തിരുവനന്തപുരം • ഈസ്റ്റർ, വിഷു ആഘോഷങ്ങൾ കോവിഡ് പ്രതിരോധ നിയന്ത്രണങ്ങൾ ലംഘിച്ചുകൊണ്ടാകരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കഴിഞ്ഞ രണ്ടു ദിവസമായി പലയിടത്തും വലിയ തിരക്കുണ്ടായി. നിയന്ത്രണങ്ങൾ നിലനിൽക്കുന്ന ഘട്ടത്തിൽ ആഘോഷങ്ങൾ പരിമിതപ്പെടുത്തണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഞായറാഴ്ച ചില കടകൾ തുറക്കുന്നതിന് അനുമതി നൽകിയിട്ടുണ്ട്. ഇത് മുതലെടുത്ത് എല്ലാവരും റോഡിലിറങ്ങി ആഘോഷമാക്കരുത്. പരിശോധന കർശനമായി തുടരും. അനാവശ്യമായി പുറത്തിറങ്ങുന്നവരെ പിടികൂടും.
അവശ്യഘട്ടത്തിലേക്ക് ആവശ്യമുള്ള മുറികളുടെയും കെട്ടിടങ്ങളുടെയും ലിസ്റ്റ് പൊതുമരാമത്ത് വകുപ്പ് തയ്യാറാക്കുന്നുണ്ട്. 2.5 ലക്ഷം മുറികളിൽ 1.24 ലക്ഷം ഇപ്പോൾ ഉപയോഗിക്കാൻ കഴിയുന്നതാണ്. സംസ്ഥാനത്ത് ആൾതാമസമില്ലാത്ത നിരവധി വീടുകളും ഫ്‌ളാറ്റുകളുമുണ്ട്. അടിയന്തരസാഹചര്യത്തിൽ ഇവ ഉപയോഗിക്കാൻ കഴിയുമോ എന്നതിൽ വ്യക്തത വരുത്തുന്നതിന് തദ്ദേശസ്ഥാപനങ്ങൾ ഇവയുടെ കണക്കെടുക്കും. വെള്ളിയാഴ്ച അവശ്യസാധനങ്ങളുമായി 2291 വാഹനങ്ങൾ കേരളത്തിലെത്തി. ടണലുകൾ ഉണ്ടാക്കി സാനിറ്റൈസ് ചെയ്യുന്ന രീതി അശാസ്ത്രീയമാണെന്ന് വിദഗ്ധർ അഭിപ്രായപ്പെട്ടിട്ടുണ്ട്. ഇത്തരം കാര്യങ്ങൾ ഒഴിവാക്കണമെന്ന് ജില്ലാ കളക്ടർമാരെ അറിയിക്കും.
ലോക്ക്ഡൗൺ ലംഘിച്ച് അനധികൃത മാർഗങ്ങളിലൂടെയുള്ള സഞ്ചാരം അനുവദിക്കില്ല. ഇത് തടയാൻ പോലീസിന് നിർദ്ദേശം നൽകി. മൂന്നാറിലെ കൊട്ടക്കമ്പൂരിൽ പോലീസും ആരോഗ്യവകുപ്പ് ജീവനക്കാരും ഉപയോഗിക്കുന്ന ജലസംഭരണിയിൽ വിഷം കലർത്തിയ സംഭവം ഗൗരവമുള്ളതാണ്. കുറ്റവാളികളെ ഉടൻ പിടികൂടാൻ നിർദ്ദേശം നൽകി. കുറ്റവാളികൾക്ക് മാതൃകാപരമായ ശിക്ഷ ഉറപ്പാക്കും. ലോക്ക്ഡൗൺ കാലത്ത് അലങ്കാരമത്‌സ്യങ്ങളുടെയും കോഴിക്കുഞ്ഞ് വിതരണത്തിലും ചില പ്രശ്‌നങ്ങൾ ശ്രദ്ധയിൽപെട്ടിട്ടുണ്ട്. ഇക്കാര്യത്തിൽ ആവശ്യമായ നടപടിയുണ്ടാവും. അൺഎയ്ഡഡ് സ്‌കൂൾ ജീവനക്കാർക്ക് ശമ്പളം നൽകാൻ മാനേജ്‌മെന്റുകൾ നടപടി സ്വീകരിക്കണം. ലോക്ക്ഡൗണിൽ ഹോസ്റ്റലുകളിലായിപ്പോയ സർവകലാശാല, സർക്കാർ എയ്ഡഡ്, സർക്കാർ നിയന്ത്രിത സ്വാശ്രയ കോളേജ്, സർക്കാർ എയ്ഡഡ് പോളിടെക്‌നിക്ക് എന്നിവിടങ്ങളിലെ വിദ്യാർത്ഥികളുടെ ഹോസ്റ്റൽ ഫീസ് ഒഴിവാക്കിനൽകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. വിദേശരാജ്യത്തുള്ളവർക്ക് ഇവിടെ നിന്ന് മരുന്ന് അയയ്ക്കുന്നതിന് കാർഗോ വിമാനങ്ങളുടെ സേവനം ഉപയോഗിക്കും. തേനീച്ച കർഷകർക്ക് കൃഷിയിടത്തിൽ പോകാനും ഉത്പന്നം വിപണനം ചെയ്യാനും നിബന്ധനകളോടെ അനുമതി നൽകും. ജി. എസ്. ടി റിട്ടേൺ ഫയൽ ചെയ്യുന്നതിന് വേണ്ട തയ്യാറെടുപ്പുകൾ നടത്താൻ ചാർട്ടേഡ് അക്കൗണ്ടന്റുമാർക്കും ടാക്‌സ് പ്രാക്ടീഷ്യണർമാർക്കും ആഴ്ചയിൽ ഒരു ദിവസം പ്രവർത്തനാനുമതി നൽകുന്നത് പരിഗണിക്കും. പ്രിന്റിംഗ് പ്രസുകൾ നിബന്ധനകൾക്കു വിധേയമായി ആഴ്ചയിൽ ഒരു ദിവസം തുറക്കും. കുട്ടികൾക്ക് വാക്‌സിനേഷൻ നൽകുന്നതുമായി ബന്ധപ്പെട്ട തടസം മാറ്റും. കാസർകോട് ജില്ലയിൽ അവശ്യസാധനങ്ങളുടെ കടകൾ രാവിലെ 11 മുതൽ വൈകിട്ട് അഞ്ച് വരെ മാത്രമാവും പ്രവർത്തിക്കുക.
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഹൈബി ഈഡൻ എം. പി ഒന്നരകോടി രൂപ നൽകി. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി രണ്ടു കോടിയും കേരള സഹകരണ വികസന ക്ഷേമ ബോർഡ് 51 ലക്ഷവും കോഴിക്കോട് പി. കെ. ഗ്രൂപ്പ് 50 ലക്ഷവും കോഴിക്കോട് പാരിസൺസ് ഗ്രൂപ്പ് ഓഫ് കമ്പനി 50 ലക്ഷവും സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ ഒരു ലക്ഷവും തിരുവിതാംകൂർ കൊട്ടാരത്തിലെ അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ഭായി ഒരു ലക്ഷവും കല്യാൺ സിൽക്‌സിലെ തൊഴിലാളികളും ജീവനക്കാരും 17.25 ലക്ഷവും നൽകി.
Post Your Comments