KeralaLatest NewsNews

അവശ്യസാധനങ്ങളുടെ വില വർദ്ധിപ്പിച്ചു; പ്രതിസന്ധിക്കാലത്ത് ജനങ്ങളെ സർക്കാർ കൊള്ളയടിക്കുന്നു: കെ.സുരേന്ദ്രൻ

തിരുവനന്തപുരം: നിത്യോപയോഗ സാധനങ്ങളുടെ വില വർദ്ധിപ്പിച്ച് കോവിഡ് പ്രതിസന്ധിക്കാലത്ത് സർക്കാർ ജനങ്ങളെ കൊള്ളയടിക്കുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ പറഞ്ഞു. പൊതുവിപണിയിൽ നിത്യോപയോഗ സാധന വില തോന്നും പോലെയാണ്. അത് നിയന്ത്രിക്കാൻ യാതൊരു നടപടിയും സർക്കാർ സ്വീകരിക്കുന്നില്ല. ഇപ്പോൾ സപ്ലൈകോ വഴി നൽകുന്ന സാധനങ്ങളുടെയും വില വർദ്ധിപ്പിച്ച് സർക്കാരും ജനങ്ങളെ കൊള്ളയടിക്കുകയാണെന്ന് സുരേന്ദ്രൻ പറഞ്ഞു.

അരിക്കും ചെറുപയറിനും മുളകിനും പഞ്ചസാരയ്ക്കും അടക്കം വില കൂട്ടി. കുറുവ അരിക്ക് 5 രൂപയും ചെറുപയറിന് 10 രൂപയുമാണ് കൂട്ടിയത്. പഞ്ചസാരയ്ക്കും മുളകിനും വില കൂട്ടി. കോവിഡ് വ്യാപന നിയന്ത്രണങ്ങളെ തുടർന്ന് നിത്യവരുമാനക്കാരായ ജനങ്ങൾ വലിയ സാമ്പത്തിക പ്രയാസത്തിലാണ്. ധൂർത്തു നടത്തി സാമ്പത്തിക പ്രതിസന്ധിയിലായ സർക്കാരിന് വരുമാനമുണ്ടാക്കാൻ ജനങ്ങളുടെ മടിക്കുത്തിനു പിടിക്കുകയല്ല വേണ്ടതെന്ന് സുരേന്ദ്രൻ പറഞ്ഞു.

സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ റിസർവ് ബാങ്കിനെക്കൊണ്ട് കറൻസി നോട്ട് അച്ചടിപ്പിച്ചിറക്കണമെന്ന വിഡ്ഢിത്തരം പറഞ്ഞ ധനമന്ത്രിയാണിപ്പോൾ കേരളത്തിന്റെ ശാപം. ധനകാര്യ മാനേജ്മെന്റിൽ അമ്പേ പരാജയപ്പെട്ട തോമസ് ഐസക്കിനെ ആ സ്ഥാനത്തു നിന്ന് മാറ്റി കേരളത്തെ രക്ഷിക്കുകയാണ് വേണ്ടത്. സപ്ലൈകോയിൽ സാധന വില വർദ്ധിപ്പിച്ച നടപടി സർക്കാർ അടിയന്തിരമായി പിൻവലിക്കണം. പൊതുവിപണിയിലെ വില വർദ്ധന നിയന്ത്രിക്കാനുള്ള നടപടികളുണ്ടാകണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button