തൃശൂര്‍: സംസ്ഥാനത്ത് ബാങ്കുകളുടെ പ്രവര്‍ത്തന സമയത്തില്‍ ഇന്ന് മുതല്‍ മാറ്റം. കൊറോണ വൈറസ് പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ വീണ്ടും സംസ്ഥാനത്തെ ബാങ്കുകളുടെ പ്രവര്‍ത്തനം തിങ്കളാഴ്ച മുതല്‍ രാവിലെ 10 മുതല്‍ ഉച്ചക്ക് രണ്ടുവരെയാക്കി.
പെന്‍ഷന്‍, ശമ്പളം, വിവിധ സഹായ പദ്ധതികളുടെ തുക എന്നിവയുടെ തിരക്ക് പരിഗണിച്ച് 10 മുതല്‍ നാലുവരെയാക്കാന്‍ ബാങ്കിങ് സമിതി ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ 31 മുതല്‍ ശനിയാഴ്ച വരെയായിരുന്നു നാലുവരെയുള്ള പ്രവൃത്തിസമയം. എന്നാല്‍ സാഹചര്യം അവലോകനം ചെയ്യുകയും സംസ്ഥാന സര്‍ക്കാര്‍ ഉള്‍പ്പെടെ വിവിധ വിഭാഗങ്ങളുമായി ചര്‍ച്ച നടത്തുകയും ചെയ്തതിന്റെ അടിസ്ഥാനത്തില്‍ അടുത്ത തിങ്കളാഴ്ച മുതല്‍ വ്യാഴാഴ്ച വരെ സമയം വീണ്ടും 10 മുതല്‍ രണ്ടുവരെയാക്കുകയാണെന്ന് എസ്.എല്‍.ബി.സി അറിയിച്ചു.
അതേസമയം,സര്‍വ്വീസ് പെന്‍ഷന്‍കാര്‍ക്കും ജന്ധന്‍ യോജന അക്കൗണ്ടുള്ള വനിതകള്‍ക്കും തുക വിതരണത്തിന് ക്രമീകരണം ഏര്‍പ്പെടുത്തി.
ഇതനുസരിച്ച് ആറ്, ഏഴ് എന്നീ അക്കങ്ങള്‍ അവസാന നമ്പറായ അക്കൗണ്ട് നമ്പറുള്ള പെന്‍ഷന്‍കാര്‍ക്ക് തിങ്കളാഴ്ചയും ഏഴ്, എട്ട് എന്നിവ അവസാന അക്കമുള്ളവര്‍ക്ക് ഏഴിനും പെന്‍ഷന്‍ വിതരണം ചെയ്യും. ജന്ധന്‍ യോജന അക്കൗണ്ട് നമ്പര്‍ നാല്, അഞ്ച് അക്കങ്ങളില്‍ അവസാനിക്കുന്നവര്‍ക്ക് ഏഴിനും ആറ്, ഏഴ് എന്നിവയില്‍ അവസാനിക്കുന്നവര്‍ക്ക് എട്ടിനും എട്ട്, ഒമ്പത് എന്നിവ അവസാന അക്കമായ അക്കൗണ്ടുകാര്‍ക്ക് ഒമ്പതിനുമാണ് ആനുകൂല്യ വിതരണം.
Post Your Comments