുരന്തം നേതാവിനുള്ള കപ്പ് ട്രംപ് നേടുമെന്ന് പറയുന്നത്. ലോകാരോഗ്യസംഘടന കൊറോണ വൈറസിനെ ഒരു അന്താരാഷ്ട്ര പബ്ലിക് ഹെല്‍ത് കണ്‍സേണ്‍ ആയി പ്രഖ്യാപിച്ചത് ജനുവരി 30ന് ആയിരുന്നുവെന്നും എന്നാല്‍ ഏപ്രിലോടെ അത് അപ്രത്യക്ഷമാവും എന്ന് ഫെബ്രുവരി ആദ്യ ആഴ്ചയില്‍ ട്രംപ് പറഞ്ഞതും ഫെബ്രുവരി 26ന് വൈറസിന്റെ ബാധ കുറയുകയാണെന്നും 27ന് അത് അധികം വൈകാതെ അപ്രത്യക്ഷമാവുമെന്നും മാര്‍ച്ച് 7ന് താന്‍ ഒട്ടും കണ്‍സേണ്‍ഡ് അല്ലെന്നും മാര്‍ച്ച് 9ന് വൈറസ് പൊയ്‌ക്കോളുമെന്ന് ട്രംപ് ആവര്‍ത്തിച്ചതും ചൂട് കൂടുമ്പൊ വൈറസ് പോവുമെന്ന് പറഞ്ഞതും ഡോക്ടര്‍ കുറിപ്പിലൂടെ ഓര്‍മിപ്പിക്കുന്നു.

ഡോക്ടര്‍ നെല്‍സണ്‍ ജോസഫിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം ;

ഈ കൊറോണക്കാലത്തെ ഏറ്റവും ദുരന്തം നേതാവിനുള്ള ഗപ്പ് ‘ മൈ പ്രണ്ട് ‘ ഒരു വള്ളപ്പാട് മുന്നില്‍ വച്ച് അടിച്ചോണ്ടുപോവുന്ന ലക്ഷണമാണ്.
ലേറ്റസ്റ്റ് മണ്ടത്തരം ഇക്കഴിഞ്ഞ ദിവസം വൈറ്റ് ഹൗസ് പ്രസ് മീറ്റിനിടയിലാണ്.
ശ്വാസകോശ സ്രവങ്ങളിലും ഉമിനീരിലുമുള്ള വൈറസിനെ ഒരു മിനിറ്റ് കൊണ്ട് ഡിസിന്‍ഫെക്റ്റന്റ് നശിപ്പിക്കുന്നതായി ഒരു പഠനം വന്നു. ഒപ്പം സൂര്യപ്രകാശം വൈറസിനെ ദുര്‍ബലമാക്കുന്നുവെന്നും.
അത് കേട്ട് പ്രസിഡന്റ് ചോദിച്ചത് ഏതാണ്ട് ഇങ്ങനെയാണ്.
‘ അങ്ങനെയാണേല്‍ ശരീരത്തില്‍ ശക്തിയുള്ള ഏതെങ്കിലും ലൈറ്റ്…അള്‍ട്രാവയലറ്റോ അങ്ങനെയേതെങ്കിലുമോ അടിച്ചാല്‍….അല്ലെങ്കില്‍ തൊലിയിലൂടെയോ മറ്റേതെങ്കിലും വഴിയിലൂടെയോ ലൈറ്റ് ശരീരത്തിനുള്ളില്‍ കൊണ്ടുവന്ന് (വൈറസിനെ കൊല്ലാന്‍ ശ്രമിച്ചൂടേ) ? ‘
കഴിഞ്ഞില്ല…
‘ അണുനാശിനി കൊണ്ട് ഒറ്റ മിനിറ്റ്….ഒറ്റ മിനിറ്റുകൊണ്ട് വൈറസിനെ കൊല്ലാന്‍ പറ്റുമെന്ന് പറഞ്ഞല്ലോ…അപ്പൊ ഏതെങ്കിലും രീതിയില്‍ വൃത്തിയാക്കിയോ ഇഞ്ചക്റ്റ് ചെയ്‌തോ വല്ലതും ചെയ്യാന്‍ പറ്റുമോന്നും നോക്കിക്കൂടേ? ‘
ആ…വൈറസിനെ കൊല്ലാന്‍ ശ്വാസകോശം അണുനാശിനിയില്‍ മുക്കി വച്ചാല്‍ മതിയായിരിക്കും..എന്റെ പൊന്നോ.
ലോകാരോഗ്യസംഘടന കൊറോണ വൈറസിനെ ഒരു അന്താരാഷ്ട്ര പബ്ലിക് ഹെല്‍ത് കണ്‍സേണ്‍ ആയി പ്രഖ്യാപിച്ചത് ജനുവരി 30ന് ആയിരുന്നു. പക്ഷേ ഫെബ്രുവരി ആദ്യ ആഴ്ചയില്‍ ട്രമ്പിന്റെ അഭിപ്രായത്തില്‍ അത് ഏപ്രിലോടെ അദ്ഭുതകരമായി അപ്രത്യക്ഷമാവും എന്നായിരുന്നു.
ഫെബ്രുവരി 26ന് വൈറസിന്റെ ബാധ കുറയുകയാണെന്നും 27ന് അത് അധികം വൈകാതെ അപ്രത്യക്ഷമാവുമെന്നും മാര്‍ച്ച് 7ന് താന്‍ ഒട്ടും കണ്‍സേണ്‍ഡ് അല്ലെന്നും മാര്‍ച്ച് 9ന് വൈറസ് പൊയ്‌ക്കോളുമെന്നും ട്രമ്പ് ആവര്‍ത്തിച്ചിരുന്നു.
ചൂട് കൂടുമ്പൊ വൈറസ് പോവുമെന്ന തിയറിയുടെ മെയിന്‍ ആളുകളിലൊന്ന്…പ്രത്യേകിച്ച് തെളിവൊന്നുമില്ലെങ്കിലും ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ വേണമെന്ന് പറഞ്ഞ് ബഹളമുണ്ടാക്കിയത് അടുത്ത സംഗതി. ഗുണത്തെക്കാള്‍ ദോഷമുണ്ടാക്കാനിടയുണ്ടെന്ന രീതിയിലാണിപ്പൊ പഠനം വരുന്നത്.
വാക്‌സിന്‍ വിരുദ്ധരുടെ മുദ്രാവാക്യമായ വാക്‌സിന്‍ ഓട്ടിസമുണ്ടാക്കുന്നു എന്ന ഡയലോഗും കുറച്ചുനാള്‍ അമേരിക്കന്‍ പ്രസിഡന്റായ ഇയാള്‍ ചുമന്നുകൊണ്ട് നടന്നിട്ടുള്ളതാണ്
സൂര്യഗ്രഹണസമയത്ത് യാതൊരു വിധ സുരക്ഷാ മുന്‍ കരുതലുകളുമില്ലാതെ സൂര്യനെ വൈറ്റ് ഹൗസ് ബാല്‍ക്കണിയില്‍ നിന്ന് നോക്കുന്ന ട്രമ്പിന്റെ ചിത്രം മുന്‍പ് കണ്ടിട്ടുണ്ട്
സയന്‍സ് ഇത്രയധികം മുന്നേറിയ കാലത്ത്, ആ സയന്‍സ് മുന്നേറിയതിന്റെ ഗുണഫലം വളരെയധികം അനുഭവിച്ച അമേരിക്ക പോലെ ഒരു രാജ്യത്തിന്റെ തലപ്പത്ത് ട്രമ്പ് വന്നത് ഒരു വിരോധാഭാസമായാണ് തോന്നിയിട്ടുള്ളത്.
ഇത് സയന്‍സിന്റെ കാര്യം.
ഗ്ലോബല്‍ വാമിങ്ങിന്റെ കാര്യത്തില്‍ അയാളെടുക്കുന്ന നിലപാടുകള്‍, ഗ്രെറ്റ തുന്‍ബെര്‍ഗടക്കമുള്ളവരോട് നല്‍കിയ പ്രതികരണങ്ങള്‍…. നൂറുകണക്കിനു കാരണങ്ങളുണ്ട് അയാളെ എതിര്‍ക്കാന്‍.
അവസാനം ലോക്ക് ഡൗണ്‍ വേണ്ടെന്ന് പറഞ്ഞ് പുറത്ത് പ്രതിഷേധിക്കാന്‍ വന്ന ആള്‍ക്കാരെ പിന്തുണച്ച് ഈ പാന്‍ഡമിക്കിനിടയില്‍ അമേരിക്കന്‍ ഗവര്‍ണര്‍മാരോട് രാഷ്ട്രീയക്കളിക്കും ഇറങ്ങി ട്രമ്പ്..
ഇതൊക്കെ വായിച്ചുകഴിഞ്ഞപ്പൊ തോന്നിയത് വേറൊന്നാണ്. കൊറോണയെക്കാള്‍ അമേരിക്കയ്ക്ക് സംഭവിച്ച അപകടം പ്രസിഡന്റ് സ്ഥാനത്ത് അയാളായതാണെന്ന്…

shortlink

Related Articles

Post Your Comments

Related Articles


Back to top button