സൗദി അറേബ്യയില്‍ 472 പുതിയ കോവിഡ് -19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്ത് മൊത്തം രോഗബാധിതരുടെ എണ്ണം 4,934 ആയി എന്ന് ആരോഗ്യ മന്ത്രാലയം വെളിപ്പെടുത്തി. 44 പേര് ഇന്ന് രോഗമുക്തരായി. ഇതോടെ മൊത്തം 805 പേര് രോഗമുക്തരായെന്ന് മന്ത്രാലയം അറിയിച്ചു. ആറ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തതോടെ ആകെ മരണസംഖ്യ 65 ആയി.
തിരക്കേറിയ അയല്‍പ്രദേശങ്ങളില്‍ കേസുകളുടെ വര്‍ധനവിന് സൗദി അറേബ്യ സാക്ഷ്യം വഹിച്ചു, ഈ സമീപപ്രദേശങ്ങളില്‍ താമസിക്കുന്ന എല്ലാവരോടും വീട്ടില്‍ തന്നെ തുടരാനും മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാനും പ്രതിജ്ഞാബദ്ധരാകണമെന്ന് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടു. ‘ എല്ലാവരുടെയും പ്രതിബദ്ധത ഞങ്ങള്‍ ആഗ്രഹിക്കുന്നു. ഞങ്ങള്‍ ഒരു വലിയ വെല്ലുവിളിയാണ് നേരിടുന്നത്. എല്ലാവരും വീട്ടില്‍ തന്നെ കഴിയണം, ആവശ്യകതയല്ലാതെ പുറത്തു പോകരുത് ‘ എന്ന് ആരോഗ്യമന്ത്രി ഡോ. തവ്ഫിക് അല്‍ റബിയ പറഞ്ഞു.
പകര്‍ച്ചവ്യാധിയുടെ തുടക്കം മുതല്‍ 40,000 പേരെ ക്വാറന്റൈനില്‍ ആക്കിയെങ്കിലും അടുത്തിടെ വിദേശത്ത് നിന്ന് മടങ്ങിയെത്തിയവരടക്കം 7,000 പേര് മാത്രമാണ് ക്വാറന്റൈനില്‍ ഉള്ളതെന്നും മന്ത്രാലയം അറിയിച്ചു. കോവിഡ് -19 വ്യാപിച്ചുകൊണ്ടിരിക്കുന്നതിനാല്‍ കൂടുതല്‍ അറിയിപ്പ് ഉണ്ടാകുന്നതുവരെ കര്‍ഫ്യൂ നീട്ടാന്‍ സൗദി രാജാവ് സല്മാന് ബിന്‍ അബ്ദുല്‍ അസീസ് അല്‍ സൗദ് അനുമതി നല്കി.
റിയാദ്, തബുക്, ദമ്മാം, ധഹ്റാന്‍, ഹോഫുഫ് നഗരങ്ങളിലും ജിദ്ദ, തയ്ഫ്, ഖത്തീഫ്, ഖോബാര്‍ എന്നീ ഗവര്‍ണറേറ്റുകളിലും സൗദി അറേബ്യ 24 മണിക്കൂര്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തി. റിയാദ്, ജിദ്ദ എന്നിവയ്ക്കൊപ്പം പുണ്യനഗരങ്ങളായ മക്ക, മദീന എന്നിവിടങ്ങളില്‍ നിന്ന് അധികൃതര്‍ ആളുകള്‍ പ്രവേശിക്കുന്നതിനും പുറത്തുകടക്കുന്നതിനും എല്ലാ പ്രവിശ്യകള്ക്കുമിടയില് സഞ്ചരിക്കുന്നത് നിരോധിച്ചു.
Post Your Comments