ഹൈദരാബാദ്: കോവിഡ്-19 പ്രതീക്ഷിച്ച വിധത്തില്‍ നിയന്ത്രണത്തിലാകാത്തതിനാൽ അടച്ചിടൽ തുടരുമെന്ന് തെലങ്കാന മുഖ്യ മന്ത്രി കെ. ചന്ദ്രശേഖരറാവു. അടച്ചിടല്‍ മെയ് ഏഴ് വരെ നീട്ടി. കോവിഡിന്റെ ഭീതി ഒഴിയാത്തതിനാല്‍ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച യാതൊരു ഇളവുകളും ഈ കാലയളവില്‍ സംസ്ഥാനത്ത് ബാധകമാക്കില്ല.
എങ്ങനെയും രോഗവ്യാപനത്തെ നിയന്ത്രണത്തിലാക്കുകയാണ് ലക്ഷ്യമെന്നും അതിനുവേണ്ടി എന്തു ത്യാഗത്തിനും ജനങ്ങള്‍ തയ്യാറാകണമെന്നും ചന്ദ്രശേഖരറാവു പറഞ്ഞു. മെയ് ഏഴ് ആകുമ്പോഴേക്കും ഇപ്പോള്‍ കണ്ടൈന്മെന്റ് സോണിലുള്ള ആളുകളുടെ 14 ദിവസത്തെ ക്വാറന്റൈന്‍ പീരിയഡും കഴിഞ്ഞിരിക്കും. ഇപ്പോള്‍ മൊത്തം 190 കണ്ടൈന്മെന്റ് സോണുകളാണുള്ളത്.
ഒരു ലക്ഷം രോഗികളെവരെ ചികത്സിക്കാനുള്ള കിടക്കകളും മറ്റും തയ്യാറായിവരുന്നതായി മുഖ്യമന്ത്രി അറിയിച്ചു. ഹൈദരാബാദിലെയും സംസ്ഥാനത്തെ കണ്ടൈന്മെന്റ് സോണുകളിലെയും നിയന്ത്രണങ്ങള്‍ കര്‍ശനമാക്കും. ദ്രുതപരിശോധനകള്‍ നടത്തും. അതേസമയം ഈ മാസവും സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പകുതി ശമ്ബളം മാത്രമേ ലഭിക്കുകയുള്ളൂ. കോവിഡ് പ്രതിരോധ രംഗത്തുള്ള പൊലീസ്, ആരോഗ്യവകുപ്പ്, സാനിറ്ററി, വൈദ്യുതി വകുപ്പുകളിലെ ജീവനക്കാര്‍ എന്നിവര്‍ക്ക് മുഴുവന്‍ ശമ്ബളവും ലഭിക്കും. എന്നാല്‍ ഇവരൊഴികെ മറ്റ് എല്ലാ സംസ്ഥാന ജീവനക്കാരുടെയും പകുതി ശമ്ബളം ഈ മാസവും പിടിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
Post Your Comments