പത്തനംതിട്ട • കാലിലെ അസ്ഥികള്‍ തേഞ്ഞ് എഴുന്നേല്‍ക്കാന്‍ കഴിയാതെ ദുരിതം അനുഭവിച്ച യുവാവിന് വീല്‍ ചെയര്‍ എത്തിച്ച് ഫയര്‍ഫോഴ്‌സ്. കോന്നി അതുമ്പുംകുളം ഈശ്വരന്‍ പറമ്പില്‍ സനലിനാണ് പത്തനംതിട്ട ഫയര്‍ സ്റ്റേഷന്‍ ഓഫീസര്‍ വിനോദ് കുമാറിന്റെ നേതൃത്വത്തില്‍ വീല്‍ചെയര്‍ എത്തിച്ചു നല്‍കിയത്. അസ്ഥി പൊടിയുന്ന അസുഖത്തെ തുടര്‍ന്ന് കിടപ്പിലായിരുന്ന സനലിന്റെ കിഡ്‌നികള്‍ക്കും അസുഖം ബാധിച്ചു. ഇതോടെ ഡയാലിസിസ് ആവശ്യമായി വരുകയും ചെയ്തു. ഇതിനിടെ എഴുന്നേല്‍ക്കാന്‍ കഴിയാതെ അവശത അനുഭവിച്ച സനല്‍ ഒരു വീല്‍ ചെയര്‍ ലഭിക്കുന്നതിന് സഹായം ആവശ്യപ്പെട്ട് പത്തനംതിട്ട ഫയര്‍ഫോഴ്‌സില്‍ സിവില്‍ ഡിഫന്‍സ് വോളന്റിയര്‍ ആയി പ്രവര്‍ത്തിക്കുന്ന ബിജു കുമ്പഴയെ സമീപിക്കുകയായിരുന്നു.
സനലിന്റെ ആവശ്യമറിഞ്ഞതിനെ തുടര്‍ന്ന് കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുകയും സ്‌പോണ്‍സര്‍ഷിപ്പിനായി സാമൂഹിക പ്രവര്‍ത്തക സല്‍ക്കല വാസുദേവിനെ ബന്ധപ്പെടുകയും ചെയ്തു. തുടര്‍ന്ന് സല്‍ക്കല വാസുദേവിന്റെ നേതൃത്വത്തില്‍ വീല്‍ ചെയര്‍ പത്തനംതിട്ട ഫയര്‍ഫോഴ്‌സ് ഓഫീസില്‍ എത്തിച്ചു. തുടര്‍ന്ന് ഫയര്‍ ആന്‍ഡ് റസ്‌ക്യൂ ഓഫീസര്‍മാരായ സജി കുമാര്‍, എ.കെ. അനു, സജിലാല്‍ എന്നിവരുടെയും സിവില്‍ ഡിഫന്‍സ് വോളണ്ടിയര്‍മാരായ ബിജു കുമ്പഴ, ദീപു കോന്നി, അന്‍സാരി എന്നിവരുടെയും സഹായത്തോടെ വീല്‍ ചെയര്‍ സനലിന്റെ വീട്ടില്‍ എത്തിച്ച് നല്‍കുകയായിരുന്നു. സനലിന്റെ വീട്ടിലേക്ക് ആവശ്യമായ അരി, പല വ്യഞ്ജനങ്ങള്‍ എന്നിവ അടങ്ങിയ കിറ്റും നല്‍കിയാണ് ഫയര്‍ ഫോഴ്‌സ് സംഘം മടങ്ങിയത്. സാമ്പത്തികമായി ബുദ്ധിമുട്ടുകള്‍ നേരിടുന്ന കുടുംബത്തില്‍ അമ്മയും ഭാര്യയും കുഞ്ഞുമാണ് സനലിനൊപ്പം ഉള്ളത്.
Post Your Comments