തിരുവനന്തപുരം • സംസ്ഥാനത്തെ ഏഴു ജില്ലകളെ ഹോട്ട്സ്പോട്ടുകള്‍ ആയി നിര്‍ണ്ണയിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടി അശാസ്ത്രീയമെന്ന് സംസ്ഥാന മന്ത്രിസഭാ യോഗത്തില്‍ വിലയിരുത്തല്‍. ഇക്കാര്യത്തില്‍ വ്യക്തത തേടിയും ഹോട്ട്സ്പോട്ടുകള്‍ക്ക് പകരം സോണുകള്‍ ആണ് വേണ്ടതെന്നും ആവശ്യപ്പെട്ടും കേന്ദ്രത്തെ സമീപിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.
രോഗവ്യാപനത്തിന്‍റെ തോത് അനുസരിച്ച് സംസ്ഥാനത്തെ ജില്ലകളെ മൂന്ന് മേഖലകളാക്കി തിരിക്കാന്‍ മന്ത്രിഭായോഗം തീരുമാനിച്ചു. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം ജില്ലകള്‍ റെഡ്സോണ്‍ മേഖലയായി മാറും. നിലവില്‍ ഒരു കോവിഡ് രോഗി പോലുമില്ലാത്ത വയനാടും, കോട്ടയവും ഗ്രീന്‍ സോണാക്കണമെന്നും തിരുവനന്തപുരവും എറണാകുളവും അടക്കമുള്ള മറ്റു ജില്ലകള്‍ ഓറഞ്ച് സോണിലേക്ക് മാറ്റണമെന്നും കേന്ദ്രത്തോട് ആവശ്യപ്പെടും.
കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം ജില്ലകളിലാണ് രോഗ വ്യാപന നിരക്ക് കൂടുതലുള്ളത്. അതുകൊണ്ടുതന്നെ കൂടുതല്‍ ശ്രദ്ധയും ജാഗ്രതയും ഈ മേഖലയില്‍ ഉണ്ടാകേണ്ടതുണ്ട്. കേന്ദ്ര ലിസ്റ്റില്‍ കോഴിക്കോട് ഗ്രീന്‍ ലിസ്റ്റിലും ഒരു കൊവിഡ് രോഗി മാത്രമുള്ള വയനാട് റെഡ് സോണിലുമാണുള്ളത്. ഈ ആശയക്കുഴപ്പം തീര്‍ക്കേണ്ടതുണ്ട്. ദേശീയ തലത്തില്‍ നിന്ന് തീര്‍ത്തും വ്യത്യസ്ഥമാണ് കേരളത്തിന്റെ രോഗ വ്യാപന നിരക്കെന്ന വിലയിരുത്തലും കേന്ദ്ര സര്‍ക്കാരിനെ സംസ്ഥാന സര്‍ക്കാര്‍ അറിയിക്കും.
ലോക്ക്ഡൗണ്‍ നീട്ടിയതോടനുബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ അതുപോലെ പാലിക്കാനും മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. മാര്‍ഗനിര്‍ദ്ദേശം അനുസരിച്ച് തിങ്കളാഴ്ച മുതല്‍ കയര്‍, കശുവണ്ടി, കൈത്തറി, ബീഡി മേഖലകളില്‍ കൂടുതല്‍ ഇളവുകള്‍ അനുവദിക്കും.
കേന്ദ്ര മാര്‍ഗനിര്‍ദ്ദേശം അനുസരിച്ച് ഗതാഗതത്തിലും മദ്യ വില്‍പ്പനയിലുമുള്ള നിയന്ത്രണങ്ങളൊന്നും നീക്കിയിട്ടില്ല. അതേ സമയം സാലറി ചലഞ്ചുമായി ബന്ധപ്പെട്ട കാര്യത്തിലും തീരുമാനമുണ്ടായിട്ടില്ല.
Post Your Comments