KeralaLatest NewsNews

മലപ്പുറം ജില്ലയില്‍ നാല്മാസം പ്രായമുള്ള കുഞ്ഞിന് കോവിഡ്

മലപ്പുറം : ജില്ലയില്‍ നാല് മാസം പ്രായമുള്ള കുഞ്ഞിന് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ ജാഫര്‍ മലിക് അറിയിച്ചു. മഞ്ചേരി പയ്യനാട് സ്വദേശിയുടെ മകള്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. കുട്ടി ഇപ്പോള്‍ കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. അതേ സമയം കുട്ടിയ്ക്ക് രോഗബാധയേല്‍ക്കാനിടയായ സാഹചര്യമെന്താണെന്ന് പരിശോധിച്ചുവരികയാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന പറഞ്ഞു.

കഴിഞ്ഞ മൂന്ന് മാസമായി ഹൃദ്രോഗവും വളര്‍ച്ചാ കുറവുമുള്‍പ്പടെ വിവിധ രോഗങ്ങളുള്ള കുട്ടി കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. തുടര്‍ന്ന് ഏപ്രില്‍ 17 ന് പയ്യനാടുള്ള വീട്ടില്‍വച്ച് ശ്വാസ തടസം അനുഭവപ്പെട്ടതിന തുടര്‍ന്ന് കുട്ടിയെ ഉച്ചയ്ക്ക് 12 മണിയ്ക്ക് മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പരിശോധനയ്ക്ക് വിധേയമാക്കുകയും കുട്ടിക്ക് ന്യുമോണിയ കണ്ടെത്തിയതിനെ തുടര്‍ന്ന് കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലേയ്ക്ക് മാറ്റാന്‍ ഡോക്ടര്‍ നിര്‍ദേശിക്കുകയായിരുന്നു. എന്നാല്‍ ഇവര്‍ കുട്ടിയെ മഞ്ചേരിയിലെ മറ്റൊരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

തുടര്‍ന്ന് കുട്ടിയെ ഏപ്രില്‍ 17 മുതല്‍ 21 വരെ മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ നല്‍കി. എന്നാല്‍ അപസ്മാരമുണ്ടായതിനെ തുടര്‍ന്ന് 21 ന് പുലര്‍ച്ചെ 3.30 ന് കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലേയ്ക്ക് മാറ്റി. രാവിലെ സാമ്പിളെടുത്ത് പരിശോധനയ്ക്ക് അയച്ചു. ഇന്ന് കോവിഡ് ബാധ സ്ഥിരീകരിക്കുകയായിരുന്നു. കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഐസൊലേഷന്‍ കേന്ദ്രത്തില്‍ തീവ്ര പരിചരണ വിഭാഗത്തിലാണ് ഇപ്പോള്‍ കുട്ടിയുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button