ചെന്നൈ: 18 കാരിയെ കൊലപ്പെടുത്തിയ 17 കാരിയായ സഹോദരിയും 19 കാരനായ കാമുകനും അറസ്റ്റില്‍. പ്രണയത്തെ എതിര്‍ത്തതിനും മാതാപിതാക്കളോട് പറഞ്ഞതിന്റെ ദേഷ്യത്തിലുമാണ് തമിഴ്നാട് നാമക്കല്‍ ദേവേന്ദ്രപുരം സ്വദേശി ശങ്കറിന്റെ മകള്‍ മോനിഷയെ 17 വയസ്സുകാരിയും കാമുകനും ചേര്‍ന്ന് കൊലപ്പെടുത്തിയത്. സംഭവത്തില്‍ ശങ്കറിന്റെ ഇളയ മകളായ 17 വയസ്സുകാരിയെയും കാമുകനായ രാഹുലിനെയും പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രണയത്തെ എതിര്‍ത്തതിനും മാതാപിതാക്കളോട് പറഞ്ഞതിന്റെ ദേഷ്യത്തിലുമാണ് ഇരുവരും ചേര്‍ന്ന് മോനിഷയെ കൊലപ്പെടുത്തിയത്.
ഏപ്രില്‍ നാലിന് മോനിഷയെ ഇടതുകൈയില്‍ മുറിവേറ്റ് രക്തം വാര്‍ന്നനിലയില്‍ വീട്ടിനുള്ളില്‍ അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു. ഉടന്‍തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. എല്ലാവരും ആദ്യം ആത്മഹത്യയാണെന്നാണ് കരുതിയിരുന്നെങ്കിലും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നതോടെ ശ്വാസംമുട്ടിയാണ് മോനിഷ കൊല്ലപ്പെട്ടതെന്ന് പൊലീസിന് മനസിലായി.
ഇതോടെ കുടുംബാംഗങ്ങളെ പോലീസ് വിശദമായി ചോദ്യംചെയ്യുന്നതിനിടെ 17 വയസ്സുകാരിയുടെ മറുപടി പരസ്പരവിരുദ്ധമായി തോന്നിയതിനെ തുടര്‍ന്ന് ഈ പെണ്‍കുട്ടിയെ കേന്ദ്രീകരിച്ചായി അന്വേഷണം. പിന്നീട് സഹോദരിയെ കൊലപ്പെടുത്തിയത് താനും കാമുകനും ചേര്‍ന്നാണെന്ന് പെണ്‍കുട്ടി പൊലീസിനോട് സമ്മതിച്ചു. അടുത്ത ബന്ധുവായ രാഹുലും 17 വയസ്സുകാരിയും തമ്മില്‍ പ്രണയത്തിലായിരുന്നു. എന്നാല്‍ ഈ ബന്ധത്തെ മോനിഷ എതിര്‍ക്കുകയും മാതാപിതാക്കളെ അറിയിക്കുകയും ചെയ്തു. രാഹുലിനെ സഹോദരനെപ്പോലെ കാണണമെന്നും മോനിഷ സഹോദരിയോട് പറഞ്ഞു.
എന്നാല്‍ വീട്ടില്‍ നിന്നും മാതാപിതാക്കള്‍ പുറത്തുപോയ സമയം നോക്കി 17 കാരി കാമുകനായ രാഹുലിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി മോനിഷയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം സംഭവം ആത്മഹത്യയാണെന്ന് വരുത്തിതീര്‍ക്കാന്‍ ഇടതുകൈയില്‍ മുറിവേല്‍പ്പിക്കുകയും ചെയ്യുകയായിരുന്നു. കസ്റ്റഡിയിലെടുത്ത പ്രതികളെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം റിമാന്‍ഡ് ചെയ്തു. കൊല്ലപ്പെട്ട മോനിഷ നാമക്കലിലെ എന്‍ജിനീയറിങ് കോളേജില്‍ രണ്ടാം വര്‍ഷ ബി.ടെക്ക് വിദ്യാര്‍ഥിയാണ്.
Post Your Comments