ലണ്ടന്‍: അമേരിക്ക ഉള്‍പ്പെടെ യൂറോപ്യന്‍ രാഷ്ട്രങ്ങള്‍ തകര്‍ന്നടിയുമ്പോള്‍ ലോകസമ്പദ് വ്യവസ്ഥയില്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത് എത്തും .കൊറോണയ്ക്ക് ശേഷം സമ്പദ്വ്യവസ്ഥ എങ്ങനെയാവുമെന്ന് ഐ എം എഫ് റിപ്പോര്‍ട്ട്. എല്ലാ സ്വപ്നങ്ങളും തച്ചുടച്ച് കൊറോണ തേരോട്ടം തുടരുമ്പോള്‍ ഭാവിയുടെ ചിത്രം മാറി മറിയുകയാണ്. ലോക സമ്പദ് വ്യവസ്ഥ 3 ശതമാനം ശോഷിക്കും എന്നാണ് ഐ എം എഫിന്റെ പുതിയ പ്രവചനം.
2009 ലെ മഹാമാന്ദ്യകാലത്ത് പോലും ആഗോള സാമ്പത്തികസ്ഥിതി താഴോട്ട് പോയത് വെറും 0.1 ശതമാനമായിരുന്നു. കൊറോണാനന്തരകാലത്ത് സാമ്പത്തിക ദുരിതം അനുഭവിക്കാന്‍ പോകുന്ന രാജ്യങ്ങളുടെ കൂട്ടത്തില്‍ അധികവും പാഴ്ചാത്യ രാജ്യങ്ങള്‍ തന്നെയായിരിക്കും. അമേരിക്കയുടെ സാമ്പത്തിക വളര്‍ച്ചയില്‍ 5.9 ശതമാനത്തിന്റെ കുറവാണ് പ്രവചിക്കപ്പെട്ടിട്ടുള്ളത് എങ്കില്‍ ബ്രിട്ടനില്‍ അത് 6.5% ആണ്. ഇറ്റലിയില്‍ 9.1 ശതമാനവും, സ്‌പെയിനില്‍ 8 ശതമാനവും ഫ്രാന്‍സില്‍ 7.2 ശതമാനവും ജര്‍മ്മനിയില്‍ 7 ശതമാനവും കുറവായിരിക്കും അനുഭവപ്പെടുക. അതായത് ഈ വര്‍ഷവും അടുത്ത വര്‍ഷവും കൂടി ഏകദേശം 9 ട്രില്ല്യണ്‍ ഡോളറിന്റെ ജി ഡി പി അപ്രത്യക്ഷമാകുമെന്നര്‍ത്ഥം.
എന്നാല്‍, ഈ മഹാവ്യാധി പൊട്ടിപ്പുറപ്പെട്ട ചൈന ഏകദേശം 1.2 ശതമാനത്തിന്റെ വളര്‍ച്ച രേഖപ്പെടുത്തും എന്നാണ് ഐ എം എഫ് പ്രവചിക്കുന്നത്. ലോകത്തിലെ രണ്ടാമത്തെ സാമ്പത്തിക ശക്തിയായ ചൈന ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുകയും പിന്നീട്, മറ്റ് രാജ്യങ്ങള്‍ പ്രഖ്യാപിക്കുന്നതിനു മുമ്പ് അത് പിന്‍വലിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ വളര്‍ച്ചയുടെ കാര്യത്തില്‍ 1.9 ശതമാനത്തോടെ ഇന്ത്യയായിരിക്കും മുന്നിലെന്നും പ്രവചനത്തിലുണ്ട്. എന്നാല്‍ കഴിഞ്ഞ വര്‍ഷം ചൈനയും ഇന്ത്യയും രേഖപ്പെടുത്തിയത് യഥാക്രമം 6.1%, 4.2% വളര്‍ച്ചാ നിരക്കായിരുന്നു .
എന്നാല്‍ ഭാവി, ഐ എം എഫ് പ്രവചിക്കുന്നതിനേക്കാള്‍ ഭീകരമായിരിക്കും എന്നാണ് ചാന്‍സലര്‍ ഋഷി സുനക് പറയുന്നത്.നിയന്ത്രണങ്ങള്‍ ഇനിയും മൂന്നു മാസം കൂടി തുടരുകയാണെങ്കില്‍ ജി ഡി പിയില്‍ 35% കുറവുണ്ടാകുമെന്നും തൊഴിലില്ലായ്മ 10 ശതമാനം വര്‍ദ്ധിക്കുമെന്നും പ്രവചിച്ചിട്ടുണ്ട്. സര്‍ക്കാരിന്റെ കമ്മി 273 ബില്ല്യണ്‍ പൗണ്ടായി വര്‍ദ്ധിക്കുകയും ചെയ്യും.രണ്ടാം ലോക മഹായുദ്ധത്തിനു ശേഷമുള്ള ഏറ്റവും ദാരുണമായ സ്ഥിതിയാണിത്. അതിനാല്‍ തന്നെ കൂടുതല്‍ കടുത്ത നടപടികള്‍ ആവശ്യമായി വരുമെന്ന് അദ്ദേഹം മുന്നറിയിപ്പും നല്‍കിയിരുന്നു.
ആഗോള വ്യാപാരം 11 ശതമാനം താഴേക്ക് പോകുമെന്നും പിന്നീട് 2021 ല്‍ 8.4 ശതമാനത്തിന്റെ വളര്‍ച്ച രേഖപ്പെടുത്തുമെന്നും പ്രവചനത്തില്‍ പറയുന്നു. ഈ വര്‍ഷത്തിന്റെ രണ്ടാം പാദത്തിലായിരിക്കും ലോകത്തെ മിക്ക രാജ്യങ്ങളിലും കൊറോണ ബാധയുടെ മൂര്‍ദ്ധന്യ ഘട്ടം ഉണ്ടാവുക എന്ന കണക്കുകൂട്ടലിലാണ് ഇത് പ്രവചിച്ചിരിക്കുന്നത്.
Post Your Comments