തിരുവനന്തപുരം : സംസ്ഥാനത്ത് ഏഴ് ജില്ലകളില്‍ തിങ്കളാഴ്ച മുതല്‍ ഇളവുകള്‍ . ജനങ്ങള്‍ക്ക് അറിയിപ്പുമായി ഡിജിപി ലോക്നാഥ് ബെഹ്റ. ലോക്ഡൗണുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ പ്രഖ്യാപിച്ച ഇളവുകള്‍ പച്ച, ഓറഞ്ച് ബി മേഖലകളിലാണ് തിങ്കളാഴ്ച മുതല്‍ നിലവില്‍ വരുമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ. പച്ച മേഖലയില്‍ കോട്ടയം, ഇടുക്കി ജില്ലകളും ഓറഞ്ച് ബി മേഖലയില്‍ ആലപ്പുഴ, തിരുവനന്തപുരം, പാലക്കാട്, വയനാട്, തൃശൂര്‍ ജില്ലകളുമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. നേരത്തെ, ചൊവ്വാഴ്ച മുതല്‍ ഇളവുകള്‍ പ്രാബല്യത്തില്‍ വരുമെന്നാണ് അറിയിച്ചിരുന്നത്.
പച്ച, ഓറഞ്ച് ബി മേഖലയില്‍ ജില്ലാ അതിര്‍ത്തി കടന്നുള്ള യാത്രകള്‍ നിരോധിച്ചിട്ടുണ്ട്. മെഡിക്കല്‍ ആവശ്യങ്ങള്‍ക്കും മാര്‍ഗനിര്‍ദേശങ്ങളില്‍ വ്യക്തമാക്കിയിട്ടുള്ള കാര്യങ്ങള്‍ക്കും മാത്രമേ ജില്ലാഅതിര്‍ത്തിയും സംസ്ഥാന അതിര്‍ത്തിയും കടന്നുള്ള യാത്ര അനുവദിക്കൂ. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സിനിമാതിയറ്ററുകള്‍, ഷോപ്പിങ് കേന്ദ്രങ്ങള്‍, പാര്‍ക്കുകള്‍, ബാറുകള്‍ മുതലയായവ പ്രവര്‍ത്തിക്കില്ല. ജനങ്ങള്‍ കൂട്ടംകൂടുന്ന എല്ലാതരം പരിപാടികളും നിരോധിച്ചിട്ടുണ്ട്. ആരാധനാകേന്ദ്രങ്ങളും തുറക്കില്ല. വിവാഹത്തിനും മരണാനന്തരചടങ്ങുകളിലും 20ല്‍ കൂടുതല്‍ ആളുകള്‍ പങ്കെടുക്കാന്‍ അനുവദിക്കില്ല.
ഒന്ന്, മൂന്ന്, അഞ്ച്, ഏഴ്, ഒന്‍പത് നമ്പറുകളില്‍ അവസാനിക്കുന്ന റജിസ്‌ട്രേഷന്‍ നമ്പറുള്ള വാഹനങ്ങള്‍ക്ക് തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ യാത്രാനുമതി നല്‍കിയിട്ടുണ്ട്. പൂജ്യം, രണ്ട്, നാല്, ആറ്, എട്ട് അക്കങ്ങളില്‍ അവസാനിക്കുന്ന നമ്പറുള്ള വാഹനങ്ങള്‍ക്ക് അനുമതിയുള്ളത് ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലാണ്. എന്നാല്‍, ഒഴിവാക്കപ്പെട്ട വിഭാഗത്തിലുള്ളവരും തുറന്നുപ്രവര്‍ത്തിക്കാന്‍ അനുമതി ലഭിച്ചിട്ടുള്ള സ്ഥാപനങ്ങളിലെ ജീവനക്കാരും സഞ്ചരിക്കുന്ന വാഹനങ്ങള്‍ക്ക് ഈ ക്രമം ബാധകമല്ല.
Post Your Comments