കോഴിക്കോട്: പുറത്ത് പോയി വന്നപ്പോഴേക്കും വീട് ജപ്തി ചെയ്ത് പൂട്ടിയിട്ട് ബാങ്ക് അധികൃതര്‍,വീടിന്റെ വരാന്തയില്‍ കിടന്നുറങ്ങി യുവാവും ഭാര്യയും. കോഴിക്കോട് ഉള്ള്യേരിയിലാണ് സംഭവം. വീടും പുരയിടവും പണയം വെച്ച് എടുത്ത വായ്പയുടെ തിരിച്ചടവ് മുടങ്ങിയതോടെ ബാങ്ക് വീട് ജപ്തി ചെയ്യുകയായിരുന്നു. ഇതോടെ വീടിന് വരാന്തയില്‍ പട്ടിണി കിടക്കേണ്ട ഗതികേടിലാണ് കോഴിക്കോട് ഉള്ള്യേരിക്കടുത്ത ഉള്ളൂരിലെ വലിയമുറ്റത്ത് വിനോദും ഭാര്യ വനജയും. ഒരു ദിവസം പുറത്തുപോയി വന്നപ്പോള്‍ അപ്രതീക്ഷിതമായിട്ടായിരുന്നു എല്ലാം പൂട്ടി ബോര്‍ഡും വെച്ച് ബാങ്ക് അധികൃതര്‍ ജപ്തി നടപടികള്‍ പൂര്‍ത്തിയാക്കി പോയത്. ഭാര്യ വനജയ്ക്ക് മാനസികാസ്വാസ്ഥ്യത്തിന്റെ ചികിത്സ തുടരുകയാണ്. വനജയുടെ മരുന്നും റേഷന്‍ കാര്‍ഡ് ഉള്‍പ്പടെയുള്ള അവശ്യവസ്തുക്കളും വീടിനകത്തായി പോയതോടെ വിനോദ് എന്തുചെയ്യണമെന്ന് അറിയാതെ ആശങ്കയിലാണ്.
ലോക്ക്ഡൗണും പ്രഖ്യാപിച്ചതോടെ സാമൂഹിക അകലം സൂക്ഷിച്ച് വീടിനുള്ളില്‍ കഴിയേണ്ട കാലത്ത് ഭാര്യ വനജയേയുംകൊണ്ട് വീടിനു പുറത്തെ വരാന്തയില്‍ തങ്ങേണ്ട അവസ്ഥയിലാണ് വിനോദ്.
2016 കാലത്ത് റിയല്‍ എസ്റ്റേറ്റ് ബിസിനസ് ആവശ്യത്തിനായി തന്റെ 20 സെന്റ് ഭൂമിയും വീടും പണയംവെച്ച് കോഴിക്കോട് ജില്ലാ സഹകരണ ബാങ്കില്‍ നിന്ന് 20 ലക്ഷം രൂപ വായ്പയെടുത്തതായിരുന്നു വിനോദ്. ഓരോ മാസവും 30,000 രൂപ വീതം കൃത്യമായി അടയ്ക്കുകയും ചെയ്തിരുന്നു. എന്നാല്‍, ബിസിനസ് തകര്‍ന്നതോടെ തിരിച്ചടവ് മുടങ്ങി. ഇപ്പോള്‍ പലിശയും മറ്റുമടക്കം 29 ലക്ഷം രൂപയോളം ഇനിയും അടക്കാനുണ്ട്. തുടര്‍ന്നാണ് സര്‍ഫാസി ആക്ട് പ്രകാരം ബാങ്ക് ജപ്തി നടപടികളിലേക്ക് പോയത്. പക്ഷെ പെട്ടെന്നെത്തിയ ലോക്ക്ഡൗണില്‍ കുടുങ്ങിയതോടെ എങ്ങോട്ടും പോവാന്‍ കഴിയാതെ വീടിന്റെ വരാന്തയില്‍ തന്നെ തുടരേണ്ടി വന്നു ഇവര്‍ക്ക്.
Post Your Comments