ലഖ്‌നൗ: കൊറോണ വ്യാപന പശ്ചാത്തലത്തില്‍ തബ്ലീഗ് ജമാഅത്ത് പ്രവര്‍ത്തകരെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 5000 രൂപ പാരിതോഷികം പ്രഖ്യാപിച്ച് ഉത്തര്‍ പ്രദേശ് പോലീസ്. നിസാമുദീനിലെ തബ്ലീഗ് യോഗത്തില്‍പങ്കെടുത്തവര്‍ക്ക് കൊറോണ രോഗം ബാധിച്ച പശ്ചാത്തലത്തിലാണ് നടപടി. അതേസമയം, ക്വാറന്റൈന്‍ കാലാവധി പൂര്‍ത്തിയാക്കിയ തബ്ലീഗ് പ്രവര്‍ത്തകരെ പോലീസ് ജയിലിലടച്ചു. മജിസ്‌ട്രേറ്റ് മുമ്പാകെ ഹാജരാക്കി ജയിലിലേക്ക് അയക്കുകയായിരുന്നു.
ഇന്തോനേഷ്യ, തായ്‌ലാന്റ് എന്നിവിടങ്ങളിലുള്ളവരാണ് 17 പേര്‍. ഇവര്‍ വിസാ ചട്ടങ്ങള്‍ ലംഘിച്ചതാണ് കുറ്റം. പല തബ്ലീഗ് പ്രവര്‍ത്തവരും വിവരം മറച്ചുവച്ച് ഒളിവില്‍ കഴിയുന്നുണ്ടെന്നാണ് പോലീസ് പറയുന്നത്.വിവിധ മദ്രസകളിലും പള്ളികളിലും വീടുകളിലും നിന്ന് പിടികൂടിയ 33 തബ്ലീഗ് പ്രവര്‍ത്തകരെ പോലീസ് ക്വാറന്റൈനില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
അതേസമയം നിസാമുദീന്‍ യോഗത്തില്‍ പങ്കെടുത്തവര്‍ നേരിട്ട് അധികൃതര്‍ക്ക് മുമ്പില്‍ ഹാജരായാല്‍ നടപടിയുണ്ടാകില്ലെന്ന് എസ്പി ത്രിവേണി സിങ് പറഞ്ഞു. തങ്ങള്‍ ഇവരെ കുറിച്ച് അന്വേഷിച്ചുവരികയാണ്. മറ്റേതെങ്കിലും വഴിയാണ് വിവരം ലഭിക്കുന്നതെങ്കില്‍ ശക്തമായ നടപടി സ്വീകരിക്കുമെന്നും എസ്പി പറഞ്ഞു.വിവരം നല്‍കുന്നവരെ കുറിച്ച് പരസ്യപ്പെടുത്തില്ല. അസംഗഡില്‍ നാല് കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇവര്‍ തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തുവെന്നാണ് പോലീസ് പറയുന്നത്.
Post Your Comments