ശ്രീനഗര്‍ • വടക്കൻ കശ്മീരിലെ ബാരാമുള്ള ജില്ലയിലെ സോപൂർ പ്രദേശത്ത് സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ ജയ്ഷ്-ഇ-മുഹമ്മദ് ഭീകരസംഘടനയുടെ ഉന്നത കമാൻഡർ കൊല്ലപ്പെട്ടു. സോപോറിൽ നടന്ന ഏറ്റുമുട്ടലിൽ ജയ്ഷെ കമാൻഡർ സാജാദ് നവാബ് ദാർ കൊല്ലപ്പെട്ടതായി കശ്മീര്‍ സോണ്‍ പോലീസ് ട്വീറ്റ് ചെയ്തു.
സോപൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഗുലാബാദില്‍ ഒളിവില്‍ കഴിയുകയായിരുന്നു തീവ്രവാദികള്‍. രഹസ്യവിവരം ലഭിച്ചതിനെത്തുടര്‍ന്ന് സൈന്യത്തിന്റെ 22-രാഷ്ട്രീയ റൈഫിൾസും ജമ്മു കശ്മീർ പോലീസും ചൊവ്വാഴ്ച പുലർച്ചെ സോപൂരിലെ ഗുലാബാദ്-അരാംപോറ പ്രദേശത്ത് തെരച്ചില്‍ നടത്തുന്നതിനിടെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. തുടര്‍ന്ന് നൈന്യം നടത്തിയ തിരിച്ചടിയിലാണ് ഭീകരന്‍ കൊല്ലപ്പെട്ടത്.
വളഞ്ഞ പ്രദേശത്ത് രണ്ട് മുതല്‍ നാല് വരെ തീവ്രവാദികൾ ഉണ്ടായിരുന്നതായി പോലീസ് വക്താവ് പറഞ്ഞു.
എ.കെ 47 റൈഫിള്‍, 59 റൗണ്ട് വെടിയുണ്ട അടക്കമുള്ളവ പിടിച്ചെടുത്തതായി വടക്കന്‍ കശ്മീര്‍ ഡി.ഐ.ജി സുലേമന്‍ ചൗധരി അറിയിച്ചു. കഴിഞ്ഞ ദിവസം കേരന്‍ മേഖലയില്‍ സുരക്ഷാസേന നടത്തിയ തിരച്ചിലില്‍ അഞ്ച് തീവ്രവാദികളെ വധിച്ചിരുന്നു.
കൊറോണ വൈറസ് പകര്‍ച്ചവ്യാധിക്കിടയിലും കശ്മീരിലെ തീവ്രവാദ സംഭവങ്ങൾ വര്‍ധിച്ചു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ആറു സുരക്ഷാ ഉദ്യോഗസ്ഥരും മൂന്ന് സാധാരണക്കാരും കൊല്ലപ്പെട്ടു. 10 ഭീകരരെ സുരക്ഷാസേന വധിക്കുകയും ചെയ്തു.
Post Your Comments