കണ്ണൂര്‍: ഷാര്‍ജയില്‍ നിന്നെത്തിയ 11 വയസുകാരനുമായുള്ള സമ്പര്‍ക്കം വഴി കണ്ണൂരില്‍ ഒരു വീട്ടിലെ ഏഴ് പേര്‍ക്ക് കോവിഡ് ബാധിച്ചതോടെ ഇവരുടെ കുടുംബാംഗങ്ങളുടെ സ്രവം പരിശോധിക്കാനും തീരുമാനമായി. ചെറുവാഞ്ചേരിയിലെ 17 അംഗ കൂട്ടുകുടുംബത്തില്‍ മൂന്ന് സ്ത്രീകളും രണ്ട് കുട്ടികളടക്കമുള്ളവര്‍ ആശുപത്രിയിലായി. ഇതില്‍ ആദ്യം രോഗം സ്ഥിരീകരിച്ച 81 വയസുകാരന്‍ ഒരാഴ്ചയായി ഗുരുതരാവസ്ഥയില്‍ പരിയാരം മെഡിക്കല്‍ കോളേജിലാണ്. ഇതോടെയാണ് ഇവരുടെ കുടുംബാംഗങ്ങളെ നിരീക്ഷിക്കുന്നതിനൊപ്പം രോഗലക്ഷണങ്ങള്‍ ഇല്ലെങ്കിലും സ്രവപരിശോധന നടത്തണമെന്ന് ജില്ലാ ഭരണകൂടം തീരുമാനിച്ചത്.
അതേസമയം, കൊവിഡ് പരിശോധനയുമായി ചില സ്വകാര്യ ആശുപത്രികള്‍ സഹകരിക്കുന്നില്ലെന്നും ഇത് തുടര്‍ന്നാല്‍ കേസെടുക്കുമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു. ജില്ലയിലെ പല സ്വകാര്യ ആശുപത്രികളിലും രോഗബാധ സംശയിക്കുന്നവര്‍ എത്തുമ്പോള്‍ കോവിഡ് നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നില്ലെന്നും ആരോഗ്യ വകുപ്പിനെ വിവരം അറിയിക്കുന്നില്ലെന്നും ജില്ലാ ഭരണകൂടം പറയുന്നു. നിര്‍ദേശങ്ങള്‍ ലംഘിച്ചാല്‍ രണ്ട് കൊല്ലം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റം ചുമത്തി സ്വകാര്യ ആശുപത്രി അധികൃതര്‍ക്കെതിരെ കേസെടുക്കുമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.
അതേസമയം, മാഹി ചെറുകല്ലായി സ്വദേശിയായ 71 കാരന് രോഗം ബാധിച്ചത് എങ്ങനെയെന്ന് ഇതുവരെ സ്ഥിരീകരിക്കാനായിട്ടില്ല. ഇയാള്‍ ആദ്യം ചികിത്സ തേടിയ സ്വകാര്യ ആശുപത്രികള്‍ വേണ്ടത്ര ജാഗ്രത പുലര്‍ത്തിയില്ല എന്ന വിമര്‍ശനവും ഇതോടൊപ്പം ഉയര്‍ന്നിട്ടുണ്ട്.
Post Your Comments