KeralaLatest NewsNews

നീന്തല്‍ കോഴ്‌സ് പാസായി സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ മാത്രം രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയാല്‍ മതിയെന്ന് പ്രളയസമയത്ത് തീരുമാനിച്ചില്ല;  മത്സ്യബന്ധന ബോട്ടുകള്‍  ടെണ്ടര്‍ വിളിച്ച്‌ ആണോ എടുത്തത് എന്ന് പോലും ഇപ്പോഴത്തെ സാഹചര്യത്തില്‍ അവര്‍ ചോദിക്കുമെന്ന വിമർശനവുമായി കടകംപള്ളി

തിരുവനന്തപുരം: സ്പ്രിംഗ്ളര്‍ കരാറില്‍ ഉയരുന്ന വിവാദങ്ങളുടെ പശ്ചാത്തലത്തിൽ പ്രതികരണവുമായി മന്ത്രി കടകംപള്ളി സുരേന്ദ്രൻ. പ്രളയകാലത്ത് മുട്ടോളം വെള്ളത്തില്‍ കുടുങ്ങിയവരുടെ ജീവന്‍ രക്ഷിക്കാനായി ചട്ടം നോക്കാതെയാണ് മത്സ്യബന്ധന ബോട്ടുകള്‍ എടുത്തതെന്നും അന്ന് നമ്മള്‍ ഇതിന്റെയെല്ലാം സാങ്കേതിക നൂലാമാലകള്‍ നോക്കിയിരുന്നെങ്കില്‍ പ്രളയം പതിനായിര കണക്കിന് മനുഷ്യ ജീവനുകള്‍ അപഹരിച്ചേനെയെന്നും ഫേസ്ബുക്ക് പോസ്റ്റിലൂടെ മന്ത്രി വ്യക്തമാക്കി. പ്രളയകാലത്ത് മത്സ്യബന്ധന ബോട്ടുകള്‍ എടുത്തത് ടെണ്ടര്‍ വിളിച്ച്‌ ആണോ എടുത്തത് എന്ന് പോലും ഇപ്പോഴത്തെ സാഹചര്യത്തില്‍ അവര്‍ ചോദിച്ചേക്കും. നിങ്ങള്‍ ഇന്ന് ഉണ്ടാക്കുന്ന ഈ പുകമറയില്‍ സംസ്ഥാന സര്‍ക്കാര്‍ ചെയ്ത നല്ല കാര്യങ്ങള്‍ മറഞ്ഞുപോകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.

Read also: കൊറോണയെ തുരത്താൻ ഒട്ടകങ്ങൾ; കോവിഡ് പ്രതിരോധത്തിനായി ഫലപ്രദമായ മാർഗം കണ്ടുപിടിച്ചതായി ഗവേഷകർ

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം;

2018 – മഹാപ്രളയ കാലം. തിരുവനന്തപുരം ജില്ലയുടെ ചുമതലയുള്ള മന്ത്രി എന്ന നിലയില്‍ എനിക്ക് മുഖ്യമന്ത്രി നല്‍കിയ ഉത്തരവാദിത്തം പ്രളയം രൂക്ഷമായ സമീപ ജില്ലകളെ സഹായിക്കുക എന്നതായിരുന്നു. തോരാതെ പെയ്യുന്ന കനത്ത മഴ പ്രളയം തീര്‍ത്തപ്പോള്‍, മനുഷ്യര്‍ സഹായത്തിനായി കേണു കരഞ്ഞപ്പോള്‍ വിവിധ സേനാവിഭാഗങ്ങളുടെ അടക്കമുളള സേവനം മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ സെക്രട്ടറിയേറ്റിലെ കണ്‍ട്രോള്‍ റൂമില്‍ ഏകോപിപ്പിക്കുന്നതിനിടെയാണ് മത്സ്യത്തൊഴിലാളികള്‍ പ്രളയ മേഖലയിലേക്ക് പോകാന്‍ സന്നദ്ധരാണെന്ന് എന്നെ അറിയിക്കുന്നത്.

തൊഴിലാളികളേയും അവരുടെ ബോട്ടുകളും മധ്യകേരളത്തിലേക്ക് എത്രയും വേഗം എത്തിക്കണം. അതിനായി സുരേന്ദ്രന്‍ നേരിട്ട് ഇടപെടണമെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. പത്തനംതിട്ട ജില്ലാ കളക്ടറെ വിളിച്ചു കാര്യം പറഞ്ഞു. പൂന്തുറയിലെയും തുമ്ബയിലെയും പുരോഹിതരെയും, ജന നേതാക്കളെയും വിളിച്ചു സര്‍ക്കാരിന്റെ ആവശ്യം പറഞ്ഞു. അവര്‍ പൂര്‍ണ പിന്തുണ നല്‍കി. തൊഴിലാളി യൂണിയന്‍ നേതാക്കളെ വിളിച്ചു സംസാരിച്ചു. അവരും എന്തിനും തയ്യാര്‍. പക്ഷേ ബോട്ടുകള്‍ കൊണ്ട് പോകാന്‍ ലോറികള്‍ വേണം. ഉടന്‍ തന്നെ ലോറി ഉടമകളെയും തൊഴിലാളികളെയും ഞാനും ജില്ലാ കളക്ടറും നേരിട്ട് വിളിച്ചു സഹായം അഭ്യര്‍ഥിച്ചു. അവരും പൂര്‍ണമനസോടെ കേരളത്തെ രക്ഷിക്കാന്‍ ഓടിയെത്തി. പിന്നീട് കണ്ടത് ഒരു കൂട്ടായ പരിശ്രമം ആയിരുന്നു.

മത്സ്യത്തൊഴിലാളികളും നാട്ടുകാരും പോലീസും എല്ലാവരും ചേര്‍ന്ന് ബോട്ടുകള്‍ ചുമന്ന് ലോറിയില്‍ കയറ്റി. പട്ടാള വ്യൂഹത്തെ അനുസ്മരിപ്പിക്കും വിധം ലോറികളില്‍ നമ്മുടെ സന്നദ്ധ സംഘം പത്തനംതിട്ടയിലേക്കും ചെങ്ങന്നൂരിലേക്കും കുതിച്ചു. കേരളത്തിന്റെ സ്വന്തം സൈന്യമായ മത്സ്യ തൊഴിലാളികളും പോലീസും ഫയര്‍ഫോഴ്സും വ്യോമ-നാവികസേനയും എല്ലാം ചേര്‍ന്ന് നമ്മുടെ നാടിനെ മുങ്ങാംകുഴിയിട്ട് കൈ പിടിച്ചുയര്‍ത്തുന്നതാണ് പിന്നീട് നാം കണ്ടത്. കേരളം പ്രളയത്തെ അതിജീവിച്ചു. അന്ന് നമ്മള്‍ ഇതിന്റെ സാങ്കേതിക നൂലാമാലകള്‍ നോക്കിയിരുന്നെങ്കില്‍ പ്രളയം പതിനായിര കണക്കിന് മനുഷ്യ ജീവനുകള്‍ അപഹരിച്ചേനെ.

ആ സമയത്ത് നടപടിക്രമങ്ങള്‍ ഒന്നുമായിരുന്നില്ല സര്‍ക്കാരിന്റെ മുന്നിലുണ്ടായിരുന്നത്. കെട്ടിട്ടങ്ങള്‍ക്ക് മുകളില്‍ ജീവരക്ഷാര്‍ത്ഥം നില്‍ക്കുന്ന മനുഷ്യരായിരുന്നു. അന്ന് ബോട്ടുകളുടെ സേവനത്തിന് ടെണ്ടര്‍ വിളിച്ചിരുന്നില്ല. ബോട്ടുകളുടെ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് പരിശോധിച്ചില്ല. മത്സ്യത്തൊഴിലാളികളില്‍ നീന്തല്‍ കോഴ്‌സ് പാസായി സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ മാത്രം രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയാല്‍ മതി എന്ന് തീരുമാനിച്ചില്ല. ലോറിയുടെ ബോഡിയേക്കാള്‍ വലിപ്പമുള്ള വള്ളങ്ങള്‍ ലോറിയില്‍ കയറ്റാന്‍ പാടില്ല എന്ന് നിര്‍ദേശിച്ചില്ല. പക്ഷേ, ഉത്തമ ബോധ്യമുണ്ടായിരുന്നു. നമ്മുടെ കടലിന്റെ മക്കള്‍ നമ്മളെ കൈവിടില്ല എന്നതില്‍.

2020 – ലോകം ഇന്ന് അനിതരസാധാരണമായ ഒരു മഹാമാരിയെ നേരിടുകയാണ്. 1,60,000 കടന്നു ലോകത്തിലെ മരണ നിരക്ക്. അമേരിക്കയിലെ മരണം നാല്‍പതിനായിരത്തോട് അടുക്കുന്നു. മൃതദേഹങ്ങള്‍ കൂട്ടായിടുന്ന സാഹചര്യം പോലും ലോകത്തിലുണ്ട്. എന്നാല്‍ നമ്മുടെ കൊച്ചുകേരളം കോവിഡിന് മുന്നില്‍ കീഴടങ്ങാതെ പൊരുതുകയാണ്. നമ്മള്‍ കോവിഡിന്റെ വ്യാപനത്തെ നിയന്ത്രിച്ചു. എന്നാല്‍ നമ്മള്‍ ജയിച്ചു എന്ന് പൂര്‍ണമായി പ്രഖ്യാപിക്കാറായിട്ടില്ല.

മെയ് 3ന് നാഷണല്‍ ലോക്ക്ഡൗണ്‍ അവസാനിക്കും. ഇന്ത്യക്ക് പുറത്ത് ഭീതിയില്‍ കഴിയുന്ന നമ്മുടെ പ്രവാസി സഹോദരങ്ങളെ നാട്ടില്‍ എത്തിക്കേണ്ടതുണ്ട്. ഇക്കണോമിക് റിവ്യൂ പ്രകാരം 27 ലക്ഷത്തിലധികം പ്രവാസികളുണ്ട് കേരളത്തില്‍ നിന്നും. ചുരുങ്ങിയത് ഇതിന്റെ പത്ത് ശതമാനം പേരെ നമുക്ക് നാട്ടിലെത്തിക്കാന്‍ കഴിഞ്ഞു എന്ന് കരുതുക. അത് 2.7 ലക്ഷം പേരായി. ഇനി മറ്റു സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്കെത്തുന്ന മലയാളികളുടെ കണക്ക് എടുത്താല്‍ ഇതിന്റെ ഇരട്ടി വരും. കേരളം സുരക്ഷിതമാണെന്ന വിശ്വാസം അന്യ സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ക്ക് പൊതുവെയുണ്ട്. ഏകദേശം 10 ലക്ഷത്തിനോട് അടുത്ത് ജനങ്ങള്‍ വരെ ഇവിടേയ്ക്ക് എത്താം. ഇത്രയും പേരെ നമ്മള്‍ എങ്ങനെ നിരീക്ഷണത്തില്‍ പാര്‍പ്പിക്കും? ഏതെങ്കിലും ഒരാള്‍ കാസര്‍കോട്ടെ ഒരു രോഗി ചെയ്തത് പോലെ നമുക്ക് വെല്ലുവിളി ഉയര്‍ത്തിയാല്‍ അപകടമേറും.

ഏത് പ്രദേശത്താണ് കൂടുതല്‍ പേര്‍ നിരീക്ഷണത്തില്‍ ഉള്ളതെന്ന് മനസിലാക്കി അവിടെ നമ്മള്‍ കൂടുതല്‍ ശ്രദ്ധ കൊടുക്കേണ്ടതുണ്ട്. അതെങ്ങനെ ചെയ്യും? ഏതെങ്കിലും മേഖലയില്‍ രോഗവ്യാപന നിരക്ക് കൂടുതല്‍ ആണെങ്കില്‍ അവിടെ പ്രത്യേക ശ്രദ്ധ കൊടുക്കണം. രോഗം ഏറ്റവും മോശമായി ബാധിക്കുന്നത് 60 വയസിന് മുകളില്‍ ഉള്ളവരെയും കാന്‍സര്‍ ഉള്‍പ്പെടെ മറ്റു രോഗബാധിതരെയുമാണ്. ഇവര്‍ കൂടുതല്‍ ഉള്ള പ്രദേശങ്ങളിലും പ്രത്യേക ശ്രദ്ധ വേണം. എന്നാല്‍ ഇങ്ങനെ ചില പ്രദേശങ്ങളില്‍ പ്രത്യേക ശ്രദ്ധ കൊടുക്കുമ്ബോഴും മറ്റു പ്രദേശങ്ങളില്‍ ശ്രദ്ധ കുറയാനും പാടില്ല. അപ്പോള്‍ ഓരോ പ്രദേശത്തിന്റെയും പ്രത്യേകതകള്‍ മനസിലാക്കി നമ്മുടെ കൈയ്യില്‍ ലഭ്യമായിട്ടുള്ള ആരോഗ്യപ്രവര്‍ത്തകരെയും മറ്റ് വിഭവശേഷിയെയും ഫലപ്രദമായി വിനിയോഗിക്കേണ്ടതുണ്ട്. ഇത് നമ്മള്‍ എങ്ങനെ അനലൈസ് ചെയ്യും.

ഈ ചോദ്യത്തിന് മറുപടിയായാണ് സ്പ്രിംഗ്‌ളര്‍ എന്ന മലയാളി ഉടമസ്ഥത. ബിഗ് ഡേറ്റ അനാലിസിസില്‍ പ്രഗദ്ഭരായിട്ടുള്ള കമ്ബനിയാണ് സ്പ്രിംഗ്‌ളര്‍. അതായത് പല മേഖലയില്‍ നിന്നും ശേഖരിക്കുന്ന പല തരത്തിലുള്ള വിവരങ്ങള്‍ ക്രോഡീകരിച്ച്‌ നമുക്ക് വേണ്ട രീതിയില്‍ ഒരു സിസ്റ്റമാറ്റിക് ആയ ഫലം നല്‍കുന്നതില്‍ മികവ് തെളിയിച്ചവര്‍. ലോകാരോഗ്യ സംഘടന ഉള്‍പ്പെടെ സ്പ്രിംഗ്‌ളറിന്റെ ഉപഭോക്താക്കള്‍ ആണ്. ഇത്തരത്തില്‍ ഒരു ബിഗ് ഡേറ്റ അനാലിസിസ് ടൂള്‍ ഉപയോഗിക്കുന്നതോടെ കേരളത്തിലേക്ക് വരുന്ന ഓരോരുത്തരുടെയും വിവരം നമുക്ക് ശേഖരിക്കാന്‍ കഴിയും. ആര്‍ക്കെങ്കിലും രോഗം സ്ഥിരീകരിച്ചാല്‍ അവര്‍ വന്ന ഫ്ലൈറ്റില്‍ / ട്രെയിനില്‍ / ബസില്‍ ഉണ്ടായിരുന്ന മുഴുവന്‍ പേരെയും വളരെ വേഗം കണ്ടെത്താം. ഏത് മേഖലയിലാണ് വ്യാപന നിരക്ക് കൂടുതലുള്ളതെന്ന് കണ്ടെത്താം. എവിടെയാണ് ആരോഗ്യ പ്രവര്‍ത്തകരുടെ സേവനം കൂടുതല്‍ വേണ്ടതെന്ന് കണ്ടെത്താം. ഇപ്പോള്‍ നമ്മള്‍ ജില്ലാ അടിസ്ഥാനത്തില്‍ കോവിഡ് മേഖലകള്‍ തിരിച്ചിരിക്കുന്നത് പഞ്ചായത്ത് അടിസ്ഥാനത്തിലും വില്ലേജ് അടിസ്ഥാനത്തിലും തിരിക്കാന്‍ കഴിയും. ഇങ്ങനെ നമ്മുടെ പ്രവര്‍ത്തനങ്ങള്‍ ഒരു മുഴം മുന്നേ നീട്ടിയെറിയാന്‍‌ സാങ്കേതികവിദ്യ നമ്മളെ സഹായിക്കും.

ഈ സമയത്ത് ഇതിന് ടെണ്ടര്‍ വിളിച്ചിരുന്നോ എന്നൊക്കെ ചോദിക്കുന്നവരോട് സൗജന്യ സേവനം നല്‍കുന്നവര്‍ക്ക് എന്തിനാണ് ടെണ്ടര്‍? ഇനി ടെണ്ടര്‍ വിളിക്കുകയാണെങ്കില്‍ തന്നെ അതിനെടുക്കുന്ന കാലതാമസം എത്രയാണെന്ന് അറിയാത്തവരൊന്നുമല്ല ഇപ്പോള്‍ വിവാദം ഉയര്‍ത്തുന്നത്. മനുഷ്യര്‍ ജീവിതത്തിനും മരണത്തിനും ഇടയില്‍ പൊരുതുമ്ബോള്‍ പോലും അനാവശ്യ വിവാദങ്ങള്‍ ഉണ്ടാക്കുന്നവരെ ജനങ്ങള്‍ കാണുന്നുണ്ട്. പ്രളയകാലത്ത് മത്സ്യബന്ധന ബോട്ടുകള്‍ എടുത്തത് ടെണ്ടര്‍ വിളിച്ച്‌ ആണോ എടുത്തത് എന്ന് പോലും ഇപ്പോഴത്തെ സാഹചര്യത്തില്‍ അവര്‍ ചോദിച്ചേക്കും. നിങ്ങള്‍ ഇന്ന് ഉണ്ടാക്കുന്ന ഈ പുകമറയില്‍ സംസ്ഥാന സര്‍ക്കാര്‍ ചെയ്ത നല്ല കാര്യങ്ങള്‍ മറഞ്ഞുപോകില്ല

shortlink

Related Articles

Post Your Comments

Related Articles


Back to top button