Latest NewsKeralaNews

കേരളത്തിന്റെ സ്ഥിതി അനുസരിച്ച്‌ കേന്ദ്രം കുറെ ഇളവുകള്‍ നല്‍കേണ്ടതാണ്;- തോമസ് ഐസക്ക്

തിരുവനന്തപുരം: കേരളത്തിന്റെ സ്ഥിതി അനുസരിച്ച്‌ കേന്ദ്രം കുറെ ഇളവുകള്‍ നല്‍കേണ്ടതാണെന്ന് ധന മന്ത്രി തോമസ് ഐസക്ക്. ലോക്ക്ഡൗണ്‍ നിയന്ത്രണവുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ മാര്‍ഗരേഖ നാളെ മന്ത്രിസഭാ യോഗം ചര്‍ച്ച ചെയ്യുമെന്ന് മന്ത്രി പറഞ്ഞു.

ഇതുവരെ കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ മാര്‍ഗരേഖകളുടെ ക്രോഡീകരിച്ച രൂപമാണ് ഇപ്പോള്‍ പുറത്തുവന്നത്. ഇതില്‍ എന്തെങ്കിലും ഭേദഗതി ഉണ്ടാകുമോ എന്ന് ഇന്ന് വൈകീട്ട് ചേരുന്ന കേന്ദ്ര മന്ത്രിസഭാ യോഗത്തിന് ശേഷം മാത്രമേ പറയാന്‍ സാധിക്കൂവെന്നും തോമസ് ഐസക്ക് മാധ്യമങ്ങളോട് പറഞ്ഞു.

സംസ്ഥാനത്ത് കോവിഡ് നിയന്ത്രണവിധേയമായാലും നിയന്ത്രണങ്ങള്‍ തുടരാനാണ് സാധ്യത. ഇതുമായി പൊരുത്തപ്പെട്ട് ജീവിതം മുന്നോട്ടു പോകേണ്ട അവസ്ഥയാണ് ഉണ്ടായിരിക്കുന്നത്. അതായത് ഒരു വശത്ത് കോവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കുക. മറുവശത്ത് ഉപജ്ജീവനം നിലനിര്‍ത്തുന്നതിനുളള പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകേണ്ടതായി വരും. പുതിയ മാര്‍ഗരേഖ അനുസരിച്ച്‌ കൃഷിക്കും ഉത്പനങ്ങളുടെ വിപണനത്തിനും മാത്രമാണ് ഇളവ് അനുവദിച്ചിരിക്കുന്നത്.

തേയിലത്തോട്ടങ്ങളില്‍ സാമൂഹിക അകലം പാലിച്ച്‌ പ്രവര്‍ത്തനം തുടരാന്‍ അനുവദിച്ചിട്ടുണ്ട്. ഈ നിയന്ത്രണങ്ങളില്‍ ഒരു തരത്തിലുമുളള വെളളം ചേര്‍ക്കല്‍ പാടില്ലെന്ന് സംസ്ഥാനങ്ങളോട് കേന്ദ്രം മാര്‍ഗരേഖയിലൂടെ ആവശ്യപ്പെട്ടിട്ടുണ്ട്.

ഈ രണ്ടു സാഹചര്യങ്ങളുമായി പൊരുത്തപ്പെട്ട് മുന്നോട്ടുപോകേണ്ട സങ്കീര്‍ണമായ സാഹചര്യമാണ് നിലനില്‍ക്കുന്നതെന്നും മന്ത്രി പറഞ്ഞു. കോവിഡിന് വാക്‌സിന്‍ കണ്ടെത്തുക, അല്ലെങ്കില്‍ ഈ രോഗത്തിനെ ചെറുത്തു തോല്‍പ്പിക്കാന്‍ രോഗപ്രതിരോധ ശേഷി നേടുക. ഈ അവസ്ഥയില്‍ എത്തിയാല്‍ മാത്രമേ ആത്യന്തികമായി ജീവിതം പഴയപോലെ മുന്നോട്ടു കൊണ്ടുപോകാന്‍ സാധിക്കുകയുളളൂവെന്നും മന്ത്രി പറഞ്ഞു.

വരും ദിവസങ്ങളില്‍ കോവിഡ് രോഗികളുടെ എണ്ണം സംസ്ഥാനത്ത് വിരലില്‍ എണ്ണാവുന്നതാകും. കേരളത്തിന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമായാണ് മുന്നോട്ടുപോകുന്നത്. അതനുസരിച്ച്‌ അയവ് വരുത്താന്‍ കേന്ദ്രം തയ്യാറാവണം. ഇത് കേന്ദ്രത്തെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കും. തോമസ് ഐസക്ക് മാധ്യമങ്ങളോട് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button