KeralaLatest NewsNews

ഏടത്തിയമ്മ തന്നെയാണ് താരം ; ലോക്ക്ഡൗണിലെ കഷ്ടപാടിന് ഫലം കണ്ടശേഷം അവര്‍ വിളിച്ചു പറഞ്ഞു വെള്ളം കണ്ടേ… വെള്ളം കണ്ടേ.. നമ്മള് കുഴിച്ച കിണറ്റില്‍ വെള്ളം കണ്ടേ

ഈ ലോക്ക്ഡൗണില്‍ ഏറെ ശ്രദ്ധപിടിച്ചു പറ്റിയ കുടുംബമായിരുന്നു നരിക്കോടന്‍ ഷനീഷിന്റെ കുടുംബം കാരണം ഈ വീട്ടുകാര്‍ ഒന്നിച്ച് കിണറു കുറിക്കുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ വന്‍തോതില്‍ ഏറ്റെടുത്തിരുന്നു. അമ്മയും മക്കളും ഏട്ടത്തി അമ്മയും സഹോദരങ്ങളും കിണറുണ്ടാക്കുന്നത് വലിയ ചര്‍ച്ചയും ഇവര്‍ക്ക് നിരവധി പേര്‍ പിന്തുണയുമായി വന്നിരുന്നു. പോരാത്തതിന് വെള്ളം കണ്ടാല്‍ അറിയിക്കണം എന്നും പലരും ആവശ്യപ്പെട്ടിരുന്നു. ഇപ്പോള്‍ ഇതാ ആ സന്തോഷ വാര്‍ത്ത പങ്കുവച്ചിരിക്കുകയാണ് ആ സഹോദരന്‍.

ആദ്യ പോസ്റ്റില്‍ തന്നെ ഷനീഷ് സൂചിപ്പിച്ചിരുന്നു ഇതില്‍ ഏടത്തിയമ്മയാണ് താരമെന്ന് ഇപ്പോളത്തെ പോസ്റ്റിലും അതാവര്‍ത്തിക്കുകയാണ് . ഏടത്തിയമ്മ തന്നെയാണ് താരം. മുഖ്യമന്ത്രി ആഹ്വാനം ചെയ്ത ലോക്ക് ഡൗണ്‍ ഇത്രയേറെ പ്രയോജനപ്പെട്ട വേറെ ഏതെങ്കിലും കുടുംബമുണ്ടോ എന്നത് സംശയമാണ്. എന്തായാലും ഏറെ സന്തോഷം തന്ന ആ ഫെയ്‌സ്ബുക്ക് കുറിപ്പ് ഒന്നു വായിക്കാം

നരിക്കോടന്‍ ഷനീഷിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ് ;

വെള്ളം കണ്ടേ… വെള്ളം കണ്ടേ.. നമ്മള് കുഴിച്ച കിണറ്റില്‍ വെള്ളം കണ്ടേ’….

ലോക്ക് ഡൌണ്‍ കഴിയാനൊന്നും കാത്തു നിന്നില്ല കേട്ടോ.. നിങ്ങള്‍ പ്രീയപ്പെട്ട പതിനായിരങ്ങളുടെ സ്നേഹപൂര്‍വമായ ആശംസകളും പ്രാര്‍ത്ഥനകളും ഭൂമീ ദേവതയുടെ കണ്ണ് തുറപ്പിച്ചപ്പോള്‍ ആ അമ്മ നിറ മാറങ്ങു ചുരത്തി നമ്മുടെ കുടുംബത്തെ അനുഗ്രഹിച്ച വിവരം സസന്തോഷപൂര്‍വ്വം സോഷ്യല്‍ മീഡിയയിലെ പ്രീയ സുഹൃത്തുക്കളെ അറിയിക്കുന്നു..

രണ്ടു ഏട്ടന്മാര്‍ കൂടി കഴിഞ്ഞ മൂന്നു ദിവസമായി സഹായത്തിനെത്തി എന്നതൊഴിച്ചാല്‍ ബാക്കി ഒക്കെ പഴയതു പോലെ തന്നെ.. ആരാണ് താരം എന്ന് ചോദിച്ചാല്‍ നിസ്സംശയം പറയാം നമ്മുടെ ””’ജാന്‍സീ റാണി ഏട്ടത്തി അമ്മ”’ തന്നെ..

അന്ന് മാര്‍ച്ച് 24 ആം തീയ്യതി മോദിജിയുടെ ലോക്ക് ഡൌണ്‍ ആഹ്വാനവും പിണറായി സാറിന്റെ സപ്പോര്‍ട്ടും കൂടി ആയപ്പോള്‍ തന്നെ ഉറപ്പിച്ചിരുന്നു നീണ്ട 21 ദിവസങ്ങള്‍ വീട്ടില്‍ കുടുങ്ങും എന്ന കാര്യം.

വീട്ടിലെ ഇലക്ട്രിക്കല്‍ ഉപകരണങ്ങളെ സംരക്ഷിച്ച് കറന്റ് ഉപഭോഗം കുറക്കുന്ന ഓട്ടോമാറ്റിക് കട്ടോഫ് ഉള്ള പുതിയ തരത്തിലുള്ളൊരു ഗൂര്‍ഖ ഇലക്ട്രിക്കല്‍ ടൈമര്‍ സോക്കറ്റ് മാര്‍ക്കറ്റില്‍ ഇറക്കിയതിന്റെ സന്തോഷവും ടെന്‍ഷനോക്കെയായി
രാത്രി വിശ്രമിക്കുമ്പോള്‍ മുന്‍പ് കിണറു പണി ഒക്കെ ചെയ്തിരുന്ന, ഇപ്പോള്‍ ഓട്ടോറിക്ഷ ഓടിക്കുന്ന ഏട്ടനാണ് തമാശ പോലെ പറഞ്ഞത് ‘നമ്മുക്ക് ആ കിണറങ്ങു കുഴിച്ചാലോ’ ന്ന്

ആറു വര്ഷം മുന്‍പ് വീട്ടിനു തറ കെട്ടുമ്പോള്‍ തന്നെ കിണറു കുഴിക്കാന്‍ വേണ്ടി സ്ഥലം കാണുകയും ഭീം ഒക്കെ കെട്ടി രണ്ടു കൊലോളം കുഴിക്കുകയും ചെയ്ത്തിരുന്നു. തൊട്ടടുത്ത തറവാട്ടിലെ കിണറ്റില്‍ ആവശ്യത്തിന് വെള്ളം ഉള്ളത് കൊണ്ട് തന്നെ ഉള്ള പണം ഉപയോഗിച്ച് വീട്ടിന്റെ പണി അങ്ങ് തീര്‍ത്തു. കിണറുപണി അങ്ങനെ മുടങ്ങി തന്നെ കിടന്നു. കിണറ്റില്‍രാത്രി പൂച്ചയും നായയും വീഴാന്‍ തുടങ്ങിയതോടെ എപ്പോഴോ ഏട്ടന്‍ തന്നെ കിണറങ്ങു മൂടുകയും ചെയ്തു.
ഏട്ടന്‍ കിണറു കുഴി ആശയം പങ്കു വച്ചപ്പോള്‍ പണി പാലും വെള്ളത്തില്‍ കിട്ടി എന്ന് എനിക്ക് മനസ്സിലായി. പണ്ട് ഗള്‍ഫില്‍ നിന്നും വെക്കേഷന് വന്നപ്പോള്‍ ഏട്ടന്റെ കൂടെ ചില ദിവസങ്ങളില്‍ മണ്ണ് വലിക്കാന്‍ പോയതും തളര്‍ന്നു നടു ഒടിഞ്ഞു ചക്രശ്വാസം വലിച്ചതും ഞാന്‍ ഓര്‍ത്തു. ഒരു കൈക്കോട്ട് പോലും കൈ കൊണ്ട് തൊട്ടിട്ടു ഇപ്പോള്‍ കൊല്ലം മൂന്ന് നാലായി.. പണി കിട്ടുമെന്നറിഞ്ഞു ഞാന്‍ മിണ്ടാതിരുന്നപ്പോള്‍ ഏട്ടത്തി അമ്മയാണ് പറഞ്ഞത് ‘ശരിയാ ഷാജിയേട്ടാ നമുക്കതു സാവധാനം കുഴിച്ചാലോ എന്ന്. കഴിയുന്നത്ര കുഴിക്കാം ബാക്കി നമുക്ക് പിന്നെപ്പോഴെങ്കിലും കുഴിക്കാമല്ലോ എന്നു..

ഇന്നേ വരെ തൊഴിലുറപ്പ് പണിക്കു പോലും പോവാത്ത ഏട്ടത്തി അമ്മ അതു പറഞ്ഞപ്പോള്‍ ഞാന്‍ ചോദിച്ചു മണ്ണ് വലിക്കേണ്ട കാര്യം ഞാന്‍ ഏറ്റു. കുഴിക്കാനും മണ്ണ് കോരാനും എന്നെക്കൊണ്ടാവില്ല. ഷാജിയേട്ടനൊപ്പം ആര് കിണറ്റിലറിറങ്ങും?? ..

‘ഞാന്‍ ഇറങ്ങി കൊള്ളാം’ ഏട്ടത്തി അമ്മയുടെ മറുപടി കേട്ടു ഞാനും ഏട്ടനും അങ്ങ് പൊട്ടി ചിരിച്ചു. ഏട്ടന്‍ പറഞ്ഞു നീയോ???? പണ്ട് വീടിന്റെ കോണ്‍ക്രീറ് പണി നടക്കുമ്പോള്‍ വെള്ളം നനക്കാന്‍ വേണ്ടി വീടിന്റെ മേലെ കയറിയതും മേലെ നിന്ന് താഴേക്കു നോക്കി തല കറങ്ങുന്നു എന്ന് പറഞ്ഞതും താഴെ ഇറക്കിയതും ഞാന്‍ ഓര്‍ത്തു. അങ്ങനെ ഉള്ള ആളാണ് കിണറ്റില്‍ ഇറങ്ങും എന്ന് വീമ്പിളക്കുന്നത്. ഏതായാലും മണ്ണ് വലിപ്പിക്കാനും കൊണ്ട് പോയി ദൂരെ കളയാനും ആള് വേണമല്ലോ. ഞാന്‍ ഉറപ്പിച്ചു ഏട്ടത്തി അമ്മ തന്നെ നമ്മുടെ മൂന്നാമത്തെ തൊഴിലാളി.

പബ്ജി കളിച്ചു കൊണ്ടിരിക്കുന്ന പ്ലസ്ടു ക്കാരന്‍ അപ്പുവിനോടും TV കണ്ടിരിക്കുന്ന കോളജ് കുമാരി ചിഞ്ചുവിനോടും കിണറു കുഴി കാര്യം പറഞ്ഞപ്പോള്‍ ‘ഇറച്ചി മണ്ണില്‍ പെരങ്ങുന്ന ഒരു പരിപാടിക്കും ഞമ്മളില്ലെന്നും” പറഞ്ഞു രണ്ടാളും തടി തപ്പി. പിന്നെ സംഭാഷണം ഒന്നും നടന്നില്ല. ഞാന്‍ പോയി ചോറ് തിന്നു കിടന്നുറങ്ങി.

പിറ്റേന്ന് രാവിലെ എഴുന്നേറ്റപ്പോള്‍ കണ്ടു ഏട്ടന്‍ മണ്ണൊക്കെ മെല്ലെ മെല്ലെ വെട്ടി മാറ്റി കോട്ടയിലാക്കി ദൂരെ കളയുന്നു. അത് കണ്ടു ഞാനും കൂടെ കൂടി. ഏതായാലും വെറുതെ ഇരിക്കയല്ലേ…പണി ഒന്നും എടുക്കാതെ 21 ദിവസം വീട്ടിലിരിക്കെയാണേല്‍ അമ്മ തീറ്റിച്ചു തീറ്റിച്ചു മറ്റൊരു അങ്കിള്‍ ബണ്ണാക്കി മാറ്റുമെന്ന് എനിക്കറിയാമായിരുന്നു. ചായ കുടി കഴിഞ്ഞു ചോറിനു വെള്ളം അടുപ്പത്തു വച്ചു ഏട്ടത്തി അമ്മയും മെല്ലെ വന്നു സഹായിച്ചു തുടങ്ങി. പിന്നെ അമ്മ പണിയെടുക്കുന്നത് കണ്ടു അലിവ് തോന്നി മകള്‍ ചിഞ്ചു എന്ന ബിന്‍ഷായും സാവധാനം അമ്മയെ സഹായിച്ചു തുടങ്ങി. വേറെ ‘രക്ഷ ‘ ഇല്ല എന്ന് കരുതി പബ്ജി കളിച്ചു സമയം കൊന്നിരുന്ന അപ്പുവും സാവധാനം ഇറങ്ങി സഹായിക്കാന്‍ തുടങ്ങി …

ഒന്നാമത്തെ ദിവസം കൊണ്ട് തന്നെ മണ്ണിട്ട് മൂടിയ അത്രയും മണ്ണൊക്കെ എടുത്തു രണ്ടു കോലു പൂര്‍ത്തിയാക്കി. രണ്ടാമത്തെ ദിവസം കുഴി തുടങ്ങി… മൂന്നാമത്തെ ദിവസം ഉരുളും കമ്പയും കൊണ്ട് വന്നു കുഴിച്ചിട്ടു. മണ്ണ് കോരാന്‍ എനിക്കാവില്ലെന്നു ആദ്യമേ പറഞ്ഞത് കാരണം ഏട്ടത്തി അമ്മ തന്നെ പേടിയോടെ മുത്തപ്പന്‍ ദൈവത്തെ നൂറു പ്രാവശ്യം വിളിച്ചു പ്രാര്‍ത്ഥിച്ചു കയറു പിടിച്ചു ഇറങ്ങാനും കയറാനും തുടങ്ങി. അത്ഭുതം എന്നേ പറയേണ്ടൂ 8 കോലു വരെ ഏട്ടത്തി അമ്മ കമ്പ പിടിച്ചു ഒറ്റക് കയറുകയും ഇറങ്ങുകയും ചെയ്തത് എന്നെ ഏറെ അത്ഭുതപ്പെടുത്തി. ഏട്ടന്‍ ഓരോ കോലു കുഴിക്കുമ്പോഴും ഏട്ടത്തി അമ്മയായിരുന്നു ആ മണ്ണ് മുഴുവന്‍ വാരി കോട്ടയിലാക്കി തന്നിരുന്നത്. ഞാന്‍ ഒക്കെ ആയിരുന്നേല്‍ പത്തു കോട്ട കോരുമ്പോഴേക്കും തളര്‍ന്നു വീഴുമായിരുന്നു… ഞാനും അപ്പൂസും മാറി മാറി വലിച്ചു.. തളര്‍ന്നപ്പോള്‍ ചിഞ്ചു പിറകില്‍ നിന്ന് വലിച്ചു സഹായിച്ചു.. നമ്മള്‍ മൂന്നു പേരും ‘ചെയ്യുന്നത് വൃത്തിയില്‍ ചെയ്യണം എന്ന വിശ്വാസത്തില്‍ ഓരോ കോട്ട മണ്ണും അവിടെ തന്നെ ഇടാതെ അങ്ങ് ദൂരെ കല്ല് വെട്ടിയ കുഴിയില്‍ പോയി കുഴി നികത്തി കൊണ്ടിരുന്നു. ഒരു കോലെങ്കിലും ഒരു ദിവസം തീര്‍ക്കണം എന്ന വാശിയില്‍ കൈ പൊട്ടി വേദനയോടെ പുളഞ്ഞപ്പോഴും ഏതോ ഒരു അദ്രുശ്യ ശക്തി നമുക്ക് പിറകില്‍ നിന്നും പിന്തുണയും നല്‍കുന്നതായി പലപ്പോഴും തോന്നി. ഇല്ലെങ്കില്‍ ഇതൊന്നും നമ്മളെ കൊണ്ട് മാത്രം ചെയ്യാന്‍ കഴിയുമായിരുന്നില്ല എന്നതാണ് സത്യം.

പിറ്റേന്ന് ഞാന്‍ ഫോട്ടോകള്‍ ഒക്കെ ഫേസ്ബുക്കില്‍ അപ്ലോഡ് ചെയ്തു ഇങ്ങനെ ഒരു കാര്യം തുടങ്ങിയ കാര്യം സുഹൃത്തുക്കളെ അറിയിച്ചു. അത്ഭുതം കൂടി പലരും കമന്റ് ഇട്ടപ്പോള്‍ അത് വായിച്ചപ്പോള്‍ വല്ലാത്തൊരു എനര്‍ജി നമുക്ക് ഫീല്‍ ചെയ്തു. പിറ്റേ ദിവസം മുതല്‍ പലരും ഇന്‍ബോക്‌സില്‍ വന്നു ചോദിക്കാന്‍ തുടങ്ങി എന്തായി കിണറിന്റെ കാര്യം എന്ന്.അതും പ്രത്യേക ഊര്‍ജ്ജമായി…. തൊട്ടടുത്ത തറവാട്ടിലെ കിണറ്റിന്റെ ആഴം 28 കോല്‍ ആയിരുന്നു.. കുറഞ്ഞത് 25 കൊലെങ്കിലും വേണമെന്നു എല്ലാ നാട്ടു വിദഗ്ധരും അഭിപ്രായം പറഞ്ഞതിനാല്‍ ഈ ലോക്കഡൗണില്‍ വെള്ളം കാണുമെന്നു ഒരു പ്രതീക്ഷയും നമുക്ക് ഉണ്ടായിരുന്നില്ല (പത്തു മീറ്റര്‍ ദൂരെയുള്ള തറവാട്ടിലെ കിണറിന്റെ ചിത്രം അവസാനം കൊടുത്തിരിക്കുന്നു )

ഇതിപ്പോള്‍ കണ്ണുകളെ വിശ്വസിക്കാന്‍ കഴിയുന്നില്ല. എല്ലാം സ്വപ്നം പോലെ.. കേവലം 15 ദിവസം കൊണ്ട് 16 കോലില്‍ വെള്ളം കണ്ടിരിക്കുന്നു. വലിയേട്ടന്‍ രണ്ടു ദിവസം കിണറ്റിലിറങ്ങി മണ്ണ് കുഴിക്കാനും കോരിയിടാനും സഹായിച്ചതോടെ പണി കൂടുതല്‍ ആയാസരഹിതമായി ഒരു കോലു കുഴിച്ചതു ഒന്നരക്കോലായി മാറി. കേവലം മുത്തപ്പന്റെ അനുഗ്രഹം. അനുഗ്രഹമല്ലാതെ മറ്റൊന്നുമല്ല. ‘വെള്ളം കണ്ടു ബീനേ’ എന്ന് ഏട്ടന്‍ താഴെ കിണറ്റില്‍ നിന്നും വിളിച്ചു പറഞ്ഞപ്പോള്‍ ഏട്ടത്തി അമ്മ സന്തോഷം കൊണ്ട് കരഞ്ഞു പോയി എന്നതാണ് സത്യം. ആ സന്തോഷക്കണ്ണീര് ഫോട്ടോ എടുക്കാന്‍ പറ്റിയില്ല.. കാരണം ഞാനും അത്തരമൊരു അവസ്ഥയിലായിരുന്നു. നമ്മള്‍ ഓരോരുത്തരും മാറി മാറി കിണറ്റിലിറങ്ങി. ഏട്ടത്തി അമ്മ പണം കിണറ്റിലേക്കിട്ടു. എല്ലാം ദിവസവും കിണറ്റിലിറങ്ങിയ ഏട്ടത്തി അമ്മ ഇന്നു കിണറ്റിലിറങ്ങിയില്ല. പാവം….പായസം വയ്ക്കുമ്പോള്‍ പോലും യെന്താണ് ചെയ്യേണ്ടതെന്നറിയാതെ പരിഭ്രാന്തിയിലായിരുന്നു…

പണത്തിന്റെ ലാഭം എന്നതിലുപരി ജീവിതകാലം മുഴുവന്‍ നമ്മളുടെ ദാഹം തീര്‍ക്കാന്‍ ആ കിണര്‍ അവിടുണ്ടാകുമല്ലോ എന്ന പ്രതീക്ഷയാണ് കൂടുതല്‍ സന്തോഷോപ്പിക്കുന്നത്. ഈ ഒരു എളിയ പ്രവര്‍ത്തി നിങ്ങളില്‍ പലര്‍ക്കും പ്രചോദനം നല്‍കുന്നു എന്നത് തന്നെ വളരെ വലിയ കാര്യം. ഇനിയുള്ള കല്ലിന്റെ വര്‍ക്കൊക്കെ, പടകെട്ടാനുള്ള വര്‍ക്കൊക്കെ ലോക്കഡൗണിനു ശേഷം ഏട്ടനും അവരുടെ വലിയ പുലിക്കുട്ടികളും ഒക്കെ ചെയ്തു തീര്‍ക്കട്ടെ. നമുക്കാവുന്നതു നമ്മള്‍ ചെയ്തു…. ഒരിക്കല്‍ കൂടി എല്ലാവരുടെയും സ്‌നേഹ പ്രാര്‍ത്ഥനകള്‍ക്ക് ഒരു പാട് നന്ദി അറിയിക്കുന്നു കൂടാതെ ഏട്ടത്തി അമ്മയും എന്റെ അമ്മയും കൂടി ഈ പുതുവെള്ളം ചേര്‍ത്ത് ഉണ്ടാക്കിയ ഈ പായസം (പ്രഥമന്‍ ) എല്ലാവര്‍ക്കും സ്‌നേഹപൂര്‍വ്വം നല്‍കാന്‍ ആഗ്രഹിക്കുന്നു… .എല്ലാവരും ഷെയര്‍ ചെയ്തെടുത്താട്ടേ ..ഏട്ടത്തിയമ്മയുടെ പ്രത്യേക ആശംസകള്‍..നരിക്കോടന്‍ ഷനീഷ് 9526618638

https://www.facebook.com/rishivaryan/videos/pcb.3092478644136813/3092478534136824/?type=3&theater

shortlink

Related Articles

Post Your Comments

Related Articles


Back to top button