Festivals

ഉയര്‍ത്തെഴുന്നേല്‍പ്പിന്റെ ഓര്‍മ പുതുക്കി ഈസ്റ്റര്‍

നിരപരാധിയായിട്ടും യേശു കുരിശുമരണത്തിന് വിധിക്കപ്പെട്ടു. പീഡകള്‍ സഹിച്ചു. പരിഹാസങ്ങള്‍ ഏറ്റുവാങ്ങി. ഒടുവില്‍ മരണത്തെവരിച്ചു. ക്രിസ്തുവിന്റെ കുരിശുമരണവും പുനരുത്ഥാനവുമാണ് ക്രൈസ്തവ വിശ്വാസത്തിന്റെ അടിസ്ഥാനം തന്നെ. തന്റെ കുരിശുമരണവും ഉയര്‍ത്തെഴുന്നേല്‍പ്പും യേശു നേരത്തെ പ്രവചിച്ചിരുന്നു. ഉയര്‍ത്തെഴുന്നേറ്റ ക്രിസ്തുവിനെക്കണ്ട് ശിഷ്യന്‍മാര്‍ പോലും ഭയന്നു. ആണിപ്പഴുതില്‍ കൈവിരലിട്ട് ശേഷം മാത്രമാണ് ശിഷ്യനായ തോമസ് യേശുവിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പിനെ ഏറ്റുപറഞ്ഞത്. മനുഷ്യനായി ജനിച്ച ദൈവപുത്രന്‍ ലോകം കണ്ടതില്‍ വച്ചേറ്റവും ക്രൂരമായി വധിക്കപ്പെട്ടു. പക്ഷേ, മരണത്തെ ജയിച്ചവനായി തിരിച്ചെത്തി. മരണത്തെപ്പോലും കീഴടക്കിയ ദൈവപുത്രന്‍ വിശ്വാസിക്ക് ഇളകാത്ത അഭയസങ്കേതമാണ്.

പുനരുദ്ധാനമെന്നത് പ്രത്യാശയാണ്. പ്രത്യാശയുടെ സന്ദേശവുമായാണ് ഈസ്റ്റര്‍ നമ്മുടെ ഹൃദയത്തിലെയ്ക്ക് കടന്നുവരുന്നത്. മൂന്ന് പ്രാവശ്യം തള്ളിപ്പറഞ്ഞവനെയും ചേര്‍ത്ത് നിര്‍ത്തി വിശുദ്ധനാക്കിയ ദൈവപുത്രന്‍, മരണത്തെ ജയിച്ചതിന്റെ ഓര്‍മയാണ് ഈസ്റ്റര്‍ ഞായര്‍. ദുഖവെള്ളിയ്ക്കും കുരിശുമരണത്തിനും ശേഷം ഒരു ഉയര്‍ത്തെഴുന്നേല്‍പ്പ് കാലത്തിന്റെ നീതിയാണ്. ഏത് പീഡന സഹനത്തിനും ഒരു പ്രതീക്ഷയുടെ പുലരി ഉണ്ടാകുമെന്ന് മനുഷ്യപുത്രന്‍ ലോകത്തെ പഠിപ്പിച്ചു. യേശു ഉയര്‍ത്തെഴുന്നേല്‍ക്കുന്നത് വരെ, കുരിശ് അപമാനത്തിന്റെയും നിരാശയുടേയും പ്രതീകമായിരുന്നു. എന്നാല്‍ ക്രിസ്തുവിന്റെ പുനരുത്ഥാനത്തോടെ അത് പ്രതീക്ഷയുടെ, പ്രത്യാശയുടെ പ്രതീകമായി. അതേ, ഈ വിശുദ്ധ വാരത്തില്‍ മാനവരാശിക്കും പ്രത്യാശയുണ്ട്, മരണം വിതയ്ക്കുന്ന കോവിഡ് വൈറസിനെ ജയിക്കുമെന്ന പ്രത്യാശ. ഇന്നത്തെ ദുഖം നാളത്തെ സന്തോഷത്തിന് വഴിമാറട്ടെ.

shortlink

Post Your Comments


Back to top button