ന്യൂഡല്‍ഹി • ഒരു പരിപാടിയിൽ ബ്രോഡ്കാസ്റ്റിംഗ് നിയമങ്ങള്‍ ലംഘിച്ചുവെന്ന് ആരോപിച്ച് മുതിർന്ന പത്രപ്രവർത്തകൻ അര്‍ണാബ് ഗോസ്വാമിയ്ക്കും അദ്ദേഹത്തിന്റെ ചാനലിനുമെതിരെ നടപടിയെടുക്കണമെന്ന് വിവര-പ്രക്ഷേപണ മന്ത്രാലയത്തോട് ആവശ്യപ്പെട്ട് കോൺഗ്രസ് രംഗത്ത്.
റിപ്പബ്ലിക് ഭാരത് ചാനലില്‍ ചൊവ്വാഴ്ച ഗോസ്വാമി അവതാരകനായി സംപ്രേക്ഷണം ചെയ്ത ഷോയുടെ ഉള്ളടക്കം ‘നീചവും തെറ്റിദ്ധരിപ്പിക്കുന്നതും വെറുപ്പുളവാക്കുന്നതുമാണെന്ന് എന്ന് വാർത്താ പ്രക്ഷേപണ മന്ത്രി പ്രകാശ് ജാവദേക്കറിന് അയച്ച കത്തിൽ മഹിള കോൺഗ്രസ് മേധാവി സുസ്മിത ദേവ് അവകാശപ്പെട്ടു.
പാൽഘർ സംഭവത്തെക്കുറിച്ചുള്ള ചർച്ചയ്ക്കിടെ സോണിയ ഗാന്ധിയെ ലക്ഷ്യമിട്ട് ഷോയിൽ ഗോസ്വാമിയുടെ പരാമർശത്തിൽ കോൺഗ്രസും ബിജെപിയും തമ്മിൽ വാഗ്വാദമുണ്ടായി. രണ്ട് സന്യാസിമാരടക്കം മൂന്ന് പേരാണ് സംഭവത്തില്‍ കൊല്ലപ്പെട്ടത്.
1994 ലെ ‘കേബിൾ ടെലിവിഷൻ നെറ്റ്‌വർക്ക് ചട്ടങ്ങൾ’ പ്രകാരം നിർദ്ദേശിച്ചിട്ടുള്ള പ്രോഗ്രാം കോഡിന്റെ ലംഘനമാണ് പ്രക്ഷേപണമെന്ന് സുസ്മിത കത്തില്‍ ആരോപിച്ചു.
അതേസമയം, മുംബൈയില്‍ ഗോസ്വാമിയും ഭാര്യയും സഞ്ചരിച്ചിരുന്ന കാര്‍ രണ്ട് മോട്ടോര്‍ സൈക്കിളില്‍ എത്തിയ അക്രമികള്‍ ആക്രമിച്ചു. വ്യാഴാഴ്ച പുലർച്ചെ ഗോസ്വാമി വീട്ടിലേക്ക് പോകുമ്പോഴാണ് സംഭവമെന്ന് പോലീസ് പറഞ്ഞു.
ഗോസ്വാമിക്കെതിരായ ആക്രമണത്തെ പാർട്ടി പ്രസിഡന്റ് ജെ പി നദ്ദ ഉൾപ്പെടെയുള്ള ബിജെപി നേതാക്കൾ അപലപിച്ചു.
Post Your Comments