Latest NewsNewsFootballSports

ലോകകപ്പ് നേടിയ ഇംഗ്ലണ്ട് ടീമംഗമായ ലീഡ്സ് യുണൈറ്റഡിന്റെ ഇതിഹാസ ഫുട്ബോള്‍ താരം കോവിഡ് ബാധിച്ച് മരിച്ചു

ലണ്ടന്‍: 1966ല്‍ ലോകകപ്പ് നേടിയ ഇംഗ്ലണ്ട് ഫുട്ബോള്‍ ടീമംഗവും ലീഡ്സ് യുണൈറ്റഡിന്റെ ഇതിഹാസ ഫുട്ബോള്‍ താരവുമായ നോര്‍മന്‍ ഹണ്ടര്‍ (76) കോവിഡ് ബാധിച്ച് മരിച്ചു. ഈ മാസം 10നാണ് ഇദ്ദേഹത്തെ കോവിഡ് സ്ഥിരീകരിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ലീഡ്സ് യുണൈറ്റഡിനു വേണ്ടി 726 മത്സരങ്ങള്‍ കളിച്ച താരം ക്ലബ്ബിന്റെ ഇതിഹാസമായാണ് അറിയപ്പെടുന്നത്. ക്ലബ്ബിനൊപ്പം രണ്ടു തവണ പ്രീമിയര്‍ ലീഗ് കിരീടവും ഓരോ തവണ എഫ്എ കപ്പ്, ലീഗ് കപ്പ് എന്നിവയും രണ്ടു തവണ ഇന്റര്‍ സിറ്റീസ് ഫെയേഴ്സ് കപ്പും താരം നേടിയിട്ടുണ്ട്.

1966ല്‍ ലോകകപ്പ് നേടിയ ടീമില്‍ അംഗമായിരുന്നെങ്കിലും ഒരു മത്സരം പോലും ഹണ്ടറിന് കളിക്കാന്‍ സാധിച്ചിരുന്നില്ല. സെന്‍ട്രല്‍ ഡിഫന്‍ഡറുടെ റോളിലായിരുന്നു താരം കളിച്ചിരുന്നത്. എന്നാല്‍ അന്ന് സെന്‍ട്രല്‍ ഡിഫന്‍ഡര്‍മാരായ ജാക്ക് ഷാള്‍ട്ടന്‍- ബോബി മൂര്‍ കൂട്ടുകെട്ട് മികച്ച ഫോമിലായിരുന്നതിനാലാണ് താരത്തിന് അവസരം കിട്ടാതെ പോയത്.

‘ലീഡ്സ് യുണൈറ്റഡ് കുടുംബത്തില്‍ വലിയൊരു വിടവു സൃഷ്ടിച്ചാണ് അദ്ദേഹം വിടവാങ്ങുന്നതെന്നും ക്ലബ് ഒരിക്കലും അദ്ദേഹത്തിന്റെ സംഭാവനകള്‍ മറക്കില്ലെന്നും ഈ ദുഃഖകരമായ നിമിഷത്തില്‍ നോര്‍മന്റെ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും വേദന പങ്കിടുന്നെന്നും ലീഡ്സ് യുണൈറ്റഡ് ട്വിറ്ററില്‍ കുറിച്ചു.

1969, 1974 വര്‍ഷങ്ങളില്‍ ലീഡ്സിനൊപ്പം ഫുട്ബോള്‍ ലീഗ് ഫസ്റ്റ് ഡിവിഷന്‍ കിരീടമുയര്‍ത്തുകയും. 1968ല്‍ ലീഗ് കപ്പ് ഫൈനലിലും 1972ല്‍ എഫ്.എ. കപ്പ് ഫൈനലിലും ആര്‍സനലിനെ തോല്‍പ്പിച്ച ലീഡ്സ് യുണൈറ്റഡ് ടീമിന്റെ പ്രതിരോധത്തിലെ നെടുന്തൂണായിരുന്നു നോര്‍മന്‍. ലീഡ്സ് യുണൈറ്റഡ് വിട്ടശേഷം ബ്രിസ്റ്റള്‍ സിറ്റി, ബാണ്‍സ്ലി എന്നീ ക്ലബ്ബുകള്‍ക്കു വേണ്ടിയും താരം ബൂട്ട് കെട്ടിയിട്ടുണ്ട്. പിന്നീട് പരിശീലകനായിയും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button