Latest NewsKeralaNews

ഇന്ന് സംസ്ഥാനത്ത് 10 പേര്‍ക്ക് കോവിഡ് 19

തിരുവനന്തപുരം• സംസ്ഥാനത്ത് 10 പേർക്ക് കൂടി വ്യാഴാഴ്ച കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ഇടുക്കി ജില്ലയിലെ നാലു പേർക്കും കോഴിക്കോട്, കോട്ടയം ജില്ലകളിലെ രണ്ടു പേർക്ക് വീതവും തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ ഓരോരുത്തർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ രണ്ടു പേർ വിദേശത്ത് നിന്നും രണ്ടു പേർ ചെന്നൈയിൽ നിന്നും ഒരോരുത്തർ മൈസൂർ, പൊള്ളാച്ചി എന്നിവിടങ്ങളിൽ നിന്നും വന്നതാണ്. നാലു പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. കോഴിക്കോട് ജില്ലയിലെ ഒരാൾ ദുബായിൽ നിന്നും തിരുവനന്തപുരം ജില്ലയിലെ ഒരാൾ ഷാർജയിൽ നിന്നും വന്നതാണ്. കോഴിക്കോട്, ഇടുക്കി ജില്ലയിലുള്ള ഓരോരുത്തരാണ് ചെന്നൈയിൽ നിന്നും വന്നത്. ഇടുക്കി ജില്ലയിലെ ഒരാൾ മൈസൂറിൽ നിന്നും ഒരാൾ പൊള്ളാച്ചിയിൽ നിന്നും വന്നതാണ്. കോട്ടയം ജില്ലയിലെ രണ്ടു പേർക്കും കൊല്ലം, ഇടുക്കി ജില്ലകളിലെ ഓരോരുത്തർക്കും സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

തിരുവനന്തപുരം ജില്ലയിൽ രോഗം സ്ഥിരീകരിച്ചയാൾ വർക്കല സ്വദേശിയായ 44 വയസുകാരനാണ്. വീട്ടിൽ നിരീക്ഷണത്തിലുള്ള ഇദ്ദേഹത്തെ ഉടൻ മെഡിക്കൽ കോളേജ് ഐസൊലേഷൻ വാർഡിലേക്ക് മാറ്റും.

സംസ്ഥാനത്ത് എട്ടു പേരാണ് വ്യാഴാഴ്ച രോഗമുക്തി നേടിയത്. കാസർഗോഡ് ജില്ലയിലെ ആറു പേരുടേയും മലപ്പുറം, കണ്ണൂർ ജില്ലകളിലെ ഓരോരുത്തരുടേയും പരിശോധനാ ഫലമാണ് നെഗറ്റീവായത്. ഇതോടെ 316 പേരാണ് ഇതുവരെ കോവിഡിൽ നിന്നും രോഗമുക്തി നേടിയത്. 129 പേരാണ് നിലവിൽ സംസ്ഥാനത്തെ വിവിധ ആശുപത്രികളിൽ ചികിത്സയിലുള്ളത്.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 23,876 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇവരിൽ 23,439 പേർ വീടുകളിലും 437 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 148 പേരെയാണ് ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രോഗലക്ഷണങ്ങളുള്ള 21334 വ്യക്തികളുടെ സാമ്പിൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതിൽ ലഭ്യമായ 20326 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റിവ് ആണ്.

സംസ്ഥാനത്ത് സമൂഹ വ്യാപനം ഉണ്ടായിട്ടില്ല. എന്നാല്‍ സമൂഹ വ്യാപന ഭീഷണി നിലനില്‍ക്കുന്നുണ്ട്. സംസ്ഥാനത്ത് മൂന്നാംഘട്ട വ്യാപനം ഉണ്ടായിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

പരിശോധനകള്‍ വേഗത്തിലാക്കാന്‍ 14 പി.സി.ആര്‍ മെഷീനുകള്‍ വാങ്ങാന്‍ അനുമതി നല്‍കി.

അടിയന്തിര ഘട്ടത്തിലുള്ള ജില്ല വിട്ടുള്ള യാത്രകള്‍ക്ക് എമര്‍ജന്‍സി പാസ് സൗകര്യം ഏര്‍പ്പെടുത്തും. അതിര്‍ത്തികളില്‍ പരിശോധന കര്‍ശനമാക്കിയതായും മുഖ്യമന്ത്രി അറിയിച്ചു.

ഇടുക്കി, കോട്ടയം ജില്ലകളെ ഗ്രീന്‍ സോണില്‍ നിന്ന് ഓറഞ്ച് സോണിലേക്ക് മാറ്റിയതായും മുഖ്യമന്ത്രി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button