തിരുവനന്തപുരം • കോവിഡ് 19 നിയന്ത്രണത്തിൽ കുറവ് വരുത്തിയാൽ രോഗവ്യാപന സാധ്യത വർധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ജാഗ്രത ശക്തമായി തുടരണം. സംസ്ഥാനത്ത് പരിശോധനയുടെ എണ്ണം വർധിപ്പിക്കും. കേരളത്തിൽ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ഏതുവിധം നടപ്പാക്കണമെന്ന് വ്യാഴാഴ്ചത്തെ മന്ത്രിസഭാ യോഗത്തിൽ തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
വിദേശത്ത് കൂടുതൽ ക്വാറന്റൈൻ സംവിധാനം തുടങ്ങുമെന്ന് സംസ്ഥാനം നടത്തിയ അന്വേഷണത്തിന് മറുപടി ലഭിച്ചിട്ടുണ്ട്. യു. എ. ഇയിൽ പ്രവാസികൾക്ക് ക്വാറന്റൈൻ ക്യാമ്പുകൾ തുടങ്ങുന്നതിന് ദുബായ് ഹെൽത്ത് അതോറിറ്റി വിവിധ സ്ഥലങ്ങളിൽ കെട്ടിടം കണ്ടെത്തിയിട്ടുണ്ട്. യു. എ. ഇ എംബസി, കോൺസുലേറ്റ് ജനറൽ എന്നിവരുമായി നോർക്ക റൂട്ട്‌സ് നിരന്തരം ബന്ധപ്പെടുന്നുണ്ട്.
കോവിഡിന്റെ പശ്ചാത്തലത്തിൽ എല്ലാ ജില്ലകളിലും 21 കാൻസർ ചികിത്‌സ കേന്ദ്രം ഒരുക്കി. ഇന്ത്യയിൽ തന്നെ ഇത് ആദ്യമാണ്. രോഗപ്രതിരോധം കുറഞ്ഞവർക്ക് കൊറോണ രോഗം വേഗത്തിൽ ബാധിക്കുമെന്നത് ഗുരുതരമായ സ്ഥിതിയാണ്. ഈ സാഹചര്യത്തിലാണ് കാൻസർ രോഗികൾക്ക് വീടിനടുത്ത് ചികിത്‌സ സൗകര്യം ആർ. സി. സിയുമായി ചേർന്ന് ഒരുക്കിയത്. സംസ്ഥാനത്തെ മറ്റു കാൻസർ കേന്ദ്രങ്ങളുമായി ചേർന്ന് ഈ സൗകര്യം വിപുലപ്പെടുത്തും.
കർണാടകയിൽ ഭൂമി പാട്ടത്തിനെടുത്ത് ഇഞ്ചി കൃഷി നടത്തുന്ന കർഷകരുടെ പ്രശ്‌നം കർണാടക സർക്കാരിന്റെ ശ്രദ്ധയിൽപെടുത്താൻ ചീഫ് സെക്രട്ടറി തലത്തിൽ ചർച്ച നടത്തും. വിദേശത്തേക്ക് അയയ്‌ക്കേണ്ട മരുന്നുകൾ ഒരു സ്ഥലത്ത് സംഭരിച്ച് അയയ്ക്കുന്നതിനുള്ള സംവിധാനം ഒരുക്കി. സന്നദ്ധ സേനയിൽ 2,87,000 പേർ രജിസ്റ്റർ ചെയ്തു. ഇവർക്ക് ഏകീകൃത രീതിയിൽ തിരിച്ചറിയൽ കാർഡ് നൽകും.
സിഗ്‌നൽ അറ്റകുറ്റപ്പണിക്കായെത്തുന്ന ട്രെയിനിൽ അനധികൃതമായി ആൾക്കാർ കേരളത്തിലെത്തുന്നത് ശ്രദ്ധയിൽപെട്ടിട്ടുണ്ട്. തിരുവനന്തപുരത്ത് ഇത്തരത്തിലെത്തിയ മൂന്ന് ജീവനക്കാരെ ക്വാറന്റൈനിലാക്കി. ഇക്കാര്യത്തിൽ റെയിൽവേ പോലീസ് കൂടുതൽ ശ്രദ്ധിക്കണം. അക്ഷയകേന്ദ്രങ്ങൾ തുറക്കുന്നത് പരിഗണിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ശ്രീചിത്ര മെഡിക്കൽ സെന്റർ ഡിസ്ഇൻഫെക്ഷൻ ഗേറ്റവേ എന്ന ശാസ്ത്രീയ സംവിധാനം വികസിപ്പിച്ചിട്ടുണ്ട്.
ഡൽഹിയിൽ കോവിഡ് രോഗികളെ ചികിത്‌സിക്കുന്ന മലയാളി നഴ്‌സുമാർ കടകളിൽ സാധനം വാങ്ങാനെത്തുമ്പോൾ നേരിടേണ്ടി വരുന്ന ബഹിഷ്‌കരണം ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്നും ഇക്കാര്യം ഡൽഹി സർക്കാരിനെ അറിയിച്ച് പരിഹരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മാലിന്യ നിർമാർജനത്തിന് ശക്തമായ നടപടി സ്വീകരിക്കും. ശുദ്ധജല സ്രോതസുകളിൽ മാലിന്യനിക്ഷേപത്തിനെതിരെ കർശന നടപടിക്ക് നിർദ്ദേശം നൽകി. കോഴിയുമായി വരുന്ന വാഹനങ്ങളിൽ നിന്ന് ചത്ത കോഴികളെ കായലിലേക്ക് എറിയുന്നതായി ശ്രദ്ധയിൽപെട്ടു. സർക്കാരും തദ്ദേശസ്ഥാപനങ്ങളും ഇക്കാര്യം ഗൗരവമായാണ് കാണുന്നത്. അലഞ്ഞ്തിരിഞ്ഞു നടക്കുന്നവർക്കും ഭിക്ഷാടനം നടത്തുന്നവർക്കുമായി ആരംഭിച്ചിട്ടുള്ള അഭയ കേന്ദ്രങ്ങളിൽ ഭക്ഷണത്തിന് പുറമെ കുളിക്കാൻ സോപ്പ് ഉൾപ്പെടെ വിതരണം ചെയ്യാനും ശുചിത്വം ഉറപ്പാക്കാനും ഇടപെടൽ നടത്തും. സംസ്ഥാനത്തെ സ്‌റ്റേജ് കാര്യേജുകളുടെ നികുതി അടയ്ക്കാനുള്ള തീയതി ഏപ്രിൽ 30 വരെ നീട്ടാൻ തീരുമാനിച്ചു. ലേണേഴ്‌സ് ലൈസൻസിന്റെ കാലാവധി പുനക്രമീകരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
മന്ത്രിമാരായ ഇ. ചന്ദ്രശേഖരൻ, കെ.കെ. ശൈലജ ടീച്ചർ, ചീഫ് സെക്രട്ടറി ടോം ജോസ് എന്നിവർ വാർത്താസമ്മേളനത്തിൽ സന്നിഹിതരായിരുന്നു.
Post Your Comments