ലോക്ക്ഡൗണില്‍ ജനങ്ങള്‍ പുറത്തിറങ്ങാതെ നോക്കാന്‍ ഈ ഗ്രാമങ്ങളില്‍ പെട്രോളിംഗ് നടത്തുന്നത് പോലീസല്ല കുഴിയില്‍ നിന്നും എഴുന്നേറ്റു വന്ന പ്രേതങ്ങളാണ്. പ്രേതങ്ങള്‍ റോന്തു ചുറ്റുന്നത് മൂലം ഒരു നാട്ടിലെ ആളുകള്‍ക്ക് ആര്‍ക്കും തന്നെ പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയാണ് ഇപ്പോള്‍ ഉള്ളത്. കൊറോണാ വൈറസിന്റെ ഏറ്റവും വലിയ പ്രതിരോധം സാമൂഹിക അകലമാണെന്ന് മനസിലാക്കി ജനങ്ങളെ കൂട്ടം കൂടാന്‍ അനുവദിക്കാതെ വീട്ടിനുള്ളില്‍ ഇരുത്താന്‍ ലക്ഷ്യമിട്ട് ഇന്തോനേഷ്യയിലെ ജാവാ ദ്വീപിലെ കെപു ഗ്രാമത്തിലെ ചെറി ഒരു ബുദ്ധി പ്രയോഗമാണിത്.
4,500 പേര്‍ക്ക് രോഗം പടരുകയും 400 പേര് മരിക്കുകയും ചെയ്ത ഇന്തോനേഷ്യയില്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചും ആള്ക്കാര് പുറത്തിറങ്ങിയതോടെ രോഗബാധ കൂടുമെന്ന സ്ഥിതി വന്നപ്പോള്‍ ആള്‍ക്കാരെ വീട്ടിലിരുത്താന്‍ പോലീസ് തന്നെയാണ് പ്രേതങ്ങളുടെ സഹായം തേടിയത്. നിര്‍ദേശങ്ങള്‍ അവഗണിച്ച് നാട്ടുകാര്‍ രാത്രിയില്‍ കൂട്ടം കൂടുകയും രോഗബാധ പടരുമെന്നുമുള്ള ഭീതി പരക്കുകയും ചെയ്തതോടെ ഇന്തോനേഷ്യന്‍ പോലീസും ഗ്രാമത്തിലെ യുവസംഘത്തിന്റെ തലവനും തമ്മിലുണ്ടാക്കിയ തന്ത്രമായിരുന്നു ഇന്തോനേഷ്യന്‍ നാടോടിക്കഥകളില്‍ ഏറെ ഭീതി വിതയ്ക്കുന്ന ഗതികിട്ടാതെ അലയുന്ന ആത്മാക്കളായ ‘പൊക്കോംഗ്’ കളെ ഇറക്കിയത്. തലയിലും കാലിലും കെട്ടോട് കൂടിയ വെള്ളവസ്ത്ര വേഷത്തില്‍ പൊക്കോംഗുകള്‍ ജനക്കൂട്ടത്തിന് അരികിലേക്ക് എത്തുമ്പോള്‍ നാട്ടുകാര്‍ പേടിച്ച് ഓടും. ചുരുക്കത്തില്‍ തന്ത്രം വന്‍ വിജയമാകുകയായിരുന്നു. പ്രേതത്തിന്റെ വേഷം കെട്ടിയ യുവാക്കള്‍ ഭീതിയുടെ വിത്തു വിതച്ചു.
ഇരുട്ടത്ത് പലയിടങ്ങളിലായി പൊക്കോംഗു കളെ കണ്ടു തുടങ്ങിയതോടെ പ്രായഭേദമന്യേ എല്ലാവരും പേടിച്ച് വീട് വിട്ട് പുറത്തിറങ്ങാതായി. വൈകിട്ടത്തെ പ്രാര്‍ത്ഥന കഴിഞ്ഞാല്‍ പ്രേതത്തെ പേടിച്ച് ഒരുത്തനും വീട്ടില്‍ നിന്നും പുറത്തിറങ്ങാതായതോടെ പാതകള്‍ വിജനമായി.
Post Your Comments