സോള്‍ : ലോകം മുഴുവനും കോവിഡ്-19 ബാധിച്ച് ജനങ്ങള്‍ മരിച്ചുവീഴുമ്പോള്‍ ഉത്തര കൊറിയയില്‍ മാത്രം കോവിഡ് സ്ഥിരീകരിയ്ക്കാത്തതില്‍ സംശയത്തോടെയാണ് മറ്റ് ലോകരാഷ്ട്രങ്ങള്‍ കണ്ടത്. എന്നാല്‍ ഉത്തര കൊറിയയില്‍ കോവിഡ് ബാധിച്ചെന്ന വിവരം പുറത്തുവിടാത്തതാണെന്നാണ് അഭ്യൂഹം. രാജ്യത്ത് ആര്‍ക്കെല്ലാം കോവിഡ് ബാധിച്ചെന്ന വിവരം പോലും പുറത്തുവിടാതിരിക്കെ, ഉത്തര കൊറിയയില്‍നിന്ന് ഇപ്പോള്‍ പുറത്തുവരുന്നത് ആശങ്കയുടെ പുതിയ ശബ്ദമാണ്. ലോകത്ത് അതിവേഗം പടരുന്ന കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്ന് ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്‍ ആവശ്യപ്പെട്ടു. രാജ്യത്ത് കോവിഡ് ബാധിതരുണ്ടോ എന്ന വിവരം ഇതുവരെ കിം പുറത്തുവിട്ടിട്ടില്ല. അതിനിടെയാണ് കിമ്മിന്റെ നേതൃത്വത്തിലുള്ള യോഗത്തില്‍ അദ്ദേഹം, പ്രതിരോധ നടപടികള്‍ നിര്‍ദേശിച്ചതായി വാര്‍ത്താ ഏജന്‍സി വ്യക്തമാക്കിയത്.
read also : കൊവിഡ് 19 ലോകമാകെ പടരുമ്പോഴും ഉത്തര കൊറിയ ശക്തമാണെന്ന് മിസൈലിലൂടെ തെളിയിക്കുന്ന തിരക്കിൽ കിം ജോങ് ഉന്‍
ചൈനയില്‍ കൊറോണ വൈറസ് പടരുന്നുവെന്ന വാര്‍ത്തയ്ക്കു പിന്നാലെ ജനുവരിയില്‍ത്തന്നെ ഉത്തരകൊറിയ അതിര്‍ത്തികളെല്ലാം അടച്ചിരുന്നു. മാത്രവുമല്ല രാജ്യത്ത് ശക്തമായ പ്രതിരോധ-ഐസലേഷന്‍ നടപടികളും സ്വീകരിച്ചു. പല രാജ്യങ്ങളിലും കോവിഡ് നിരക്ക് കുത്തനെ ഉയരുമ്പോഴും ഉത്തര കൊറിയയില്‍ പ്രശ്‌നമൊന്നുമില്ലെന്ന് അധികൃതര്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഞായറാഴ്ച പുറത്തുവന്ന റിപ്പോര്‍ട്ടിലെ കാര്യങ്ങള്‍ ആശാവഹമല്ലെന്നാണു നിരീക്ഷകര്‍ പറയുന്നത്.
ലോകമെങ്ങും 17 ലക്ഷത്തിലേറെ പേരെ ബാധിച്ച കൊറോണ വൈറസ് മാനവരാശിയെ ആക്രമിക്കുന്ന വലിയ ദുരന്തമായി മാറിയിരിക്കുകയാണ്. വൈറസിനു മുന്നില്‍ ഭൂഖണ്ഡങ്ങളും അതിര്‍ത്തികളും തീര്‍ക്കുന്ന വിലക്കുകളൊന്നുമില്ല. അതിനാല്‍ത്തന്നെ വൈറസിനെതിരെയുള്ള പോരാട്ടത്തില്‍ തടസ്സങ്ങള്‍ സ്വാഭാവികം. രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയ്ക്കും അതു തടസ്സമായേക്കാം…’- ഉത്തരകൊറിയയുടെ ഔദ്യോഗിക വാര്‍ത്ത ഏജന്‍സി കെസിഎന്‍എ റിപ്പോര്‍ട്ട് ചെയ്യുന്നു. പകര്‍ച്ചവ്യാധി ഭീഷണിയില്ലാതെ ഇപ്പോഴും തുടരുകയാണ് ഉത്തര കൊറിയയെന്നും റിപ്പോര്‍ട്ടിലുണ്ട്
കൊറിയയില്‍ അധികാരത്തിലുള്ള വര്‍ക്കേഴ്‌സ് പാര്‍ട്ടിയുടെ സെന്‍ട്രല്‍ കമ്മിറ്റി പൊളിറ്റിക്കല്‍ ബ്യൂറോ യോഗത്തില്‍ കോവിഡിനെതിരെ പ്രതിരോധ നടപടികളും ചര്‍ച്ചയായി. രാജ്യത്തേക്ക് വൈറസ് കടക്കാതിരിക്കാന്‍ ശക്തവും പഴുതടച്ചതുമായ നിരീക്ഷണം വേണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. എന്നാല്‍ കിം ജോങ് ഉന്‍ ഉള്‍പ്പെടെ യോഗത്തില്‍ പങ്കെടുത്ത ആരും മുഖത്ത് മാസ്‌ക് ധരിച്ചിരുന്നില്ല. ലോകത്തു കോവിഡ് വ്യാപിക്കുന്നതിനിടെ കഴിഞ്ഞദിവസം മിസൈല്‍ ടെസ്റ്റ് നടത്തിയപ്പോഴും കിമ്മിന്റെ ചിത്രം ഇത്തരത്തിലാണു പുറത്തുവന്നത്.
Post Your Comments