മുംബൈ : വിമാന ടിക്കറ്റ് റീഫണ്ട്, യാത്രക്കാര്‍ക്ക് ആശയകുഴപ്പം തുടരുന്നു. ലോക്ഡൗണ്‍ മൂലം മുടങ്ങിയ വിമാനയാത്രകളുടെ ടിക്കറ്റിന്റെ തുക തിരിച്ചു നല്‍കുന്നതുമായി ബന്ധപ്പെട്ടാണ് യാത്രക്കാര്‍ ആശങ്കയിലായത്. ഈ പണം തിരിച്ചു കിട്ടുമോ എന്ന ആശങ്കയിലാണ് ടിക്കറ്റ് ബുക്ക് ചെയ്തവര്‍. ലോക്ഡൗണ്‍ പ്രാബല്യത്തില്‍ വന്നതു മുതല്‍ ബുക്ക് ചെയ്യപ്പെട്ടിട്ടുള്ള ടിക്കറ്റുകളുടെ മുഴുവന്‍ തുകയും തിരിച്ചു നല്‍കണം എന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ നിര്‍ദ്ദേശമുണ്ടായിരുന്നുവെങ്കിലും ഇക്കാര്യത്തില്‍ വ്യക്തമായ മാര്‍ഗനിര്‍ദേശങ്ങള്‍ ലഭിച്ചിട്ടില്ല. ഇതാണ് ടിക്കറ്റ് റീഫണ്ട് സംബന്ധമായ ആശങ്കകള്‍ക്ക് കാരണം.
മാര്‍ച്ച് 25 മുതല്‍ ഏപ്രില്‍ 14 വരെയുള്ള ആദ്യത്തെ ലോക്ഡൗണ്‍ കാലയളവില്‍ വിമാനടിക്കറ്റ് ബുക്ക് ചെയ്യുകയും ആ തുക വിമാനക്കമ്പനികളില്‍ ക്രെഡിറ്റ് ആവുകയും ചെയ്തിട്ടുണ്ടെങ്കില്‍ അവര്‍ക്ക് കാന്‍സലേഷന്‍ ചാര്‍ജ് ചുമത്താതെ മുഴുവന്‍ തുകയും തിരിച്ചു നല്‍കണം എന്നാണ് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ നിര്‍ദ്ദേശം. ഇത് കൂടാതെ ഏപ്രില്‍ 15 മുതല്‍ മെയ് 3 വരെയുള്ള രണ്ടാമത്തെ ലോക്ഡൗണ്‍ സമയത്തേക്ക് വേണ്ടി ആദ്യത്തെ ലോക്ഡൗണ്‍ കാലയളവില്‍ ബുക്ക് ചെയ്ത ടിക്കറ്റുകളുടെ തുകയും തിരിച്ചു നല്‍കണം. ആഭ്യന്തരയാത്രകള്‍ക്കും രാജ്യാന്തര യാത്രകള്‍ക്കും ഇത് ഒരുപോലെ ബാധകമാണ് എന്ന് മന്ത്രാലയം പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നു.
മാര്‍ച്ച് 25 മുതല്‍ മെയ് 3 വരെയുള്ള കാലയളവില്‍ യാത്ര ചെയ്യാനായി നിരവധി പേര്‍ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു. ഇവരാണ് ഇപ്പോള്‍ ഏറ്റവും കൂടുതല്‍ ആശയക്കുഴപ്പത്തിലായിരിക്കുന്നത്. മാര്‍ച്ച് 25 ന് മുമ്പ് ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് പണം തിരികെ നല്‍കുക പ്രായോഗികമല്ലെന്നാണ് വിമാനക്കമ്പനികളുടെ നിലപാട്.
Post Your Comments