KeralaLatest NewsNews

കുടുംബശ്രീയിലൂടെ നൽകുന്ന 2000 കോടി രൂപയുടെ വായ്പ കേരള ബാങ്ക് ശാഖകളിലൂടെയും നൽകും

തിരുവനന്തപുരം•സർക്കാർ കുടുംബശ്രീയിലൂടെ നൽകുന്ന 2000 കോടി രൂപയുടെ വായ്പ കേരള ബാങ്കിന്റെ എല്ലാ ശാഖകളിലൂടെയും നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.

സന്നദ്ധസേനയിലേക്ക് രജിസ്റ്റർ ചെയ്ത സന്നദ്ധം വളണ്ടിയർമാരുടെ എണ്ണം 2.49 ലക്ഷമായി ഉയർന്നു. പിഎസ്സി അഡൈ്വസ് മെമ്മോ ലഭിച്ച പലർക്കും ലോക്ക്ഡൗൺ കാരണം ജോയിൻ ചെയ്യാൻ കഴിഞ്ഞിട്ടില്ല. അക്കാര്യത്തിൽ വകുപ്പ് മേധാവികളും പിഎസ്സിയുമായി ബന്ധപ്പെട്ട് ആവശ്യമായ കാര്യങ്ങൾ ചെയ്യും. ജോലിക്കു പോകുന്ന ആശുപത്രി ജീവനക്കാരെയും അവരെ കൊണ്ടുവിടുന്നവരെയും ഔഷധവിൽപനശാലാ തൊഴിലാളികളെയും റോഡിൽ തടയരുതെന്ന് പൊലീസിന് ആവർത്തിച്ച് നിർദേശം നൽകിയിട്ടുണ്ട്. തടയുമ്പോൾ തന്നെ കാര്യം മനസ്സിലാക്കി അവരെ വിടാൻ കഴിയണം.

ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുക എന്ന ഉദ്ദേശത്തോടെ മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ചില പ്രചരണങ്ങൾ നടക്കുന്നുണ്ട്. മോഷ്ടാവിന്റെയും അജ്ഞാതജീവിയുടെയുമൊക്കെ പേരു പറഞ്ഞ് ഭയപ്പെടുത്തി ആൾക്കാരെ പുറത്തിറക്കുകയാണ് ഇത്തരം സന്ദേശങ്ങളുടെ ലക്ഷ്യം. ഇത് കണ്ടെത്തി തടയുന്നതിന് നടപടി ശക്തിപ്പെടുത്തും.

ഇൻകം സപ്പോട്ട് പദ്ധതിയിൽ ഖാദി തൊഴിലാളികൾക്ക് 14 കോടി രൂപ അനുവദിച്ചു. അൺ അറ്റാച്ച്ഡ് വിഭാഗം തൊഴിലാളികൾക്ക് വേതനനഷ്ടം പരിഹരിക്കുന്നതിന് 24 കോടി രൂപ വേതന അഡ്വാൻസ് നൽകാൻ കേരള ചുമട്ടുതൊഴിലാളി ക്ഷേമനിധി ബോർഡ് തീരുമാനിച്ചു. അതിനുപുറമെ 12 കോടി രൂപ റിക്കറവി ഇളവു നൽകും. തൃശൂർ ജില്ലയിൽ 5250 റാപ്പിഡ് ടെസ്റ്റ് കിറ്റ് വാങ്ങുന്നതിന് തൃശൂർ എംപി ടി എൻ പ്രതാപന്റെ ആസ്തി വികസന ഫണ്ടിൽനിന്ന് ഒരു കോടി രൂപ അനുവദിച്ചതായി അദ്ദേഹം അറിയിച്ചിട്ടുണ്ട്.

മാർച്ച് 1 മുതൽ 20 വരെ ക്ഷീരസംഘങ്ങളിൽ പാലളന്ന എല്ലാ ക്ഷീരകർഷകർക്കും അളന്ന ഓരോ ലിറ്റർ പാലിനും ഒരു രൂപ വീതം ആശ്വാസധനമായി ക്ഷേമനിധി ബോർഡ് ക്ഷീരസംഘങ്ങൾക്ക് നൽകും. ഒരു ക്ഷീരകർഷകനു കുറഞ്ഞത് 250 രൂപയും പരമാവധി 1000 രൂപയുമാണ് ലോക്ക്ഡൗൺ അവസാനിക്കുന്ന തീയതിക്ക് മുൻപ് നൽകുക.

കോവിഡ് ബാധിതരായ ക്ഷീരകർഷകർക്ക് ഓരോരുത്തർക്കും 10,000 രൂപയും നിരീക്ഷണത്തിലുള്ള ക്ഷീര കർഷകർക്ക് 2000 രൂപയും ധനസഹായം നൽകും. ക്ഷേമനിധി അംഗങ്ങൾക്കു മാത്രമാണ് ഈ ആനുകൂല്യം.

കലാകാരൻമാരുടെ ഈ മാസത്തെ പെൻഷൻ തുക അടുത്തദിവസം മുതൽ അക്കൗണ്ടുകളിൽ എത്തും. ഈ മാസം പുതുതായി 158 പേർക്ക് പെൻഷൻ അനുവദിച്ചിട്ടുണ്ട്. സാംസ്‌കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ് ഏപ്രിൽ മാസത്തെ പെൻഷൻ, ചികിത്സാ സഹായം എന്നിവ ബാങ്ക് അക്കൗണ്ടുകളിലേക്ക് ക്രെഡിറ്റ് ചെയ്തു. ക്ഷേമനിധി ബോർഡ് ഒരുകോടി രൂപയാണ് കലാകാരൻമാർക്ക് വിതരണം ചെയ്യുന്നതെന്നും മുഖ്യമന്ത്രി അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button