തിരുവനന്തപുരം • ഒരാഴ്ചയായി പട്ടിണിയിലാണെന്ന അഥിതി തൊഴിലാളികളുടെ സന്ദേശം ലഭിച്ചതിനെത്തുടര്‍ന്ന് അന്വേഷിച്ചെത്തിയ അധികൃതര്‍ കണ്ടത് ചിക്കന്‍ കറിയും മുട്ടയും കൂട്ടി ചോറ് ഉണ്ണുന്ന തൊഴിലാളികളെ. തിരുവനന്തപുരം മലയിന്‍കീഴാണ് സംഭവം. വിളവൂര്‍ക്കല്‍ കുരുശുമുട്ടം വാര്‍ഡിലെ പള്ളിമുക്ക് സുകൃതം ലൈനില്‍ താമസിക്കുന്ന 15 കെട്ടിട നിര്‍മാണ തൊഴിലാളികളാണ് ലോക്ക്ഡൗണിനിടെ വ്യാജ സന്ദേശത്തിലൂടെ ഉദ്യോഗസ്ഥരെ ബുദ്ധിമുട്ടിച്ചത്.
കോവിഡിനെ തുരത്താന്‍ ജില്ലാ ഭരണകൂടവും അധികൃതരും നെട്ടോട്ടമോടുന്നതിനിടെയാണ് തങ്ങള്‍ ഒരാഴ്ചയായി പട്ടിണിയിലാണെന്ന സന്ദേശം ജില്ലാ കലക്ടറുടെ ഓഫീസില്‍ ലഭിക്കുന്നത്. തുടര്‍ന്ന് ഉടന്‍ തന്നെ പരിശോധനയ്ക്കായി ഉദ്യോഗസ്ഥരെ അയച്ചു. ഇവര്‍ എത്തുമ്പോള്‍ കണ്ട കാഴ്ച ഞെട്ടിക്കുന്നതായിരുന്നു. ചോറും ചിക്കന്‍ കറിയും മുട്ടയും കഴിക്കുന്ന തൊഴിലാളികളെയാണ് അവര്‍ക്ക് കാണാന്‍ കഴിഞ്ഞത്.
ക്യാംപില്‍ നാല് ഗ്യാസ് കുറ്റിയും മൂന്ന് അടുപ്പും ഉണ്ട്. 40 കിലോ അരി, ഒരാഴ്ചത്തേക്കുള്ള പച്ചക്കറി, മുട്ട, ആട്ട എന്നിവയും ഉദ്യോഗസ്ഥര്‍ കണ്ടെത്തി. ഒടുവില്‍ താക്കീതും നല്‍കിയാണ് അധികൃതര്‍ മടങ്ങിയത്.
നേരത്തെ പായിപ്പാട് നാട്ടില്‍ പോകണമെന്ന് ആവശ്യപ്പെട്ട് അഥിതി തൊഴിലാളികള്‍ തെരുവിലിറങ്ങിയത് തലവേദന സൃഷ്ടിച്ചിരുന്നു. പിന്നാലെ, നോണ്‍-വെജ് ഇല്ലെന്ന കാരണം പറഞ്ഞ് ചാലയില്‍ അഥിതി തൊഴിലാളികള്‍ ഭക്ഷണപൊതി വലിച്ചെറിഞ്ഞതും വാര്‍ത്തയായിരുന്നു.
Post Your Comments