തിരുവനന്തപുരം : കോവിഡ് പ്രതിരോധത്തിന് പുതിയ ചികിത്സാരീതിയുമായി കേരളം ,ആന്റിബോഡി ടെസ്റ്റിങ് സംവിധാനം ഒരാഴ്ചയ്ക്കകം. കോവിഡ് രോഗമുക്തി നേടിയയാളുടെ പ്ലാസ്മ ഗുരുതരാവസ്ഥയിലുള്ള രോഗിക്കു നല്‍കുന്ന ചികിത്സാ രീതിയാണ് ഇപ്പോള്‍ കേരളത്തില്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നത്, രക്തത്തില്‍ ആന്റിബോഡിയുടെ അളവ് കണ്ടെത്താനുള്ള ഐജിജി എലൈസ ടെസ്റ്റ് സംവിധാനം രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയില്‍ ഒരാഴ്ചയ്ക്കുള്ളില്‍ സജ്ജമാക്കും.
കോവിഡ് ഭേദമായ വ്യക്തിയുടെ രക്തത്തിലെ ആന്റിബോഡി ഗുരുതരാവസ്ഥയിലുള്ള രോഗിക്ക് നല്‍കുന്ന രീതിയാണിത്. വൈറസിനെ തുരത്താന്‍ ആന്റിബോഡിക്ക് കഴിയുമോയെന്ന ന്യൂട്രലൈസേഷന്‍ പരിശോധനയാണ് പ്ലാസ്മ രീതിക്ക് വേണ്ടതെങ്കിലും നിലവില്‍ അത് പ്രായോഗികമല്ല. ഉയര്‍ന്ന സുരക്ഷാ നിലവാരമുള്ള വൈറോളജി ലാബുകളില്‍ വൈറസ് കള്‍ച്ചര്‍ ഉപയോഗിച്ച് മാത്രമേ ഇത് ചെയ്യാനാകൂ.
ഇക്കാരണത്താലാണ് ഇതിനു പകരം ഐജിജി എലൈസ ടെസ്റ്റ് നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. ജര്‍മനിയില്‍ നിന്ന് കിറ്റുകള്‍ കൊണ്ടുവരുന്നത് നിലവില്‍ പ്രായോഗികമല്ലാത്തതിനാലാണ് രാജീവ് ഗാന്ധി സെന്ററില്‍ തന്നെ ഇത് സജ്ജമാക്കുന്നത്. പ്ലാസ്മ ചികിത്സ നടപ്പാക്കാന്‍ രക്തദാനത്തിലെ നിലവിലുള്ള മാനദണ്ഡങ്ങളില്‍ ഇളവ് നല്‍കണമെന്ന് ആവശ്യപ്പെട്ട് ഡ്രഗ് കണ്‍ട്രോളര്‍ ഓഫ് ഇന്ത്യയെ സംസ്ഥാന സര്‍ക്കാര്‍ സമീപിച്ചിട്ടുണ്ട്.
Post Your Comments