അധ്യാപികയായ രൂപശ്രീയുടെ മരണം കടലില്‍ മുങ്ങിയാണെന്ന വാദം ഓരോന്നായി പൊളിച്ച് അന്വേഷണസംഘം. കേസില്‍ പ്രതി വെങ്കിട്ടരമണയെയും നിരഞ്ജനെയും കൊണ്ട് കൊലപാതകവും തെളിവ് നശിപ്പിക്കലും പൂര്‍ണ്ണമായും പുനര്‍ചിത്രീകരിച്ചാണ് സംഘം തെളിവ് ശേഖരിച്ചു കുറ്റപത്രം തയ്യാറാക്കിയത്. ഇത് പ്രോസിക്യൂഷന് കേസില്‍ ഏറെ നേട്ടമാകുകയാണ്. കേസില്‍ പ്രധാന വഴിതിരിവായത് പോസ്റ്റ്‌മോര്‍ട്ടത്തിലെ ചില കണ്ടെത്തലുകളായിരുന്നു.
പ്രതിയായ വെങ്കിട്ടരമണ അധ്യാപികയുമായുള്ള അടുപ്പം മുതലെടുത്ത് ഇവരെ വീട്ടിലേക്ക് വിളിച്ചുവരുത്തി ഒപ്പമുണ്ടായിരുന്ന നിരഞ്ജനൊപ്പം ചേര്‍ന്ന് പീഡിപ്പിച്ച ശേഷം വിവസ്ത്രയായ ടീച്ചറെ വലിയ വീപ്പയില്‍ മുക്കി കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് പ്രതികള്‍ മൃതദേഹം കടലില്‍ കളയുകയായിരുന്നു. രണ്ട് ദിവസത്തിന് ശേഷം മഞ്ചേശ്വരം കടപ്പുറത്ത് നിന്ന് കണ്ടെത്തിയ രൂപശ്രീയുടെ വയറ്റില്‍ നിന്ന് പോസ്റ്റുമോര്‍ട്ടത്തില്‍ ലഭിച്ച വെള്ളം കിണര്‍ വെള്ളമാണെന്ന് തെളിഞ്ഞതോടെ കടലില്‍ മുങ്ങിയാണ് മരിച്ചതെന്ന വാദം ആദ്യമേ പൊളിയുകയായിരുന്നു.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ വെങ്കിട്ട രമണയുടെ വീട്ടിലെ വീപ്പയില്‍ നിന്ന് കണ്ടെടുത്ത വെള്ളവും പോസ്റ്റുമോര്‍ട്ടത്തില്‍ ലഭിച്ച വെള്ളവും ഒന്നാണെന്ന് കണ്ടെത്തിയതോടെ അന്വേഷണത്തില്‍ പുതിയ വഴിതിരിവാകുകയും കൊലപാതകത്തിലെ പ്രധാന തെളിവാകുകയും ചെയ്തു. പിന്നീട് കര്‍ണാടകയുടെ വിവിധ സ്ഥലങ്ങളില്‍ മൃതദേഹം കളയാന്‍ പ്രതികള്‍ നടത്തിയ കാര്‍ യാത്രയുടെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് കിട്ടിയതോടെ പ്രതികള്‍ പൂര്‍ണ്ണമായും കുടുങ്ങി.
Post Your Comments