ന്യൂഡൽഹി: കേന്ദ്ര സർക്കാർ അനുമതി ലഭിച്ചതിനാൽ കോവിഡ് രോഗികളിൽ പ്ലാസ്മാ തെറാപ്പി പരീക്ഷിക്കുമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. അടുത്ത മൂന്നോ നാലോ ദിവസത്തിനുള്ളിൽ പ്ലാസ്മാ തെറാപ്പി പരീക്ഷണം ആരംഭിക്കും. ഡൽഹിയെ കൂടാതെ മഹാരാഷ്ട്രയും തമിഴ്നാടും ഈ ആവശ്യം ഉന്നയിച്ചിരുന്നു. കോവിഡ് രോഗികളുടെ എണ്ണം കൂടി വരുന്ന സംസ്ഥാനങ്ങളാണ് ഇവ രണ്ടും.
ഗുരുതരാവസ്ഥയിലുള്ള രോഗികളെ രക്ഷിക്കാൻ പ്ലാസ്മാ തെറാപ്പി ഫലപ്രദമാകുമെന്നും കെജ്രിവാൾ പറഞ്ഞു. ഇതിനുള്ള ക്ലിനിക്കൽ പരീക്ഷണം നടത്താനായി കൂടുതൽ സ്ഥാപനങ്ങൾക്ക് ഐസിഎംആർ അംഗീകാരം നൽകുമെന്നാണ് റിപ്പോർട്ട്. പ്ലാസ്മാ തെറാപ്പിയുടെ സുരക്ഷിതത്വവും പ്രായോഗികതയും പഠിക്കുന്നതിനാണ് ക്ലിനിക്കൽ ട്രയലുകൾക്ക് അനുമതി നൽകുന്നത്.
ക്ലിനിക്കൽ പരീക്ഷണങ്ങൾക്കുള്ള പ്രോട്ടോക്കോളിനായി ഡ്രഗ് കൺട്രോളർ ഓഫ് ഇന്ത്യയുടെ അനുമതി തേടിയിരിക്കണമെന്നും നിർദേശമുണ്ട്. ഇതിനായി ആശുപത്രികളിൽ നിന്നും ആരോഗ്യ മേഖലയിലെ വിവിധ സ്ഥാപനങ്ങളിൽ നിന്നും ഐസിഎംആർ താത്പര്യപത്രം ക്ഷണിച്ചിട്ടുണ്ട്.
തിരുവനന്തപുരത്തെ ശ്രീചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിന് പ്ലാസ്മ തെറാപ്പി ക്ലിനിക്കൽ ട്രയലിനുള്ള അനുമതി ലഭിച്ചിരുന്നു. രോഗം ഭേദമായവരുടെ രക്തത്തിൽ നിന്നുള്ള ആന്റിബോഡി ഉപയോഗിച്ചാണ് ചികിത്സ. കൊവിഡ് ചികിത്സയ്ക്കായി നിരവധി രാജ്യങ്ങൾ കൊൺവലസന്റ് പ്ലാസ്മാ തെറാപ്പി ഉപയോഗിക്കുന്നുണ്ട്.
Post Your Comments