മനാമ : കോവിഡ് പ്രതിരോധ, ദുരിതാശ്വാസ നടപടികള്‍ക്കായി ബഹറൈനിലെ രണ്ട് ലക്ഷത്തോളം വരുന്ന മലയാളികളില്‍ പ്രയാസം അനുഭവിക്കുന്നവരെ കണ്ടെത്തി സഹായിക്കുന്നതിനായി നോര്‍ക്ക ഹെല്പ് ഡെസ്ക്കിന്റെ പ്രവര്‍ത്തനം കൂടുതല്‍ വിപുലപ്പെടുത്തുന്നു. കഴിഞ്ഞ ദിവസം ചേര്‍ന്ന ഓണ്‍ലൈന്‍ യോഗത്തില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഫലപ്രദമായ ഇടപെടലിന് വേണ്ടി ഒരു ഏകോപന സമിതിക്ക് രൂപം നല്കി. ഇത് കൂടാതെ വിവിധ കമ്മിറ്റികളും പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്. പ്രവാസി കമീഷന് അംഗം സുബൈര്‍ കണ്ണൂര്‍, സമാജം മെമ്പര്‍ഷിപ് സെക്രട്ടറി ആര്. ശരത്ത് എന്നിവരുടെ മേല്‍നോട്ടത്തില്‍ ബഹ്റൈന്‍ കേരളീയ സമാജം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഓഫിസാണ് വിവിധ കമ്മിറ്റികളുടെ പ്രവര്‍ത്തനങ്ങള്‍.
ഭക്ഷണക്കിറ്റ് വിതരണം, വിവിധ മന്ത്രാലയങ്ങളുമായി എകോപനം, ഇന്ത്യയിലെയും ബഹ്റൈനിലെയും ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെട്ട ഏകോപനം, ആരോഗ്യം, വിമാനമാര്‍ഗമുള്ള അടിയന്തര ഒഴിപ്പിക്കല്‍, മാധ്യമ വിഭാഗം, കൗണ്‍സലിങ്ങ് എന്നിവക്കായി സബ് കമ്മിറ്റികള്‍ രൂപവത്കരിച്ചു. ബഹ്റൈന്റെ വിവിധ പ്രദേശങ്ങളില്‍ പ്രാദേശിക കമ്മിറ്റികള്‍ രൂപവത്കരിച്ച് പ്രവര്‍ത്തനം താഴെ തട്ടിലേക്ക് വ്യാപിപ്പിക്കാനും അതുവഴി കൂടുതല്‍ മലയാളികള്‍ക്ക് ആശ്വാസമെത്തിക്കാനും തീരുമാനിച്ചിട്ടുണ്ട്. സഹായം ആവശ്യമായവര്‍ക്ക് ബഹ്റൈന്‍ കേരളീയ സമാജം നോര്‍ക്ക സെല്ലിന്റെ കീഴിലുള്ള അടിയന്തര ഹെല്പ്ലൈന് നമ്പറുകളായ രാവിലെ പത്തു മുതല്‍ രാത്രി 12 വരെയുള്ള 35347148, 33902517 എന്നീ നമ്പറുകളിലും, വൈകീട്ട് അഞ്ച് മുതല്‍ രാത്രി 11 വരെ 35320667, 39804013 എന്നീ നമ്പറുകളിലും ബന്ധപ്പെടാം.
Post Your Comments