തിരുവനന്തപുരം: ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിനാൽ പിഎസ് സി നിയമന ഉത്തരവ് ലഭിച്ചിട്ടും ജോലിയിൽ പ്രവേശിക്കാനാകാത്ത ഉദ്യോഗാർത്ഥികൾക്ക് സമയ പരിധി നീട്ടി നൽകി സർക്കാർ. സംസ്ഥാനത്തെ ലോക്ക്ഡൗണ്‍ കാലാവധി അവസാനിക്കുന്നതുവരെ ജോലിയിൽ പ്രവേശിക്കുന്നതിന് ഇവർക്കു സമയപരിധി നീട്ടി നൽകി ഉത്തരവിറക്കി. ലോക്ക്ഡൗണ്‍ കാലയളവിലോ അതിന് ഒരു മാസം മുന്‍പോ പിഎസ് സിയിൽനിന്ന് അഡ്വൈസ് മെമ്മോ ലഭിച്ച്, നിയമനാധികാരിയിൽനിന്ന് നിയമന ഉത്തരവ് ലഭിച്ചിട്ടും ജോലിയിൽ പ്രവേശിക്കാൻ സാധിക്കാത്ത ഉദ്യോഗാർഥികൾക്കാണ് ആനുകൂല്യം ലഭിക്കുക.
അതേസമയം കേരളത്തിൽ ഇന്ന് വെള്ളിയാഴ്ച്ച ആശ്വാസ ദിനമാണ്, ഒരാൾക്ക് മാത്രം കോവിഡ്-19. കോഴിക്കോട് ജില്ലയിലുള്ളയാൾക്കാണ് രോഗം സ്ഥിരീകരിച്ചത്. സമ്പർക്കത്തിലൂടെയാണ് ഇയാൾക്ക് രോഗം വന്നത്. 10 പേര്‍ കൂടി ഇന്ന് രോഗമുക്തി നേടി, കാസര്‍ഗോഡ് ജില്ലയിലെ 6 പേരുടേയും എറണാകുളം ജില്ലയിലെ 2 പേരുടേയും ആലപ്പുഴ, മലപ്പുറം എന്നീ ജില്ലകളിലുള്ള ഓരോരുത്തരുടേയും പരിശോധനാഫലമാണ് നെഗറ്റീവായത്. 255 പേരാണ് ഇതുവരെ കോവിഡില്‍ നിന്നും സുഖം പ്രാപിച്ചത്. നിലവില്‍ 138 പേരാണ് സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 78,980 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 78,454 പേര്‍ വീടുകളിലും 526 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 84 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രോഗലക്ഷണങ്ങളുള്ള 18,029 വ്യക്തികളുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 17,279 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റിവ് ആണ്
Post Your Comments