KeralaLatest NewsNews

സമൂഹ പങ്കാളിത്തത്തോടെ സര്‍ക്കാര്‍ നടത്തുന്ന ഇടപെടലുകള്‍ ഒരു പരിധി വരെ വിജയിക്കുന്നതായാണ് ആദ്യ സൂചനകള്‍ നല്‍കുന്ന പ്രത്യാശ. അത് തുടര്‍ന്ന് പോകണമെങ്കില്‍ ഇനിയങ്ങോട്ട് അതീവ ജാഗ്രത പാലിച്ചേ പറ്റൂ : മുന്നറിയിപ്പുമായി ഡോക്ടറുടെ കുറിപ്പ്

കണ്ണൂർ : കോവിഡിനെതിരെ രണ്ടു മാസത്തോളമായി സര്‍ക്കാരും ആരോഗ്യ പ്രവര്‍ത്തകരും കിണഞ്ഞു പരിശ്രമിച്ചിട്ടും മാദ്ധ്യമങ്ങള്‍ പരിപൂര്‍ണ്ണമായി ഏറ്റെടുത്തിട്ടും ജനത്തിന്റെ ബിഹേവിയറില്‍ സമൂലമായ മാറ്റം വന്നതായി കാണുന്നില്ലെന്ന വിമർശനവുമായി പരിയാരം മെഡിക്കല്‍ കോളേജ് മേധാവിയായ ഡോ കെ സുധീപ്. പരിമിതമായ വിഭവ പശ്ചാത്തലവും തരക്കേടില്ലാത്ത മനുഷ്യ വിഭവശേഷിയുമുള്ള കേരളത്തെപ്പോലുള്ള ഒരിടത്ത് സമൂഹ പങ്കാളിത്തത്തോടെ സര്‍ക്കാര്‍ നടത്തുന്ന ഇടപെടലുകള്‍ ഒരു പരിധി വരെ വിജയിക്കുന്നതായാണ് ആദ്യ സൂചനകള്‍ നല്‍കുന്ന പ്രത്യാശ. അത് തുടര്‍ന്ന് പോകണമെങ്കില്‍ ഇനിയങ്ങോട്ട് അതീവ ജാഗ്രത പാലിച്ചേ പറ്റൂ എന്നും അദ്ദേഹം ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ മുന്നറിയിപ്പ് നൽകുന്നു.

Also read : കോവിഡിനെ ഇന്ത്യ അതിജീവിയ്ക്കും…ഇന്ത്യ വിജയിക്കും…കോവിഡിനെതിരെ പോരാടാന്‍ ഗാനമൊരുക്കി ബോളിവുഡ് താരങ്ങള്‍ : വീഡിയോ പങ്കുവെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ലോക്ക് ഡൗണ്‍ അവസാനിക്കുന്നതോടെ സാമൂഹിക അച്ചടക്കത്തിന്റെ നാളുകള്‍ കഴിഞ്ഞു എന്ന് ധരിച്ചുവശാകരുത്. വരാന്‍ പോകുന്നത് കഴിഞ്ഞു പോയതിലും കടുത്ത സമൂഹജാഗ്രതയും നിയന്ത്രണങ്ങളും വേണ്ടുന്ന കാലമാണ്. അതിനായുള്ള മുന്‍ കരുതലുകള്‍ സര്‍ക്കാര്‍ സ്വീകരിച്ചു വരുമ്ബോള്‍ നേരിയ അലംഭാവം പോലും സമൂഹത്തിന്റെ ഭാഗത്തു നിന്നും ഉണ്ടാകാന്‍ പാടില്ല. മൂപ്പര് വെറുതെ വന്ന് വിരുന്നുമുണ്ട് തിരിച്ചു പോവാന്‍ വന്ന ടൈപ്പല്ല. അഞ്ചാറ് മാസം തികയ്ക്കാതെ ഷോ അവസാനിക്കാനും പോകുന്നില്ലെന്നും അദ്ദേഹം ഫേസ്ബുക് പോസ്റ്റിലൂടെ പറഞ്ഞു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം ചുവടെ

പ്രിയരേ,

ഞായറാഴ്ചയായിട്ടും പുതിയ സാഹചര്യം കാരണം ആശുപത്രിയിൽ പോകുന്നു. മെഡിക്കൽ ബോർഡ് കഴിഞ്ഞ് തിരിച്ചു വരുമ്പോൾ വിളയാങ്കോടു മുതൽ കരിവെള്ളൂർ വരെയുള്ള കൊച്ചു അങ്ങാടികളിലെല്ലാം ആൾപ്പെരുമാറ്റമുണ്ട്. രണ്ടു മാസത്തോളമായി സർക്കാരും ആരോഗ്യ പ്രവർത്തകരും കിണഞ്ഞു പരിശ്രമിച്ചിട്ടും മാദ്ധ്യമങ്ങൾ പരിപൂർണ്ണമായി ഏറ്റെടുത്തിട്ടും ജനത്തിന്റെ ബിഹേവിയറിൽ സമൂലമായ മാറ്റം വന്നതായി കാണുന്നില്ല. സ്പാനിഷ് ഫ്ലൂ (1918 – 20 ; രോഗബാധിതർ 50 കോടി ; മരണം ഏകദേശം 5 കോടി) – ന് ശേഷം ലോകം ദർശിച്ചു കൊണ്ടിരിക്കുന്ന അതിഭീകര പാൻഡെമിക് ! സ്പാനിഷ് ഫ്‌ളൂ, തൊട്ടുമുമ്പത്തെ തലമുറയോ നമ്മളോ കണ്ടിട്ടില്ല. കേട്ടറിവ് മാത്രം. അന്ന് രോഗാണു ശാസ്ത്രം ഒട്ടും വികസിതമായിരുന്നില്ല. ഇന്നാകട്ടെ മൂന്നു മാസം കൊണ്ട് തന്നെ വൈദ്യവിജ്ഞാനീയം കൊറോണ വൈറസിനെ പറ്റി വലിയ പഠിച്ചറിവ് നേടിക്കഴിഞ്ഞു. ദിനേനയെന്നോണം അപ്ഡേറ്റുകൾ , മുന്നറിയിപ്പുകൾ, തിരുത്തലുകൾ. ഒരു പരിധി വരെ സാമാന്യ ജനത്തിനും ശാസ്ത്രം ഇവയെല്ലാം പരിഭാഷപ്പെടുത്തി നൽകുന്നുണ്ട് :

അകത്തിരിക്കുക. പുറത്തിരിക്കുമ്പോൾ അകലത്തിലിരിക്കുക. അണു വരുന്ന വഴി അടക്കാൻ മൂക്കും വായയും കാക്കുക – അരികെ ഇരിക്കുന്നവർക്കു കൊടുക്കാതിരിക്കാനും . വിരലുകൾ കൊണ്ടു തൊട്ട് മുഖത്ത് വൈറസിന് സന്ദർശക പുസ്തകത്തിലൊപ്പ് ചാർത്താൻ ഇടം കൊടുക്കാതിരിക്കുക- സിംപിളും പവർ ഫുള്ളുമായ മെസേജുകൾ ഇത്ര മാത്രം! കർച്ചീഫ് മൂക്കിന്മേൽ ബന്ധിച്ചാൽ എല്ലാമായി എന്നാണ് പലരും ധരിച്ചു വശായിരിക്കുന്നത്. തുളയില്ലാത്ത കർച്ചീഫിലൂടെ എങ്ങനെ അകത്തു കയറും എന്ന് ശങ്കിച്ചു നിൽക്കുന്ന കൊറോണത്തപ്പൻ ആണ് ഈ വിഷുക്കാലത്തെ രസികൻ ഓണക്കാഴ്ച.
മൂപ്പര് വെറുതെ വന്ന് വിരുന്നുമുണ്ട് തിരിച്ചു പോവാൻ വന്ന ടൈപ്പല്ല. അഞ്ചാറ് മാസം തികയ്ക്കാതെ ഷോ അവസാനിക്കാനും പോകുന്നില്ല. വലിയ സംവിധായകരൊന്നുമാവശ്യമില്ലാത്ത തെരുവുനാടകം കളിക്കാൻ അദ്ദേഹത്തെ അനുവദിച്ചാൽ അങ്ങേര് കൊടുത്തേ പോകൂ ; കൊണ്ടേ പോകൂ. അമ്മാതിരി തെരുവുനാടകങ്ങളാണ് ഇറ്റലി, സ്പെയിൻ ഇപ്പോൾ അമേരിക്ക തുടങ്ങിയ മഹാ വികസിത രാജ്യങ്ങളിൽ നടക്കുന്നത്. ചരിത്രവും തൊട്ടു മുന്നിലെ (ചൈനീസ്) ദൃഷ്ടാന്തങ്ങളും അവഗണിച്ചതിന്റെ വില! പുകൾപെറ്റ ക്യാപ്പിറ്റലിസ്റ്റ് ആരോഗ്യ മാതൃകകളും സംവിധാനങ്ങളും പകച്ചു നിൽക്കുന്ന ട്രാജഡി . അങ്ങനെയേ വരൂ.

രോഗബാധയും പരിമിത(sub clinical) രോഗപീഢയും വഴി സമൂഹ പ്രതിരോധം (herd immunity) കൈവരിച്ച് കൊറോണയെ നേരിടാം എന്ന് കരുതി കൈയും കെട്ടിയിരുന്നാൽ ലക്ഷങ്ങളെ മടിക്കുത്തിലാക്കിക്കൊണ്ടേ അദ്ദേഹം സ്ഥലം വിടുകയുള്ളൂ. പരിമിതമായ വിഭവ പശ്ചാത്തലവും തരക്കേടില്ലാത്ത മനുഷ്യ വിഭവശേഷിയുമുള്ള കേരളത്തെപ്പോലുള്ള ഒരിടത്ത് സമൂഹ പങ്കാളിത്തത്തോടെ സർക്കാർ നടത്തുന്ന ഇടപെടലുകൾ ഒരു പരിധി വരെ വിജയിക്കുന്നതായാണ് ആദ്യ സൂചനകൾ നൽകുന്ന പ്രത്യാശ. അത് തുടർന്ന് പോകണമെങ്കിൽ ഇനിയങ്ങോട്ട് അതീവ ജാഗ്രത പാലിച്ചേ പറ്റൂ. ലോക്ക് ഡൗൺ അവസാനിക്കുന്നതോടെ സാമൂഹിക അച്ചടക്കത്തിന്റെ നാളുകൾ കഴിഞ്ഞു എന്ന് ധരിച്ചുവശാകരുത്. വരാൻ പോകുന്നത് കഴിഞ്ഞു പോയതിലും കടുത്ത സമൂഹജാഗ്രതയും നിയന്ത്രണങ്ങളും വേണ്ടുന്ന കാലമാണ്. അതിനായുള്ള മുൻ കരുതലുകൾ സർക്കാർ സ്വീകരിച്ചു വരുമ്പോൾ നേരിയ അലംഭാവം പോലും സമൂഹത്തിന്റെ ഭാഗത്തു നിന്നും ഉണ്ടാകാൻ പാടില്ലാത്തതാണ്. കഴിഞ്ഞ രണ്ടാഴ്ചയായി കിളികളുടെ ശബ്ദഘോഷങ്ങൾ പുലർകാലത്ത് കൂടിയിട്ടുണ്ടെന്നാണ് പഴയ ഈ പക്ഷിനിരീക്ഷകന്റെ അനുഭവം. അങ്ങാടിക്കുരുവികൾക്ക് വംശനാശം സംഭവിച്ചതിന്റെ കുറവ് ഞങ്ങളിതാ തീർത്തു തരാം എന്നതിന് പകരം അതിജീവനത്തിന്റെ പുതിയൊരു കേരള മോഡൽ ഞങ്ങൾ ലോകത്തിന് കാണിച്ചു തരാം എന്ന് എഴുത്തിന്റെ തലവാചകം മാറ്റാൻ സദയം അനുവദിക്കുമാറാകണം

– ഡോ: കെ.സുദീപ്
05-04-20

https://www.facebook.com/drksudeep/posts/2852783394837933

shortlink

Related Articles

Post Your Comments

Related Articles


Back to top button