Latest NewsKeralaNews

വായില്‍ വൃണങ്ങളുമായി നാക്ക് രണ്ടായി കീറിയ നിലയില്‍ കണ്ടെത്തിയ ആന വനംവകുപ്പ് തിരിഞ്ഞു നോക്കാത്തതിനെ തുടര്‍ന്ന് ചികിത്സ കിട്ടാതെ ചരിഞ്ഞു

പുനലൂര്‍: കഴിഞ്ഞ ദിവസം പുനലൂര്‍ അച്ചന്‍കോവില്‍ വനപാതയില്‍ കോട്ടക്കയംഭാഗത്ത് വായില്‍ വൃണങ്ങളുമായി നാക്ക് രണ്ടായി കീറിയ നിലയില്‍ കണ്ടെത്തിയ അഞ്ചു വയസ്സു പ്രായം തോന്നിക്കുന്ന പിടിയാന വനംവകുപ്പ് തിരിഞ്ഞു നോക്കാത്തതിനെ തുടര്‍ന്ന് ചികിത്സകിട്ടാതെ ചരിഞ്ഞു. പുനലൂര്‍ അമ്പനാര്‍ വനമേഖലയില്‍ അവശനിലയില്‍ കണ്ട കാട്ടാനയാണ് ചികിത്സകിട്ടാതെ ചരിഞ്ഞത്. വനം വകുപ്പ് മന്ത്രിയുടെ മണ്ഡലത്തില്‍ കാട്ടാന ചികിത്സ കിട്ടാതെ ചരിഞ്ഞതില്‍ പ്രതിഷേധം ശക്തമാണ്.

വനം മന്ത്രിയുടെ സ്വന്തം മണ്ഡലത്തില്‍ തന്നെയാണ് കാട്ടാന ചികിത്സകിട്ടാതെ ചരിഞ്ഞത്. പന്നിയെ പിടിക്കാന്‍ ഉപയോഗിച്ച പടക്കം കടിച്ചു വായ തകര്‍ന്നത് ആകാം എന്നായിരുന്നു നിഗമനം. ജനവാസ കേന്ദ്രത്തിനു സമീപമുള്ള അരുവിയുടെ തീരത്താണ് ആന നിലയുറപ്പിച്ചത്. ആനയെ ആദ്യം അവശനിലയില്‍ കണ്ട നാട്ടുകാരാണ് വനംവകുപ്പിനെ വിവരമറിയിച്ചത്. വനംവകുപ്പ് നിര്‍ദ്ദേശം അനുസരിച്ച് വെറ്റിനറി ഡോക്ടര്‍ സ്ഥലത്തെത്തിയെങ്കിലും 500 മീറ്റര്‍ അകലെ നിന്ന് ആനയെ നോക്കി ക്യാന്‍സര്‍ പിടിപെട്ട ആനയാണ് ചികിത്സിക്കാന്‍ കഴിയില്ല എന്ന് പറഞ്ഞ് മടങ്ങി.

ഇതിനിടെ ആന അക്രമ സ്വഭാവവും കാണിച്ചു തുടങ്ങിയപ്പോള്‍ മയക്കുവെടിവച്ച് ചികിത്സ നല്‍കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. എന്നാല്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അതിന് തയ്യാറായില്ലെന്ന് പരാതിയുണ്ട്. കഴിഞ്ഞ രാത്രി മുഴുവനും റോഡിന് വശത്തുള്ള അരുവിയില്‍ നിന്ന് ആന അലറി വിളിച്ചിരുന്നതായി നാട്ടുകാര്‍ പറയുന്നു. പിറ്റേന്ന് പുലര്‍ച്ചെ ആനയെ നിന്നിരുന്ന സ്ഥലത്ത് നിന്നും കാണാതായതിനെ തുടര്‍ന്ന് വനംവകുപ്പും നാട്ടുകാരും നടത്തിയ പരിശോധനയിലാണ് ആന നിന്നിരുന്ന സ്ഥലത്തു നിന്നും ഏകദേശം അഞ്ചു കിലോമീറ്റര്‍ അകലെ പാറക്കെട്ടിനു സമീപം ചരിഞ്ഞ നിലയില്‍ കണ്ടെത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button