ന്യൂഡല്‍ഹി : കോവിഡിനെ പ്രതിരോധിയ്ക്കാന്‍ കുഷ്ഠരോഗത്തിനെതിരെയുളള വാക്സിന് . പുതിയ പരീക്ഷണത്തിനൊരുങ്ങി ഇന്ത്യ. കൊറോണ വൈറസിനെതിരെ മള്‍ട്ടി പര്‍പ്പസ് (വിവിധോദ്ദേശ്യ) വാക്സിന് പരീക്ഷിക്കാനൊരുങ്ങുകയാണ് ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍. കുഷ്ഠ രോഗത്തിനെതിരെയും ആളുകളുടെ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ വേണ്ടി ഉപയോഗിക്കുന്നതുമായ എംഡബ്ല്യൂ വാക്സിനാണ്(MW vaccine) കൊറോണ വൈറസിനെ പിടിച്ചുകെട്ടാന്‍ സഹായകമാകുമോ എന്ന് പരീക്ഷിക്കുന്നതെന്നാണ് കൗണ്‍സില്‍ ഓഫ് സയന്റിഫിക് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ച് (സിഎസ്ഐആര്‍) അറിയിച്ചത്.
Read Also : കോവിഡ്, മറ്റ് രാജ്യങ്ങളെ സഹായിച്ച ഇന്ത്യക്ക് അഭിനന്ദനവുമായി യുഎന്‍
‘കുഷ്ഠരോഗത്തിനെതിരെ ഫലപ്രദമായി ഉപയോഗിക്കപ്പെട്ട എംഡബ്ല്യൂ വാക്സിനില്‍ ഡ്രഗ് കണ്ട്രോള് ജനറല്‍ ഓഫ് ഇന്ത്യയുടെ അനുവാദത്തോടെ പരീക്ഷണങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു. വാക്സിന് നിര്‍മിക്കുക എന്നത് ഒരു നീണ്ട പ്രക്രിയയാണ്. ഗവേഷണങ്ങള്‍ പുരോഗമിക്കുന്നു. രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന വാക്സിനുമായി ബന്ധപ്പെട്ടാണ് പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. രണ്ട് ഇടങ്ങളില്‍നിന്നുള്ള അനുവാദം കൂടി ലഭിക്കാനുണ്ട്. അതുകൂടി ലഭിച്ചാല്‍ ഞങ്ങള്‍ ട്രയല്‍ ആരംഭിക്കും. അടുത്ത ആറാഴ്ചയ്ക്കകം ഫലം അറിയാന്‍ സാധിക്കും.’- സിഎസ്ഐആര്‍ ഡയറക്ടര്‍ ജനറല്‍ ശേഖര്‍ മാണ്ഡെ വ്യക്തമാക്കി.
കോവിഡ് 19 മഹാമാരിയ്ക്കെതിരെ ഒരു പ്രതിരോധ വാക്സിന് വികസിപ്പിച്ചെടുക്കാന്‍ ഏറ്റവും കുറവ് 12 മാസമെങ്കിലും വേണ്ടിവരുമെന്നാണു ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യുഎച്ച്ഒ) വിലയിരുത്തല്‍. നിലവില്‍ 22 ലക്ഷത്തോളം ആളുകളെ ബാധിച്ചതും 1.5 ലക്ഷത്തോളം ആളുകളുടെ ജീവന് കവര്‍ന്നതുമായ മഹാമാരിയെ പിടിച്ചുകെട്ടാന്‍ വാക്സിന് വികസിപ്പിക്കുന്നതിലുള്ള പ്രവര്‍ത്തനങ്ങളിലാണ് യുഎസ്, ചൈന ഉള്‍പ്പെടെയുള്ള പല ലോകരാജ്യങ്ങളും. ഇന്ത്യയില്‍ ഇതുവരെ 480 പേര് കോവിഡ് ബാധിച്ചു മരിച്ചു. 13,000 ലധികം ആളുകള്‍ക്കാണ് രോഗബാധ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
Post Your Comments